സെവൻസ് സീസണ് കുപ്പൂത്തിൽ തുടക്കം, ആദ്യ മത്സരം നവംബർ 12ന്

കാത്തിരിപ്പിന് അവസാനം, 2017-18 അഖിലേന്ത്യാ സെവൻസ് സീസണ് നവംബർ 12ന് തുടക്കമാകും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റാണ് ഇത്തവണത്തെ സെവൻസ് ഫുട്ബോൾ ഉത്സവങ്ങൾക്ക് ആരംഭം കുറിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ തൃശ്ശൂരിലെ ശക്തരായ ടീം ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ടൗൺ എഫ് സി തൃക്കരിപ്പൂരിനെ നേരിടും.

പ്രളയം ബാധിച്ചതിനാൽ ഇത്തവണ സെവൻസ് ടൂർണമെന്റുകളുടെ എണ്ണത്തിൽ കുറവുകളുണ്ടാകും. കഴിഞ്ഞ സീസണിൽ 50ൽ ഏറെ ടൂർണമെന്റുകൾ ഉണ്ടായിരുന്നു. എന്നാൽ അത്രയും ടൂർണമെന്റുകൾ വിജയിക്കാനുള്ള സാധ്യത ഇത്തവണ ഇല്ല എന്ന് കണക്കിലെടുത്ത് സെവൻസ് ഫുട്ബോൾ അസോസിയേഷൻ ടൂർണമെന്റുകളുടെ എണ്ണം കുറക്കാൻ ആലോചിക്കുന്നുണ്ട്. മാത്രമല്ല ടൂർണമെന്റുകളുടെ എണ്ണം കുറയുന്നത് ഫുട്ബോളിന്റെ മികവ് വർധിക്കാനും കാരണമാകും എന്നതും പരിഗണിക്കുന്നുണ്ട്.

റഫറിയിംഗിൽ ഉൾപ്പെടെ കാര്യമായ മാറ്റങ്ങക്കും ഇത്തവണ സെവൻസ് സീസണിൽ കാണും. എല്ലാ ഗ്രൗണ്ടുകളിലും ടൈമർ ഘടിപ്പിച്ച് സമയം കളയുന്നതുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സെവൻസ് അസോസിയേഷൻ നിർദേശം വെച്ചിട്ടുണ്ട്. നവംബർ മൂന്നാം തീയതി നടക്കുന്ന സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോട് കൂടെ മാത്രമെ ഈ കാര്യങ്ങളിൽ അന്തിമ നിലപാട് ഉണ്ടാവുകയുള്ളൂ.