സെവൻസ് ആഘോഷങ്ങൾക്ക് ഇന്നാരംഭം

- Advertisement -

2017-18 സീസണിലെ സെവൻസ് ആവേശങ്ങൾക്ക് ഇന്ന് വലപ്പാട് തിരിതെളിയും. ഇന്ന് രാത്രി വലപ്പാട് അഖിലേന്ത്യാ സെവൻസിൽ ഗ്രാന്റ് ഹൈപ്പർ കെ എഫ് സി കാളിക്കാവും ഫിറ്റ് വെൽ കോഴിക്കോടും ഏറ്റുമുട്ടുന്നതോടെയാകും സെവൻസ് സീസണിലെ ആദ്യ വിസിൽ മുഴങ്ങുക.

66 ടൂർണമെന്റുകളാണ് ഇത്തവണ സെവൻസ് ഫുട്ബോൾ അസോസിയേഷൻ തൃശൂർ മുതൽ കാസർഗോഡ് വരെയായി അനുവദിച്ചു കൊടുത്തിരിക്കുന്നത്. റംസാൻ വേഗമെത്തും എന്നതിനാൽ സെവൻസ് ഫുട്ബോൾ സീസണ് ഇത്തവണ നീളം കുറവായിരിക്കും. അതുകൊണ്ട് തന്നെ പതിവിലും ഏറെ വേഗത്തിൽ സീസണ് ചൂടുപിടിക്കും എന്നു തന്നെയാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ സീസണിൽ സർവാധിപത്യം നടത്തിയിരുന്ന അൽ മദീന ചെർപ്പുള്ളശ്ശേരി ആ മുന്നേറ്റം ആവർത്തിക്കുമോ, ഫിഫാ മഞ്ചേരി അവരുടെ മികവിലേക്ക് തിരിച്ചുവരുമോ, സൂപ്പർ സ്റ്റുഡിയോ ട്രോഫി ക്യാമ്പിൻ നിറക്കുമോ, താരങ്ങളാൽ സമ്പന്നമായ റോയൽ ട്രാവൽസ് എഫ് സി സെവൻസിലെ റയൽ മാഡ്രിഡാകുമോ അതോ ലക്കി സോക്കർ ആലുവ കഴിഞ്ഞ സീസണിൽ നടത്തിയതു പോലെ കുതിപ്പ് നടത്താൻ കറുത്ത കുതിരകളുണ്ടാകുമോ എന്നു തുടങ്ങി അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരം ഫുട്ബോൾ പ്രേമികൾക്ക് ഇന്ന് മുതൽ ലഭിച്ചു തുടങ്ങും.

ആദ്യ മത്സരത്തിൽ കെ എഫ് സി കാളിക്കാവും ഫിറ്റ് വെൽ കോഴിക്കോടും ആണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണിൽ ഒരു തവണ മാത്രമെ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളൂ അന്ന് കാളിക്കാവിനായിരുന്നു വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement