സെവൻസ് ഫുട്ബോളിലെ ‘സ്പെഷ്യൽ വൺ’ പ്യാരി ഇനി ജവഹർ മാവൂർ മാനേജർ

സെവൻസ് ഫുട്ബോൾ ലോകത്തെ സ്പെഷ്യൽ വൺ അഥവാ ഹോസെ മൗറീന്യോ എന്നറിയപ്പെടുന്ന പ്യാരി ഇനി ജവഹർ മാവൂരിന്റെ മാനേജർ. ടൗൺ ടീം അരീക്കോടിന്റെ അവിഭാജ്യ ഘടകമായിരുന്ന പ്യാരി എന്നു വിളിക്കപ്പെടുന്ന റജീഷ് അലിയുടെ സേവനം മാവൂരിനെ പ്രതാപ കാലത്തെ മികവിലേക്ക് എത്തിൽക്കും എന്നാണ് കരുതപ്പെടുന്നത്.

അഞ്ചു വർഷങ്ങളായി ടൗൺ ടീം അരീക്കോടിന്റെ മാനേജറാണ് പ്യാരി. ഐ എസ് എൽ താരമായ എം പി സക്കീറിനെ പോലെ മികച്ച താരങ്ങളെയൊക്കെ അണിനിരത്തി എന്നു ടൗൺ ടീം അരീക്കോടിനെ ഒരു വലിയ ശക്തിയായി നിലനിർത്താൻ പ്യാരിക്കായിട്ടുണ്ട്. അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ പ്യാരിയുടെ സെവൻസ് കരിയർ ആരംഭിക്കുന്നത് 11 വർഷങ്ങൾക്കു മുമ്പാണ്.

 

ഇടക്ക് പ്രവാസ ജീവിതത്തിനു വേണ്ടി സെവൻസ് ലോകം വിട്ട പ്യാരി ആറു വർഷം മുന്നേയാണ് വീണ്ടും സെവൻസിൽ സജീവമായത്. പ്രമുഖ മാനേജർ ബാബു തിരൂർക്കാടിന്റെ അസിസ്റ്റന്റായി സെവൻസ് ലോകത്തേക്ക് തിരിച്ചുവന്ന പ്യാരിയുടെ കരിയർ മാറ്റുമറിച്ചത് ബി & ജിയ്ക്കെതിരായുള്ള ഒരു മത്സരം ആയിരുന്നു. താരതമ്യേന ഒരു ചെറിയ ടീമിനെ വെച്ച് ബി&ജിയെ പ്യാരി ഇറക്കിയ ടീം അട്ടിമറിച്ചു. ഇത് പ്യാരിക്ക് ബി&ജി മാനേജറാകാനുള്ള അവസരം ഒരുക്കി. സീസൺ അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിയിരിക്കെ ടീം ഏറ്റെടുത്ത അദ്ദേഹം ആ രണ്ടു മാസത്തിനിടെ ആറു ഫൈനലുകളിൽ ബി&ജിയെ എത്തിച്ച് എല്ലാവരേയും ഞെട്ടിച്ചു. ഉസോ എന്ന വിദേശ താരത്തിന്റെ സെവൻസിലെ മികച്ച പ്രകടനവും ആ കാലയളവിലാണ് സെവൻസ് ലോകം കണ്ടത്. പിന്നീട് എഫ്സി പെരിന്തൽമണ്ണയായ ബി & ജിയിൽ നിന്നാണ് ടൗൺ ടീം അരീക്കോടിലേക്കുള്ള പ്യാരിയുടെ വരവ്.

കേരളപോലീസിൽ ഇപ്പോ ചേർന്ന ഹർഷിദ് കപ്പച്ചാൽ, ഷാഫി ഒകെ, മിലിട്ടറി ടീമിലെത്തിയ ഇടുക്കി സ്വദേശിയായ ഫൈസൽ തുടങ്ങി മികച്ച കുറേ താരങ്ങൾ ടൗൺ ടീം അരീക്കോടിലൂടെ പ്യാരിയുടെ കീഴിൽ വളർന്നു. സാമ്പത്തികമായി ടൗൺ ടീം അരീക്കോട് ഇനിയും മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് ജവഹർ മാവൂരിന്റെ ക്ഷണം പ്യാരി സ്വീകരിച്ചത്.

ജവഹർ മാവൂർ പ്യാരിക്ക് അടുത്ത ചുവടാണ്. ജവഹർ മാവൂറ്റ് മാനേജ്മെന്റുമായുള്ള മികച്ച ബന്ധമാണ് മാവൂരിന്റെ മാനേജർ റോളിൽ എത്തിച്ചത്. ജവഹർ മാവൂർ ക്ലബിന്റെ ഭാഗമായ ഹിഫ്സു മാവൂർ തനിക്ക് നൽകിയ പിന്തുണയും ടീം തിരഞ്ഞെടുപ്പിലൊക്കെ തനിക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പ് നൽകിയതുമാണ് പ്യാരിക്ക് ജവഹർ മാനേജറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴുള്ള കരുത്ത്.

അടുത്ത സീസണിൽ പ്യാരിയുടെ കീഴിൽ ജവഹർ മാവൂർ സെവൻസ് ലോകം വാഴുന്നത് കാണാൻ കാത്തിരിക്കുകയാണ് സെവൻസ് ലോകം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave a Comment