
അഖിലേന്ത്യാ സെവൻസ് സീസണ് ഇന്ന് തിരശ്ശീല വീഴും. ഗുരുവായൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടക്കുന്ന ഫൈനലോടെ ഏഴു മാസമായി മലബാറിന്റെ രാത്രികാലങ്ങളെ ആവേശത്തിലാഴ്ത്തിയിരുന്ന ഫുട്ബോളിന്റെ സ്പന്ദനം നിൽക്കും. ഇന്ന് അവസാന ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോട് ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെയാണ് നേരിടുന്നത്. ഈ സീസണിൽ ഏറ്റവും താര സമ്പന്നമായ ടീമുമായി എത്തിയ റോയൽ ട്രാവൽസ് കോഴിക്കോട് തന്നെയാണ് ഏറ്റവും കൂടുതൽ കിരീടങ്ങളിം സ്വന്തമാക്കിയത്.
10 കിരീടങ്ങളാണ് ഇതുവരെ സെവൻസ് മൈതാനങ്ങളിൽ ഇത്തവണ റോയൽ ട്രാവൽസ് കോഴിക്കോട് സ്വന്തമാക്കിയത്. റോയലിന് വെല്ലുവിളിയാകാൻ കഴിഞ്ഞത് സബാൻ കോട്ടക്കലിന് മാത്രമായിരുന്നു. കഴിഞ്ഞ മാസം വരെ ഒപ്പത്തിനൊപ്പം ആയിരുന്നു ഇരുടീമുകളും എങ്കിൽ സീസണിലെ അവസാന മാസം മൂന്ന് കിരീടങ്ങൾ ഉയർത്ത് റോയൽ ട്രാവൽസ് സീസണിൽ തങ്ങളാണ് മുന്നിലെന്ന് കാണിച്ചു. സബാൻ കോട്ടക്കൽ ഏഴു കിരീടങ്ങളാണ് ഈ സീസണിൽ നേടിയത്.
വൻ ടീമുകളായ അൽ മദീന ചെർപ്പുളശ്ശേരി, ഫിഫാ മഞ്ചേരി, സൂപ്പർ സ്റ്റുഡിയോ മലപ്പുറം എന്നിവർ ഇത്തവണ ഒരുപാട് പിറകിൽ പോയി. കഴിഞ്ഞ തവണ സെവൻസ് ലോകം ഒറ്റയ്ക്ക് ഭരിച്ചിരുന്ന അൽ മദീനയ്ക്ക് ഇത്തവണ അഞ്ച് കിരീടങ്ങളെ നേടാനായുള്ളൂ. ഫിഫാ മഞ്ചേരി നേടിയത് മൂന്ന് കിരീടങ്ങളും. സൂപ്പറിന് ഒരു കിരീടം മാത്രമെ നേടാനായുള്ളൂ. സീസൺ തുടക്കത്തിൽ ലിൻഷാ മെഡിക്കൽസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും രണ്ടാം പകുതിയിൽ ലിൻഷയും പിറകിൽ പോയി.
സീസണിൽ 50 ടൂർണമെന്റുകളിലായി 1132 മത്സരങ്ങളാണ് ഈ സെവൻസ് സീസൺ സാക്ഷിയായത്. 1132 മത്സരങ്ങളിൽ നിന്നായി നാലായിരത്തിൽ അധികം ഗോളുകളും പിറന്നു. മൂന്ന് വിദേശ താരങ്ങളെ കളിപ്പിക്കാനുള്ള വിപ്ലവപരമായ തീരുമാനം ആണ് ഇത്രയുമധികം ഗോൾ വരാൻ കാരണമായത് എന്നാണ് സെവൻസ് പ്രേമികൾ നിരീക്ഷിക്കുന്നത്. എന്തായാലും കഴിഞ്ഞ സീസണെ അപേക്ഷിച്ച് സമ്പൂർണ്ണ ആധിപത്യം ഒരു ടീമിനും ഇല്ലാത്ത സീസണായിരുന്നു ഇത്.
റംസാൻ നേരത്തെ എത്തുന്നതാണ് മഴക്കു മുമ്പ് ഇത്തവണ സീസൺ അവസാനിക്കാൻ കാരണം. ഇന്നത്തെ ഫൈനലോടെ തിരക്കേറിയ ഫുട്ബോൾ രാത്രികൾക്കാണ് അവസാനമാകുന്നത്. വീണ്ടു മഴക്കാലമെത്തി ചോരുന്നത് വരെ മലബാറിന്റെ സെവൻസ് മൈതാനങ്ങൾക്ക് വിശ്രമിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial