തൃശ്ശൂർ കരുത്തിനു മുന്നിൽ ഫിഫയ്ക്കും അൽ മദീനയ്ക്കും തോൽവി

shastha

സെവൻസ് ഫുട്ബോളിൽ ഇന്നലെ അട്ടിമറികളുടേയും വീറിന്റേയും ആവേശത്തിന്റേയും രാത്രിയായിരുന്നു. മങ്കടയിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ കൈകളിൽ നിന്ന് സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങുന്ന ഫിഫാ മഞ്ചേരിയെയാണ് കണ്ടത്. ഫിഫാ മഞ്ചേരിയുടെ ആദ്യ പരാജയം മങ്കടയിലായിരിക്കുമെന്നു കളിക്കുമുന്നേ പറഞ്ഞ ലയണൽ തോമസിന്റെ വാക്കുകൾ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ താരങ്ങൾ പ്രാവർത്തികമാക്കുകയായിരുന്നു. തുടക്കത്തിലേ തുടരെ തുടരെ ആക്രമണങ്ങളുമായി ഫിഫാ പ്രതിരോധത്തിനു നേരെ കുതിച്ച ശാസ്താ മെഡിക്കൽസിന് അധികം കാത്തുനിൽക്കേണ്ടി വന്നില്ല മുന്നിലെത്താൻ. മിന്നും ഫോമിലുള്ള ബിൽ സോക്കറിന്റെ ബൂട്ടിലൂടെ ശാസ്ത ഒരു ഗോളിനു മുന്നിലെത്തി. ശാസ്ത പ്രതിരോധം ഭേദിക്കാൻ കഴിയാതെ കഷ്ടപെട്ട ഫിഫാ മഞ്ചേരി കളിയിൽ പരുക്കൻ അടവുകൾ പ്രയോഗിച്ചു. തുടർന്നു കളി അവസാനിക്കാൻ പതിനാലു മിനുട്ടുകൾ മാത്രം ബാക്കിയിരിക്കേ ഫിഫാ ഡിഫൻഡർ റിംഷാദ് ലയണൽ തോമസിനെ ഫൗൾ ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷം കളി തടസപ്പെടുത്തി. ലയണൽ തോമസിനെയും റിംഷാദിനേയും ചുവപ്പു കാണിച്ച് പുറത്താക്കിയതിനു ശേഷമാണ് കളി പുനരാരംഭിച്ചത്. ലയണലിനെ നഷ്ടമായതിനു ശേഷം ഉലഞ്ഞ ശാസ്താ പ്രതിരോധത്തെ മറികടന്ന് കുട്ടനിലൂടെ ഫിഫാ സമനില ഗോൾ കണ്ടെത്തി കളി പെനാൾട്ടിയിൽ എത്തിച്ചു. പെനാൾട്ടിയിൽ ജൂനിയർ ഫ്രാൻസിസിന്റെ കിക്ക് തടഞ്ഞ് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ഗോൾ കീപ്പർ താഹ ശാസ്തായുടെ അർഹിച്ച വിജയം ഉറപ്പിക്കുകയായിരുന്നു.

im-vijayan

ചാവക്കാട് മറ്റൊരു തൃശ്ശൂർ കരുത്തായ ജിയോണി ഉഷാ എഫ് സിയുടെ താണ്ഡവമായിരുന്നു. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി എന്ന കരുത്തരായ ടീമിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഐ എം വിജയന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഉഷാ എഫ് സി തകർത്തത്. ഐ എം വിജയന്റെ പാസിൽ നിന്നാണ് ഉഷാ എഫ് സി ആദ്യ ഗോൾ നേടിയത്. അൽ മദീന ചെർപ്പുളശ്ശേരിയുടെ സീസണിലെ ആദ്യ പരാജയമാണിത്. ഡിമറിയയും ആൽബേർട്ടും ഒക്കെ നിറഞ്ഞു കളിച്ചുവെങ്കിലും ഇന്നലെ വലകുലുക്കാൻ ചാവക്കാടായത് ബെർണാഡിനു മാത്രമായിരുന്നു. ഹാട്രിക്ക് ഗോളോടെ അൽ മദീന ചെർപ്പുളശ്ശേരിക്ക് പുറത്തേക്കുള്ള വഴി ബെർണാഡ് ഉറപ്പിച്ചു.

കുന്നമംഗലത്തും ആവേശത്തിന്റെ അങ്ങേയറ്റത്തായിരുന്നു മത്സരം. അബഹാ ഫിഷറീസ് ഫ്രണ്ട്സ് മമ്പാടും ന്യൂകാസിൽ ലക്കി സോക്കർ ആലുവയും ആദ്യ വിജയം തേടി നേർക്കുനേർ വന്നപ്പോൾ പിറന്നത് ഒമ്പതു ഗോളുകൾ. മുഫസ്സിലിന്റെ നാലു തകർപ്പൻ ഗോളുകളുടെ ബലത്തിൽ 5-4ന് ഫ്രണ്ട്സ് മമ്പാടിന് ജയം. ഫ്രണ്ട്സ് മമ്പാടിന്റെ സീസണിലെ ആദ്യ ജയമാണിത്. ലക്കി സോക്കർ ആലുവ ആകട്ടെ രണ്ടു മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകൾ നേടിയിട്ടും വിജയം അവരുടെ വഴിക്ക് വന്നില്ല.

കർക്കിടാംകുന്നിലും ആവേശത്തിന് കുറവുണ്ടായില്ല. ഓക്സിജൻ ഫാർമ ജയ എഫ് സി തൃശ്ശൂർ ഫിറ്റ് വെൽ കോഴിക്കോടുമായി മുട്ടിയപ്പോൾ പെനാൾട്ടി ഷൂട്ടൗട്ടിൽ വരെ നീണ്ടു മത്സരം. ആദ്യ പകുതിയിൽ രണ്ടു ഗോളിനു മുന്നിട്ടു നിന്ന ജയ എഫ് സി തൃശ്ശൂരിനെ തുടരെ മൂന്നു ഗോളുകൾ അടിച്ച് രണ്ടാം പകുതുയിൽ വിനോദിന്റെ ഫിറ്റ് വെൽ കോഴിക്കോട് ഞെട്ടിക്കുകയായിരുന്നു. കളിയുടെ അവസാന നിമിഷത്തിൽ 3-3ന് സമനില പിടിച്ച ജയ എഫ് സി തൃശ്ശൂരിന് പക്ഷെ പെനാൾട്ടിയിൽ ഭാഗ്യം ഒപ്പം നിന്നില്ല. 5-3ന് പെനാൾട്ടി ഷൂട്ടൗട്ടിൽ വിജയിച്ച് എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോട് അടുത്ത റൗണ്ടിലേക്ക് കടന്നു.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal