രണ്ടിടത്തിറങ്ങി, രണ്ടിടത്തും പരാജയപ്പെട്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം

- Advertisement -

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഇന്നലെ പരാജയങ്ങളുടേതായിരുന്നു. ഇറങ്ങിയ രണ്ടു ഗ്രൗണ്ടുകളിലും വൻ പരാജയമാണ് അവർ നേരിട്ടത്, ഒളവണ്ണയിലും പാലക്കാടും. ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം നേരിട്ടത് ഹയർ സബാൻ കോട്ടക്കലിനെ ആയിരുന്നു. സൂപ്പറുമായുള്ള തങ്ങളുടെ സീസണിലെ ആദ്യ ഏറ്റുമുട്ടൽ ഗംഭീരമായി തന്നെ ഹയർ സബാൻ ആഘോഷിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം. ഇന്ന് ഒളവണ്ണയിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് മെഡിഗാഡ് അരീക്കോടിനെ നേരിടും.

പാലക്കാടും കനത്ത പരാജയം തന്നെയായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെ കാത്തു നിന്നത്. എ വൈ സി ഉച്ചാരക്കടവുമായി ഏറ്റുമുട്ടിയ സൂപ്പർ സ്റ്റുഡിയോ മലപ്പുറം രണ്ടിനെതിരെ നാലു ഗോളുകളുടെ പരാജയം പാലക്കാട് ഏറ്റുവാങ്ങി. എ വൈ സി ഉച്ചാരക്കടവ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ഇതിനു മുന്നേ ഷൊർണ്ണൂരിൽ വെച്ചാണ് അവസാനം പരാജയപ്പെടുത്തിയത്. ഇന്ന് പാലക്കാട് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ജവഹർ മാവൂരും തമ്മിലാണ് പോരാട്ടം.

പാലക്കാട് വലിയ വിജയം സ്വന്തമാക്കിയ എ വൈ സി ഉച്ചാരക്കടവ് പക്ഷെ മന്ദലാംകുന്നിൽ താരതമ്യേന കുഞ്ഞന്മാരായ ബേസ് പെരുമ്പാവൂരിന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബേസ് പെരുമ്പാവൂർ എ വൈ സി ഉച്ചാരക്കടവിനെ പരാജയപ്പെടുത്തിയത്. ഇന്ന് മന്ദലാംകുന്നിൽ ഹണ്ടേഴ്സ് കൂത്തുപറമ്പ് മെഡിഗാഡ് അരീക്കോടിനെ നേരിടും.

പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ ആദ്യ ദിവസം ഉദ്ഘാടന മത്സരം മഴയിൽ ഒലിച്ചുപോയെങ്കിലും രണ്ടാം രാത്രി മികച്ച ഫുട്ബോൾ മത്സരത്തോടെ സെവൻസ് ആരവം മുഴങ്ങി. ഫ്രണ്ട്സ് മമ്പാടും ജിയോണി മൊബൈൽ ഉഷാ എഫ് സിയും ഏറ്റുമുട്ടിയ മത്സരം പെനാൾട്ടി ഷൂട്ടൗട്ട് വരെ ഒപ്പത്തിനൊപ്പമാണ് നീങ്ങിയത്. പെനാൾട്ടിയിൽ ഫ്രണ്ട്സ് മമ്പാട് ഉഷാ എഫ് സി തൃശ്ശൂരിനെ മറികടന്ന് സീസണിൽ തങ്ങളുടെ അഞ്ചാം വിജയം സ്വന്തമാക്കി. ഇന്ന് പാലത്തിങ്ങൽ അൽ ശബാബ് തൃപ്പനച്ചി എഫ് സി പെരിന്തൽമണ്ണയെ നേരിടും.

മമ്പാട് അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ഒന്നിനെതിരെ നാലു ഗോളുകൾക്ക് അഭിലാഷ് എഫ് സി കുപ്പൂത്തിനെ തകർത്തെറിഞ്ഞു. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്കു വേണ്ടി ആൽബർട്ട് രണ്ടു  ഗോളുകൾ നേടി. സൽമാനും ഡി മറിയയുമാണ് ബാക്കി ഗോളുകൾ നേടിയത്. നാളെ മമ്പാട് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് എഫ് സി തിരുവനന്തപുരത്തെ നേരിടും.

 

Advertisement