ഫൈനലുറപ്പിക്കാൻ ഫിഫാ, തിരിച്ചുവരാൻ മെഡിഗാഡ്

- Advertisement -

കുന്ദമംഗലം അഖിലേന്ത്യാ അവസാന സെവൻസിലെ ഫൈനലിസ്റ്റിനെ ഇന്നറിയാം. മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും തമ്മിലുള്ള സെമിഫൈനലിന്റെ രണ്ടാം പാദ മത്സരം ഇന്നു കുന്ദമംഗലത്തു നടക്കും. ആദ്യ പാദത്തിൽ നേടിയ വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും ഫിഫാ മഞ്ചേരി ഇറങ്ങുക. ആദ്യ പാദത്തിൽ 5-2 എന്ന സ്കോറിന് ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു. എങ്കിലും ഗോളല്ല വിജയം മാത്രമേ കണക്കാക്കുകയുള്ളൂ എന്നതാണ് സെവൻസ് ഫുട്ബോൾ അസോസിയേഷൻ നിയമം എന്നിരിക്കെ മെഡിഗാഡ് അരീക്കോടിന് ഇന്നും ഫൈനൽ സാധ്യതയുണ്ട്. കുട്ടന്റേയും ജൂനിയർ ഫ്രാൻസിസിന്റേയും മിന്നുന്ന ഫോമാണ് ഫിഫാ മഞ്ചേരിയുടെ കരുത്ത്.

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ജിയോണി മൊബൈൽ ഉഷാ എഫ് സിയെ നേരിടും. ഒരു പരാജയത്തിൽ നിന്നാണ് ഉഷാ എഫ് സി തൃശ്ശൂർ വരുന്നത്. ശാസ്താ മെഡിക്കൽസിനെ പരാജയപ്പെടുത്തി വരുന്ന ലിൻഷാ മെഡിക്കൽസ് സ്വന്തം മണ്ണിൽ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടില്ല. എടക്കരയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്നു ഗോളിന് വിജയം ഉഷാ എഫ് സിയുടെ കൂടെയായിരുന്നു.

വണ്ടൂരിൽ തീപാറുന്ന പോരാട്ടത്തിൽ ജവഹർ മാവൂർ മുസാഫിർ എഫ് സി അൽ മദീനയെ നേരിടും. ഷൊർണ്ണൂരിൽ ഏറ്റ പരാജയത്തിന് കണക്കു തീർക്കാനുണ്ട് ജവഹർ മാവൂരിന്. എന്നാൽ തങ്ങളുടെ നാലാം ഫൈനൽ ഉറപ്പിച്ച് എത്തുന്ന അൽ മദീന ചെർപ്പുളശ്ശേരിക്ക് വണ്ടൂരിലും ജവഹറിനെ കീഴടക്കുക ആകും ലക്ഷ്യം. ഡി മറിയയുടെ മികച്ച ഫോമാണ് മുസാഫിർ എഫ് സിയുടെ കരുത്ത്. അവസാന മത്സരത്തിൽ ബ്ലാക്ക് & വൈറ്റിനെതിരെ ഡിമറിയയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു മദീനയെ വിജയത്തിലെത്തിച്ചത്.

പട്ടാമ്പിയിൽ തങ്ങളുടെ ഇന്നത്തെ രണ്ടാം മത്സരത്തിൽ മെഡിഗാഡ് അരീക്കോട് എ വൈ സി ഉച്ചാരക്കടവിനെ നേരിടും. തങ്ങളുടെ പ്രധാന കളിക്കാരെയെല്ലാം സെമി ഫൈനലിന് അയക്കാൻ സാധ്യതയുള്ള മെഡിഗാഡ് അരീക്കോടിനെ ആ അവസരം മുതലാക്കി കീഴടക്കുകയാകും എ വൈ സി  ഉച്ചാരക്കടവിന്റെ നയം. എടക്കര പാലാട് അഖിലേന്ത്യയിൽ ഇന്ന് ജിംഖാന തൃശ്ശൂർ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Advertisement