കയ്യടി വാങ്ങി സോക്കർ സ്പോർട്ടിംഗ്, വിജയിച്ച് മെഡിഗാഡ് അരീക്കോട്

വണ്ടൂർ അഖിലേന്ത്യാ സെവൻസ് ഇന്നലെ കണ്ട പോരാട്ടമായിരുന്നു പോരാട്ടം. ഈ‌ സീസണിലെ വൻശക്തിയായി മാറുന്ന മെഡിഗാഡ് അരീക്കോടും അത്രയൊന്നും മികവ് ഈ സീസണിൽ പറയാനില്ലാത്ത കെ കെ സാറിന്റെ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരും നേർക്കുനേർ വന്നപ്പോൾ ഇത്ര പൊടിപാറുന്ന മത്സരം ആരും പ്രതീക്ഷിച്ചില്ല. മമ്മദിന്റെ ആക്രമണങ്ങളിലൂടെ ആദ്യം തന്നെ രണ്ടു ഗോളുകൾക്ക് മെഡിഗാഡ് അരീക്കോടിന് ലീഡ്. പക്ഷെ പിന്നെയായിരുന്നു സോക്കർ സ്പോർട്ടിംഗിന്റെ തിരിച്ചുവരവ്. തുടരെ തുടരെ രണ്ടു ഗോളടിച്ച് സോക്കർ സ്പോർട്ടിംഗ് ഗ്യാലറിയെ ഒട്ടാകെ കയ്യിലെടുത്തു. പക്ഷെ മെഡിഗാഡ് അരീക്കോട് പിറകോട്ടു പോയില്ല. കിട്ടിയ അവസരം മുതലാക്കി 3-2ന്റെ‌ ലീഡ്. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി. സോക്കർ സ്പോർട്ടിംഗ് വീണ്ടും തിരിച്ചുവന്നു സമനില പിടിച്ചു. കളിസമനിലയിലേക്കു പോകും എന്നു തോന്നിച്ച അവസാന നിമിഷത്തിൽ ഗോൾനേടി ഈ സീസണിൽ ഭാഗ്യം തങ്ങളുടെ കൂടെ തന്നെയാണ് എന്നു തെളിയിച്ച് മെഡിഗാഡ് അരീക്കോട് വിജയക്കൊടി പാറിച്ചു. കിട്ടിയ അവസരങ്ങൾ തുലച്ചുകളഞ്ഞില്ലായിരുന്നു എങ്കിൽ കെ കെ സാറിന്റെ ടീമിന് അർഹിച്ച ഫലം കിട്ടിയേനെ.

എടക്കര അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസിനെ ജിയോണി മൊബൈൽ ഉഷാ എഫ് സി കീഴടക്കി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഉഷാ എഫ് സിയുടെ വിജയം. ഉഷാ എഫ് സി ഈ വിജയത്തോടെ നീണ്ട ഇടവേളയ്ക്കു ശേഷമാദ്യമായി തുടർച്ചയായ രണ്ടു മത്സരങ്ങൾ വിജയിച്ചു. ലിൻഷാ മെഡിക്കൽസിന് ഇത് സീസണിലെ ആറാം തോൽവിയാണ്. കണിമംഗലം സെവൻസിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി. ബ്ലാക്ക് & വൈറ്റിനു വേണ്ടി അഡബയോർ രണ്ടു ഗോളുകളും ജിയോ ഒരു ഗോളും നേടി. സ്കൈ ബ്ലൂ എടപ്പാളിന്റെ തുടർച്ചയായ ആറാം പരാജയമാണിത്.

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഫിഫാ മഞ്ചേരി ബേസ് പെരുമ്പാവൂരിനെ കീഴടക്കി. ബേസ് പെരുമ്പാവൂർ ഇതു രണ്ടാം തവണയാണ് ഈ സീസണിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഫിഫാ മഞ്ചേരിയോടു പരാജയപ്പെടുന്നത്. ഫിഫാ മഞ്ചേരിക്ക് വേണ്ടി ജൂനിയർ ഫ്രാൻസിസും പ്രതിരോധ പടയിലെ താരം ഷാനുവും ബേസ് പെരുമ്പാവൂർ വല നിറച്ചു. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂരിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ ഹിറ്റാച്ചി  തൃക്കരിപ്പൂർ കീഴക്കി. നിശ്ചിത സമയത്ത് 2-2ന് അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തുകയായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ പുറത്തേക്കടിച്ച് ജിംഖാന തൃശ്ശൂർ ടൂർണമെന്റിൽ നിന്നും പുറത്തേക്കു പോയി.