മദീനയെ തകർത്ത് മെഡിഗാഡ് അരീക്കോട്, സൂപ്പറിനെ അട്ടിമറിച്ച് സോക്കർ ഷൊർണൂർ

എടപ്പാൾ അഖിലേന്ത്യ സെവൻസ് സെമിഫൈനൽ ആദ്യപാദ മത്സരത്തിൽ മെഡീഗാഡ് അരീക്കോടിന് മുസാഫിർ എഫ് സി അൽ മദീനയ്ക്കെതിരെ തകർപ്പൻ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ മെഡിഗാഡ് കീഴടക്കിയത്. മെഡീഗാഡിന് വേണ്ടി മമ്മദും ബ്രൂസും ഗോളുകളുമായി തിളങ്ങി. രണ്ട് ഗോളുകൾക്ക് പുറകിലായ ശേഷം ആൽബർട്ടിലൂടെ ഗോൾ മടക്കി തിരിച്ചു വരവിന് ശ്രമിച്ചുവെങ്കിലും മെഡീഗാഡിൻെറ പ്രതിരോധം ഭേദിക്കാൻ അൽ മദീനയ്ക്കായില്ല. ഇത് രണ്ടാം തവണയാണ് മെഡീഗാഡ് അരീക്കോടിന് മുന്നിൽ അൽ മദീന പരാജയപ്പെടുന്നത്. രണ്ടാം പാദത്തിൽ ഇനി മെഡീഗാഡ് അരീക്കോടിന് സമനില മതിയാകും ഫൈനലിൽ പ്രവേശിക്കാൻ.

രണ്ട് മത്സരങ്ങൾക്ക് ഇന്ന് ഇറങ്ങേണ്ടി വന്ന അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം രണ്ട് മൈതാനങ്ങളിലും വിജയിക്കാതെ മടങ്ങേണ്ടി വന്നു. കുപ്പൂത്ത് അഖിലേന്ത്യ സെവൻസിൽ സൂപ്പറിനെ അട്ടിമറിച്ചത് സോക്കർ സ്പോർട്ടിങ് ഷൊർണൂർ ആയിരുന്നു. നിശ്ചിത സമയത്ത് 3-3 എന്ന സ്കോറിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിൽ എത്തിയപ്പോൾ 4-2 ന് സോക്കർ ഷൊർണൂർ വിജയിക്കുകയായിരുന്നു. അട്ടിമറി പുത്തരിയല്ലാത്ത സോക്കർ സ്പോർട്ടിങ് ഫിഫയേയും ബ്ളാക്കിനേയുമെല്ലാം ഇതിനു മുൻപ് തോൽപ്പിച്ചിട്ടുണ്ട്.

 

മാവൂരിലായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിൻെറ രണ്ടാം മത്സരം. അവിടെ കെ ആർ എസ് കോഴിക്കോടിനെ സെമിഫൈനലിൻെറ ആദ്യ പാദത്തിൽ നേരിട്ട സൂപ്പറിന് 2-2 ൻെറ സമനില വഴങ്ങേണ്ടി വന്നു. ഇരു ടീമുകളും ഓരോ പോയിൻറോടെ കളി അവസാനിപ്പിച്ചു. രണ്ടാം പാദ മത്സരത്തിൻെറ വിജയിയാകും ഫൈനലിലേക്ക് പ്രവേശിക്കുക.

മറ്റ് മത്സരങ്ങളിൽ മഞ്ചേരിയിൽ കെ എഫ് സി കാളിക്കാവ് എതിരില്ലാത്ത ഒരു ഗോളിന് ജിയോണി മൊബൈൽ ഉഷാ എഫ് സി യേ പരാജയപ്പെടുത്തി. കൊണ്ടോട്ടിയിൽ നടന്ന മത്സരത്തിൽ ശാസ്താ മെഡിക്കൽസിനായിരുന്നു ജയം. ശാസ്താ മെഡിക്കൽസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫ്രണ്ട്സ് മമ്പാടിനെ പരാജയപ്പെടുത്തി.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleഫൈനലിൽ കണ്ണുംനട്ട് സൂപ്പർ സ്റ്റുഡിയോക്കെതിരെ ഇന്ന് ശാസ്താ മെഡിക്കൽസ്
Next articleകോട്ടക്കലിൽ കണ്ട ‘ഫുട്ബോൾ’ എന്ന മലബാറിന്റെ നിലക്കാത്ത നട്ടപ്പിരാന്ത്