കുന്നമംഗലത്ത് സെമി ഫൈനൽ ഇന്നു മുതൽ

കുന്നമംഗലം അഖിലേന്ത്യാ സെവൻസിൽ ഇന്നു മുതൽ സെമി ഫൈനൽ അങ്കമാണ്. ഇരുപതു മത്സരങ്ങൾക്കു ശേഷം അവസാന നാലു പേരിലേക്കായി കുന്നമംഗലത്തെ കിരീടപോരാട്ടം ചുരുങ്ങിയിരിക്കുകയാണ്. ആദ്യ‌ സെമി ഫൈനൽ പോരാട്ടത്തിൽ ഫിഫാ മഞ്ചേരി മെഡിഗാഡ് അരീക്കോടിനെ നേരിടും. ഇരു ടീമുകളും സീസണിൽ വെറും നാലു ഫൈനലുകൾ കഴിഞ്ഞപ്പോൾ തന്നെ ഓരോ കിരീടം നേടി നിൽക്കുകയാണ്. ഇരു പാദങ്ങളിലായാണ് സെമി പോരാട്ടം നടക്കുക. രണ്ടാം കിരീടത്തിലേക്ക് ആര് അടുത്ത ചുവടു വെക്കുമെന്ന് ഇന്നത്തെ ആദ്യ പാദ സെമിയിൽ മനസ്സിലാകും. കെ എഫ് സി കാളിക്കാവിനേയും ഷൂട്ടേർസ് പടന്നയെയും മറികടന്നാണ് ഫിഫാ മഞ്ചേരി സെമിയിലെത്തിയത്. എഫ് സി മുംബൈ, അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി, ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് എന്നീ ടീമുകളാണ് മെഡിഗാഡ് അരീക്കോടിനു മുന്നിൽ കുന്നമംഗലത്ത് ഇതുവരെ വീണത്.

മണ്ണാർക്കാട് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഇന്നു അവരുടെ ആദ്യ അങ്കത്തിന് ഇറങ്ങും. കെ ആർ എസ് കോഴിക്കോടാണ് അൽ മദീന ചെർപ്പുളശ്ശേരിയുടെ എതിരാളികൾ. സീസണിൽ ഇതുവരെ ഒരു ഗോൾവരെ നേടാത്ത ടീമാണ് കെ ആർ എസ് കോഴിക്കോട്. അവർക്ക് അതുകൊണ്ട് തന്നെ തങ്ങളുടെ നിലനിൽപ്പിനു കടുത്ത പോരാട്ടം കാഴ്ചവെച്ചേ പറ്റൂ. അൽ മദീന ചെർപ്പുളശ്ശേരി ആകട്ടെ അഖിലേന്ത്യാ സെവൻസിൽ തുടർച്ചയായ ആറാം വിജയമാകും ഇന്നു ലക്ഷ്യമിടുക.

നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി ഇന്നു അവരുടെ രണ്ടാം മത്സരത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ നേരിടും. ആദ്യ റൗണ്ടിൽ മെഡിഗാഡ് അരീക്കോടിനെ അൽ മദീന ചെർപ്പുളശ്ശേരി നീലേശ്വരത്ത് മറികടന്നിരുന്നു. കണിമംഗലം സെവൻസിൽ ഇന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറം അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തോടു കർക്കിടാംകുന്നിൽ ഏറ്റ രണ്ടു പരാജയങ്ങളുടെ ഓർമ്മയിലാകും അൽ മിൻഹാൽ വളാഞ്ചേരി ഇന്നിറങ്ങുക.

എടക്കര അഖിലേന്ത്യാ സെവൻസിലും ഇന്നു അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ ഇറങ്ങുന്നുണ്ട്. കരുത്തരായ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവാണ് എടക്കരയിൽ സൂപ്പറിന്റെ എതിരാളികൾ. സീസണിൽ ആദ്യമായാണ് ഇരു ശക്തികളും നേർക്കുനേർ വരുന്നത്. നാലു തുടർച്ചയായ വിജയങ്ങളോടെയാണ് കെ എഫ് സി കാളിക്കാവ് മത്സരത്തിലേക്കു വരുന്നത്. വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നു എഫ് സി തൃക്കരിപ്പൂർ എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും. സീസണിൽ നീണ്ട ഇടവേളയ്ക്കു ശേഷമാണ് എഫ് സി തൃക്കരിപ്പൂർ കളത്തിലിറങ്ങുന്നത്. പട്ടാമ്പി അഖിലേന്ത്യാ സെവൻസിനും ഇന്നു തുടക്കമാകും. ആദ്യ മത്സരത്തിൽ അവിടെ ഓക്സിജൻ ഫാർമ ജയ എഫ് സി സീസണിൽ മത്സരം പോലും ജയിക്കാത്ത ന്യൂകാസിൽ ലക്കി സോക്കർ ആലുവയെ നേരിടും.