സൂപ്പറിനും ബ്ലാക്കിനും പരാജയം, സെവൻസിൽ ഇന്ന് അട്ടിമറിയുടെ രാത്രി

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് രണ്ട് വലിയ അട്ടിമറികളാണ് നടന്നത്, സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ബ്ലാക്ക് & വൈറ്റ് കോഴിക്കോടുമാണ് ആ അട്ടിമറികളിൽ നിലമ്പൊത്തിയ വൻ മരങ്ങൾ. ചെമ്മാണിയോടായിരുന്നു അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം വീണത്. വീഴ്ത്തിയത് അട്ടിമറികൾ പതിവാക്കിയ ലക്കി സോക്കർ ആലുവ. ആദ്യം പിറകിൽ നിന്ന ശേഷം തിരിച്ചുവന്ന് പെനാൾട്ടി ഷൂട്ടൗട്ടിലാണ് ലക്കി സോക്കർ ആലുവ സൂപ്പർ സ്റ്റുഡിയോയെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. മുമ്പ് ഫിഫയേയും മദീനയേയും മെഡിഗാഡിനേയും ലക്കി സോക്കർ അട്ടിമറിച്ചിട്ടുണ്ട്.

ചാലിശ്ശേരിയിൽ ബ്ലാക്കിന്റെ വിധിയും പെനാൾട്ടി ഷൂട്ടൗട്ടിലാണ് തീരുമാനമായത്. നിശ്ചിത സമയത്ത് 2-2 എന്നവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഫിറ്റ് വെൽ കോഴിക്കോട് കൈക്കലാക്കുക ആയിരുന്നു. ആലത്തൂരിൽ ബ്ലാക്കിന്റെ കയ്യിൽ നിന്നേറ്റു വാങ്ങിയ പരാജയത്തിനുള്ള മറുപടി കൂടിയായി ഫിറ്റ് വെൽ കോഴിക്കോടിന് ഇത്. ഇതിനു മുമ്പ് മൂന്നു തവണ ഫിറ്റ് വെൽ കോഴിക്കോട് ബ്ലാക്കിനോട് പരാജയപ്പെട്ടിട്ടുണ്ട് സീസണിൽ.

പൊന്നാനിയിൽ ഫിഫാ മഞ്ചേരി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എഫ് സി തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. ഫിഫയുടെ തുടർച്ചയായ ഒമ്പതാം ജയമാണിത്. അവസാനമായി വളാഞ്ചേരിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തോടാണ് ഫിഫ മഞ്ചേരി പരാജയപ്പെട്ടത്. ഒളവണ്ണയിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഹയർ സബാൻ കോട്ടക്കലിനെ മറികടന്നു. അവസാനമായി കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ ഏറ്റുമുട്ടിയപ്പോഴും സമാനമായ സ്കോറിന് കാളിക്കാവ് വിജയിച്ചിരുന്നു.

Advertisement