സെവൻസ് ഫുട്ബോളിന്റെ ശ്വാസമായി സോക്കർ സിറ്റി

- Advertisement -

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ആരംഭിച്ച് ഒരുമാസമാകാൻ പോകുമ്പോൾ സെവൻസ് ഫുട്ബോൾ ആഘോഷിക്കപ്പെടുന്ന സെവൻസ് ഫുട്ബോൾ ആരാധകർ മാത്രമറിയുന്ന ഒരു കൂട്ടായ്മ ഉണ്ട് വാട്സാപ്പിൽ. പ്രീമിയർ ലീഗിനും ലോക ക്ലാസിക്കുകൾക്കും മീതെ സ്വന്തം നാട്ടിലെ പന്തുകളിയെ നെഞ്ചിലേറ്റി അതിനുവേണ്ടി എല്ലാം മാറ്റിവെച്ച് ഇറങ്ങിയ ഒരു വലിയ സംഘം. സോക്കർ സിറ്റി എന്നു പേരുള്ള ഈ കൂട്ടായ്മ സെവൻസിലെ എല്ലാ ചോദ്യങ്ങളുടേയും ഉത്തരമാവുകയാണ്. ഒരു സീസണിൽ അമ്പതിൽ കൂടുതൽ ടൂർണമെന്റുകൾ നടക്കുന്ന സെവൻസ് ഫുട്ബോൾ എന്ന രാത്രി കാഴ്ചയിലെ മുഴുവൻ ചലനങ്ങളും ഒരു കൂരയിൽ എങ്ങനെ കൊണ്ടുവരാം എന്നതിനുള്ള പരിഹാരമാണ് ഈ ഗ്രൂപ്പിലെ ശ്രമങ്ങൾ.

img_4432

കഴിഞ്ഞ വർഷത്തെ സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ സംസ്ഥാന സമ്മേളനങ്ങളിൽ തങ്ങൾ നടത്തിയ സേവനത്തിന് അംഗീകാരങ്ങൾ നേടിയ ഇവർ ഇപ്പോൾ സെവൻസ് സീസണിലെ എല്ലാ മത്സരങ്ങളും ആവേശം ഒട്ടും ചോരാതെ വിദേശത്തും സ്വദേശത്തുമുള്ള മലയാളീ സെവൻസ് ആരാധകരിൽ എത്തിക്കുകയാണ്. അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് നടക്കുന്ന എല്ലാ സ്റ്റേഡിയത്തിലും ഒന്നിലധികം അംഗങ്ങളെ അണിനിരത്തി ഇടതടവില്ലാതെയുള്ള തത്സമയ കമന്ററികൾ, മത്സരത്തിനും മുൻപും ശേഷവുമുള്ള മാനേജർമാരുടെ പ്രതികരണങ്ങൾ തുടങ്ങി സെവൻസ് ഫുട്ബോളിന്റെ ഒരു സമാന്തര ലോകം തന്നെ ഇവിടെ സൃഷ്ടിക്കപെടുകയാണ്.

img_4433സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജെനറൽ സെക്രട്ടറി സൂപ്പർ ബാവക്ക , ജോയന്റ് സെക്രട്ടറി കെകെ സാർ എന്ന കൃഷ്ണൻകുട്ടി മുതൽ വിവിധ ക്ലബുകളുടെ മാനേജർമാർ പഴയ ഫുട്ബോൾ താരങ്ങൾ തുടങ്ങി നിരവധിപേരാണ് ഈ ഗ്രൂപ്പിന്റെ ഭാഗമായുള്ളത്. ഫുട്ബോൾ വിട്ടൊന്നും ചർച്ച ചെയ്യാത്ത ഗ്രൂപ്പിനെ മോഡറേറ്റ് ചെയ്തു ആവേശത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നത് അഡ്മിൻ കൂടിയായ റുജീഷ് തിരൂരാണ്. എഡിറ്റർമാരായി ഹസൻ പൊന്നൂസ് ബാരിഹ് കണ്ണിയൻ ശഫീഖ് മുട്ടിപ്പാലും ഇരിക്കുമ്പോൾ ഗ്രൂപ്പിനെ സജീവമാക്കാൻ വണ്ടൂരിൽ നിന്ന് ബാബു കാപിച്ചാലും അൻവർ തിരൂരും അഡ്മിനുകളുടെ കൂടെ ചേരുന്നു.

സീസണ്‍ തുടക്കത്തിൽ ടൂർണമെന്റ് കമ്മിറ്റികളുമായി ചർച്ചകൾ സംഘടിച്ച സോക്കർസിറ്റി കഴിഞ്ഞ സീസണിൽ മഞ്ചേരി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ മികച്ച താരത്തിന് സ്വർണ്ണ നാണയവും കൊടുത്തിരുന്നു. ഫുട്ബോളിനപ്പുറം പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്. അടുത്തിടെയാണ് മുൻ ബേസ് പെരുമ്പാവൂർ മാനേജർ കുമാരേട്ടന്റെ കുടുംബത്തിന് ഒരു ലക്ഷം ധനസഹായം നൽകിയത്. സെവൻസ് ഫുട്ബോളിൽ തുടർച്ചയായ മൂന്നാം സീസണിലും ഫുട്ബോളിന്റെ നന്മയ്ക്കായി വിവിധ പരിപാടികൾ അണിയറയിൽ ഒരുക്കുകയാണ് ഈ‌ ഫുട്ബോൾ സ്നേഹികൾ.

Advertisement