സോക്കർ സിറ്റിക്ക് രണ്ടാം പിറന്നാൾ

2015 ജനുവരി 27ന് ബാരിഹ് കണ്ണിയാൻ ഒരു വാട്സാപ് ഗ്രൂപ്പ് തുടങ്ങുമ്പോൾ ചിന്തിച്ചു കാണില്ല ഇത് സെവൻസ് ഫുട്ബോളിനെ തന്നെ മാറ്റി മറിക്കാൻ പോകുന്ന ഒന്നാകുമെന്ന്. ഇന്ന് സോക്കർ സിറ്റി രണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. സെവൻസ് ഫുട്ബോൾ ലോകത്ത് ഫിക്സ്ചറുകളും റിസൾട്ടും എല്ലാവിടെയും എത്തിച്ചു കൊണ്ട് തുടങ്ങിയ സോക്കർ സിറ്റി ഗ്രൂപ്പ് ഇന്ന് ലൈവ് കമന്ററിയും സെവൻസ് ഫുട്ബോൾ റാങ്കിംഗുമൊക്കെ ആയി ഒരുപാട് ഉയരത്തിൽ എത്തിയിരിക്കുന്നു.

സെവൻസ് ഫുട്ബോളിനെ മുഖ്യധാരാ ഫുട്ബോളിൽ നിന്നൊതുക്കാൻ എല്ലാവരും നോക്കിയിട്ടും സെവൻസ് ഫുട്ബോൾ ഇങ്ങനെ ഉയരത്തിലേക്കു തന്നെ പോകുന്നു എങ്കിൽ അതിൽ സോക്കർ സിറ്റി എന്ന വാട്സാപ്പ് ഗ്രൂപ്പിന് ചെറിയ പങ്കൊന്നുമല്ല. രണ്ടാം വയസ്സിൽ എത്തി നിൽക്കുമ്പോൾ സോക്കർ സിറ്റിയുടെ സംഭാവനകൾ കണക്കിൽ നിരത്താൻ കഴിയുന്നതിനുമപ്പുറം പടർന്നു കിടക്കുന്നു. നിരവധി ടൂർണമെന്റുകളിൽ കളിക്കാർക്കു ലഭിക്കുന്ന അവാർഡുകളും സോക്കർ സിറ്റിയുടെ വകയായി മാറാൻ തുടങ്ങി. അവസാനമായി വണ്ടൂരിൽ മികച്ച ഗോൾ കീപ്പർക്ക് സ്വർണ്ണ നാണയം നൽകിയ സോക്കർ സിറ്റി അടുത്തതായി മാവൂർ അഖിലേന്ത്യാ സെവൻസിലെ വിജയികൾക്കുള്ള കിരീടമാണ് നൽകുന്നത്.


കളിച്ചു ജയിക്കുന്നവരെ മാത്രമല്ല, കളിക്കിടെ വീഴുന്നവർക്ക് കൈ താങ്ങാവാനും സോക്കർ സിറ്റി ഉണ്ടാവുന്നുണ്ട്. ഫുട്ബോൾ ലോകത്തെ വിട്ടു പോയ ബേസ് പെരുമ്പാവൂരിന്റെ കുമാരേട്ടന്റെ കുടുംബത്തെ സഹായിക്കാൻ സോക്കർ സിറ്റി സുഹൃത്തുക്കൾ കൈ കോർത്തത് സമൂഹത്തിനു തന്നെ മാതൃകയായി. കഴിഞ്ഞ വർഷം വളാഞ്ചേരിയിൽ ഗെറ്റ് ടുഗതർ വെച്ചൊരുമിച്ചു കൂടിയ സോക്കർ സിറ്റി കൂട്ടായ്മ എല്ലാ വർഷങ്ങളിലും ഒരു ദിവസം ഇങ്ങനെ ഒരുമിച്ചു കൂടാനൊരു സദസ്സ് ഒരുക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ്.

ഈ വർഷം സെവൻസ് ഫുട്ബോളിൽ ഫാൻപോർട്ടുമായി സഹകരിച്ച് റാങ്കിംഗ് സമ്പ്രദായവും സോക്കർ സിറ്റി കൊണ്ടുവന്നിരുന്നു. എല്ലാ‌ മാസവും ഒന്നാം തീയതി പ്രസിദ്ധീകരിക്കുന്ന തരത്തിലുള്ള റാങ്കിംഗ് സെവൻസ് ലോകത്തിനു തന്നെ ഉണർവ്വായി. സോക്കർ സിറ്റിയുടെ ഈ വർഷത്തെ ഏറ്റവും വലിയ ചുവട് ലൈവ് കമന്ററി ആയിരുന്നു. കളികൾ നടക്കുന്ന പത്തോളം വരുന്ന ഗ്രൗണ്ടുകളിൽ നിന്നു ഇരുപതോളം റിപ്പോർട്ടേഴ്സ്. നിമിഷങ്ങളുടെ വിടവില്ലാതെ അതു ഫുട്ബോൾ പ്രേമികളിൽ കമന്ററി ആയി എത്തിക്കുന്ന , ഷൈജു ദാമോദരനെ വരെ വെല്ലാൻ കഴിവുള്ള റുജീഷ് തിരൂരും ഹിഫ്സു മാവൂരും. ഇരുവരുടെയും നേതൃത്വത്തിൽ നടക്കുന്ന കമന്ററികൾക്ക് ഗൾഫ് നാടുകളിൽ വരെ ആരാധകരേറെയാണ്.

സോക്കർ സിറ്റിയുടെ വാർഷികാഘോഷ പരുപാടികൾ സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സൂപ്പർ ബാവാക്ക ഉദ്ഘാടനം ചെയ്തു. സെവൻസ് ലോകത്തിനു സോക്കറ്റ് സിറ്റി ചെയ്ത സംഭാവനകളെ സ്മരിച്ച ബാവാക്ക ദുബായ് ബീച്ചുകളിൽ സോക്കർ സിറ്റി കമന്ററികൾ ആസ്വദിച്ചാഘോഷിക്കുന്ന മലായാളി കൂട്ടത്തെ കാണാനിടയായ അഭിമാന നിമിഷത്തെ കുറിച്ചും പറഞ്ഞു. അഡ്മിൻമാരായ ബാരി കണ്ണിയാൻ, റുജീഷ് തിരൂർ, അൻവർ സാദത്ത്, ഹസൻ പൊന്നൂസ്, ശഫീഖ് മുട്ടിപ്പാലം, ബാബു കാപിച്ചാൽ എന്നിവരുടെ പ്രവർത്തനങ്ങളെ ബാവാക്ക പ്രത്യേകം പരാമർശിച്ചു.

മൂന്നാം വയസ്സിലേക്ക് കാലെടുത്തു വെച്ച വേളയിൽ സോക്കർ സിറ്റിക്ക് ഫുട്ബോൾ ലോകത്തു നിന്നു ആശംസ പെരുമഴയാണ് ലഭിക്കുന്നത്. ടീമുകളും കളിക്കാരും മാനേജർമാരും വിവിധ ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളും അടക്കം ഫുട്ബോൾ രംഗത്തെ പ്രമുഖരെല്ല്ലാം സോക്കർ സിറ്റിക്ക് ആശംസയുമായി എത്തി.

സെവൻസ് ലോകത്ത് സജീവമായി നിൽക്കുന്ന സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂർ മാനേജറായ കെകെ കൃഷ്ണൻ കുട്ടി എന്ന കെ കെ സാർ സോക്കർ സിറ്റിക്ക് എല്ലാ‌ഭാവുകങ്ങളും നേർന്നു. കുമാരേട്ടന്റെ കുടുംബത്തിന് ദിവസങ്ങൾകൊണ്ടു സ്വരൂപിച്ചു നൽകിയ സഹായങ്ങൾ പോലെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കു വേദിയാകാൻ സോക്കർ സിറ്റിക്ക് കഴിയട്ടെ എന്നും കെ കെ സാർ ആശംസിച്ചു.

സെവൻസ് ലോകത്തെ തന്നെ മികച്ച രണ്ടു ഗോൾ കീപ്പർമാരായ അൽ മദീനയുടെ അൻഷിദ് ഖാൻ, ഫിഫാ മഞ്ചേരിയുടെ സലാം, സൂപ്പ്ർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ഫൊർവേഡ് ഇർഷാദ്, സൂപ്പറിന്റെ തന്നെ പ്രതിരോധ നിര താരം ഷമീൽ. എഫ് സി തൃക്കരിപ്പൂരിന്റെ മിന്നും ഫോർവേഡ് മുഫസ്സിൽ എന്ന വീരപ്പൻ, ടൈറ്റാനിയം ഹമീദ്, ടൈറ്റാനിയം ഉസ്മാൻ, ഹയർ സബാൻ കോട്ടക്കൽ മാനേജർ സമീർ സബാൻ, മുൻ സന്തോഷ് ട്രോഫി താരവും ഇപ്പോൾ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ നെടുംതൂണുമായ ലയണൽ തോമസ് , ഫിഫാ മഞ്ചേരി മാനേജർ യാഷിഖ് മഞ്ചേരി, സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീം പക്ഷൻ, ആൾ ഇന്ത്യ വാട്സാപ് ഗ്രൂപ്പ് അഡ്മിൻ സെയ്തലവി കാടാമ്പുഴ, കൊയപ്പ ടൂർണമെന്റ് കമിറ്റി ഓർഗനൈസർ മുബാറക്  , തുടങ്ങി വൻ നിരയാണ് സോക്കർ സിറ്റിക്ക് ആശംസയുമായി എത്തിയത്. സോക്കർ സിറ്റി ജന്മദിനാഘോഷ പരുപാടിയുടെ ഭാഗമായി ഗ്രൂപ്പിലെ അംഗങ്ങൾ അവരുടെ അനുഭവങ്ങൾ പരസ്പരം പങ്കുവെക്കുകയും കലാപരമായ അവരുടെ കഴിവുകൾ പ്രകടിപിച്ച് ആഘോഷം കൊഴുപ്പിക്കുകയും ചെയ്തു.

 

Previous articleവനിതാ ഐ ലീഗിന് തുടക്കം, ആദ്യ വിജയം റൈസിംഗ് സ്റ്റുഡൻസ് ക്ലബിന്
Next articleനോബിൾ ഇറാം കപ്പ്: അറേബ്യൻ മണ്ണിൽ ഹൃദയം കീഴടക്കി റോയൽ ട്രാവെൽസ് ബദർ എഫ്സി