ഗ്യാലറി നിറഞ്ഞു, മരക്കൊമ്പിൽ വരെ കാണികൾ, ഇതാണ് മലബാറിന്റെ ഫുട്ബോൾ മുഹബ്ബത്ത്

- Advertisement -

ഇന്ന് കോട്ടക്കൽ സെവൻസ് നടക്കുന്ന മൈതാനത്തിന് ചുറ്റുമുള്ള മരങ്ങളിൽ ഒക്കെ ആൾക്കാർ ആയിരുന്നു. ടിക്കറ്റ് എടുക്കാൻ കാശില്ലാഞ്ഞിട്ടല്ല. ടിക്കറ്റ് കിട്ടിയാലും ഗ്യാലറിയിൽ കാലു കുത്താൻ ഇടമില്ലാത്തത് കൊണ്ട്. ഗ്യാലറിയിൽ മുഴുവൻ ജനം. ഗ്യാലറിക്ക് പുറത്ത് ഇട്ട കസേരകളിൽ ജനം. അതിനുമപ്പുറം ഉള്ള ത്രോ ലൈൻ കാണാത്ത് വിധം ജനം. അവസാനം ത്രോ ലൈനിന് പകരം ‘ത്രോ കയർ’ കെട്ടേണ്ടി വന്നു കമ്മിറ്റി.


മൈതാനത്തിന് പുറത്ത് അടുത്തുള്ള കെട്ടിടങ്ങൾക്ക് മുകളിലൊക്കെ ജനം എത്തി. വാട്ടർ അതോറിട്ടിയുടെ കുടുവെള്ള ടാങ്കിന് മുകളിൽ മുഴുവൻ ജനമായി. ഇതൊക്കെ വെറും ഫുട്ബോൾ സ്നേഹം കൊണ്ട് മാത്രം.

അടുത്ത കാലത്ത് സെവൻസ് ഫുട്ബോൾ കണ്ട ഏറ്റവും വലിയ കാണികൾക്ക് തന്നെ കോട്ടക്കൽ ഇന്ന് സാക്ഷിയായി. കോട്ടക്കൽ ഫൈനലിൽ സബാൻ കോട്ടക്കലും ലിൻഷാ മണ്ണാർക്കാടും തമ്മിലുള്ള മത്സരത്തിനാണ് ഇത്രയും ഫുട്ബോൾ ആരാധകർ എത്തിയത്. ഗോൾ പോസ്റ്റുകൾക്ക് ഇരുവശവും ആൾക്കാർ ആയതിനാൽ സൈഡ് നെറ്റിംഗ് ഷോട്ട് വരെ നടക്കാൻ സാധ്യത ഇല്ലാത്ത അവസ്ഥ ആയിരുന്നു കോട്ടക്കലിൽ.

ലിൻഷ ആദ്യ ഗോൾ നേടിയപ്പോൾ കാണികൾ മുഴുവൻ ആഹ്ലാദിച്ചു കൊണ്ട് ഗ്രൗണ്ടിൽ എത്തി. ഒരോ ആവേശ നിമിഷത്തിലും ഇത് തന്നെ അവസ്ഥ. സബാന്റെ സമനില ഗോളിലും കാണികൾ പ്രശ്നമായി. പോസ്റ്റിന് അടുത്ത് നിന്ന് കാണിയുടെ കാലിൽ തട്ടിയാണ് പന്ത് വലയിൽ എത്തിയത് എന്ന് പറഞ്ഞ് വലിയ വിവാദം തന്നെ ഉണ്ടായി. നീണ്ട സമയം ഇത് കാരണം കളിയും തടസ്സപ്പെട്ടു. അവസാനം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയാണ് ഗോൾ അനുവദിച്ചത്.

8.45ന് തുടങ്ങിയ കളി അവസാനിക്കാൻ 11 മണിയോട് അടുത്തായി. ആകെ 60 മിനുട്ടാണ് സെവൻസിൽ ഒരു കളിയുടെ ദൈർഘ്യം. കാണികളുടെ ഇടപെടലാണ് കളി ഇത്ര നീട്ടിയത്. നിശ്ചിത സമയത്ത് സമനിലയിൽ ആയ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിക്കാൻ കമ്മിറ്റിക്ക് ആയില്ല. ഷൂട്ടൗട്ട് നടത്താനുള്ള യാതൊരു സാഹചര്യവും അവിടെ കാണികളുടെ ബാഹുല്യം കാരണം ഉണ്ടായിരുന്നില്ല. അവസാനം ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിച്ച് കമ്മിറ്റി ടൂർണമെന്റ് അവസാനിപ്പിച്ചു.

Advertisement