ഫോർച്ച്യൂണിന്റെ വക അവസാന മിനുറ്റിൽ ഫോർച്യൂൺ, ഹിറ്റാച്ചിക്ക് തകർപ്പൻ തിരിച്ചുവരവ്

ആദ്യ പകുതി അവസാനിക്കുമ്പോൾ കാഞ്ഞങ്ങാട് സ്കോർ 2-0 എന്ന നിലയിൽ ജവഹർ മാവൂരിന് അനുകൂലം. പെനാൾട്ടിയിലൂടെ ആദ്യം ജവഹർ ലീഡെടുത്ത മുതൽ ആദ്യ പകുതിയുടെ അവസാനം വരെ ഹിറ്റാച്ചിക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പക്ഷെ രണ്ടാം പകുതിയിൽ കളി മാറി. ഹിറ്റാച്ചി തൃക്കരിപ്പൂരിന്റെ ശക്തമായ തിരിച്ചുവരവ്. മൂന്നു ഗോൾ ഹിറ്റാച്ചി തൃക്കരിപ്പൂർ അടിച്ചപ്പോൾ വിടില്ലെന്നുറപ്പിച്ച് മാവൂർ ഒന്നു കൂടി അടിച്ചു. കളി 3-3 എന്ന നിലയിൽ ഒപ്പത്തിനൊപ്പം. കളി അവസാനിക്കാൻ വെറും രണ്ടു മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഹിറ്റാച്ചിയുടെ മുന്നേറ്റ തിരയിലെ പ്രധാന ആയുധം ഫോർച്യൂൺ ഹിറ്റാച്ചിയുടെ ഭാഗ്യമായി മാറി. നിർണായക ഗോളോടെ തൃക്കരിപ്പൂരിന്റെ സ്വന്തം ഹിറ്റാച്ചിക്ക് വിജയം. ഇന്ന് കാഞ്ഞങ്ങാട് ജിംഖാന തൃശ്ശൂർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ നേരിടും.

കല്പകഞ്ചേരിയിലും ഇന്നലെ ഒരു വൻ തിരിച്ചുവരവാണ് കണ്ടത്. ജയ എഫ് സി തൃശ്ശൂരും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും തമ്മിലുള്ള പോരട്ടത്തിൽ ഒരു ഘട്ടത്തിൽ 2-0 എന്ന സ്കോറിന് ജയ തൃശ്ശൂർ ഒരുപാട് മുന്നിലായിരുന്നു. പക്ഷെ കാളിക്കാവ് ശക്തമായ തിരിച്ചുവരവ് നടത്തി 3-2 എന്ന സ്കോറിന് കളി വിജയിച്ചു കയറി.നാളെ കല്പകഞ്ചേരിയിൽ എ വൈ സി ഉച്ചാരക്കട് ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ നേരിടും.

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ പരാജയപ്പെടുത്തി. ചാലിശ്ശേരിയിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫിറ്റ് വെൽ കോഴിക്കോടും പരാജയപ്പെടുത്തി.

ടൗൺ ടീം അരീക്കോട് കൊടുവള്ളിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബേസ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തി എങ്കിലും കൊളത്തൂരിൽ പരാജയം ഏറ്റുവാങ്ങി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സ്കൈ ബ്ലൂ എടപ്പാളാണ് ടൗൺ ടീമിനെ കൊളത്തൂരിൽ പരാജയപ്പെടുത്തിയത്.

 

Previous articleരണ്ടിടത്തിറങ്ങി, രണ്ടിടത്തും പരാജയപ്പെട്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം
Next articleഇന്നാദ്യ സെമി, ഗോകുലം എഫ് സിയും സെൻട്രൽ എക്സൈസും നേർക്കുനേർ