ജയത്തോടെ ഫിഫയും സൂപ്പർ സ്റ്റുഡിയോയും, ജവഹറിനു തോൽവി

- Advertisement -

വമ്പന്മാരിറങ്ങിയ സെവൻസ് രാത്രിയിൽ ഫിഫാ മഞ്ചേരിയും അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോയും വിജയിച്ചു കയറിയപ്പോൾ ജവഹർ മാവൂരിനെ മറിച്ചിട്ട് ശാസ്ത മെഡിക്കൽസ് കരുത്തുകാട്ടി.

ചാവക്കാട് കരുത്തരായ ഫിഫാ മഞ്ചേരി സീസണിൽ വിയർത്തുകൊണ്ടു തുടങ്ങുന്നതാണ് കണ്ടത്.മഹാരാഷ്ട്രൻ കരുത്തുമായെത്തിയ മുംമ്പൈ എഫ് സി ശക്തമായ വെല്ലുവിളിയാണ് ഫിഫാ മഞ്ചേരിക്ക് ഉയർത്തിയത്.ആദ്യ പകുതിയിൽ ആക്രമണങ്ങൾ തുടർച്ചയായി അഴിച്ചുവിട്ട മുംബൈ എഫ് സിക്കു മുന്നിൽ സലാം എന്ന ഗോൾ കീപ്പർ മതിലായി നിന്നതും അവസരങ്ങൾ തുലയ്ക്കാൻ മുംബൈ മടികാണിക്കാത്തതും ഫിഫാ മഞ്ചേരിക്ക് രക്ഷയായി. ആദ്യ ഗോൾ കളിയുടെ ഗതിപോലെ തന്നെ മുംബൈ എഫ് സി നേടി. ആദ്യ പകുതി 1-0 എന്ന സ്കോറിന് മുംബൈക്ക് അനുകൂലമായി പിരിഞ്ഞു. രണ്ടാം പകുതിയിൽ പ്രതാപത്തിലേക്ക് തിരിച്ചെത്തിയ ഫിഫാ മഞ്ചേരി മുഫസ്സിലിലൂടെ സമനില ഗോൾ നേടി. കളി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഫിഫയ്ക്ക് അനുകൂലമായി ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിലെത്തിച്ച് അലെക്സി മുംബൈക്ക് ടൂർണമെന്റിൽ നിന്നു പുറത്തേകുള്ള വഴി കാണിച്ചു കൊടുത്തു.

picsart_11-24-12-19-33

കർക്കിടാംകുന്നിൽ ആദ്യ അങ്കത്തിനിറങ്ങിയ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ശക്തരായ അൽ ശബാബ് ത്രിപ്പനച്ചിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഈ സീസണിലും കരുത്തരായി തങ്ങളുണ്ടാവുമെന്ന് എതിരാളികളെ വിളിച്ചറിയിച്ചു. ആദ്യ പകുതിയിലാണ് മലപ്പുറം മഞ്ഞപ്പടയുടെ രണ്ടു ഗോളുകളൂം പിറന്നത്. വാവാച്ചിയും പാട്രിക്കുമാണ് ലക്ഷ്യം കണ്ടത്. സബാൻ കോട്ടക്കലിനെ 4-1ന് തകർത്ത അൽ ശബാബ് ത്രിപ്പനച്ചിയുടെ നിഴൽ മാത്രമേ ഇന്നലെ കർക്കിടാം കുന്നിൽ കണ്ടുള്ളൂ.

picsart_11-24-12-21-14

മങ്കടയിൽ ജവഹർ മാവൂരും ശാസ്ത മെഡിക്കൽസ് മണ്ണാർക്കാടും ഏറ്റുമുട്ടിയപ്പോൾ ശക്തർ ആരാണെന്നു തീരുമാനിക്കാൻ പെനാൾട്ടി ഷൂട്ടൗട്ട് വേണ്ടി വന്നു. പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഒരു ലോംഗ് റേഞ്ചർ എത്തിച്ച് ശാസ്ത മെഡിക്കൽസിന്റെ ബല്ലാക്കാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതിനു ശേഷം ഉണർന്നു കളിച്ച ജവഹർ മാവൂർ ആദ്യ പകുതിക്കു മുന്നേ ബംബയിലൂടെ സമനില പിടിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ തുലച്ച് രണ്ടു ടീമുകളും കളി പെനാൾട്ടിയിലേക്ക് എത്തിക്കുകയായിരുന്നു. ജവഹർ മാവൂർ സ്റ്റോപ്പർ ബേക്ക് ഹാരിസിന്റെ പെനാൾട്ടി വലയിലെത്താതിരുന്നപ്പോൾ ശാസ്ത മെഡിക്കൽസ് തൃശ്ശൂർ പെനാൾട്ടിയിൽ 5-4ന് വിജയിച്ച് പ്രീ ക്വാർട്ടറിലേക്ക് കടന്നു

Advertisement