മൂന്നടിച്ച് ഹയർ സബാൻ കോട്ടക്കലിന് നാലാം ജയം

പെനാൾട്ടി മൂന്നു തവണ ചതിച്ച് തുടർച്ചയായ മൂന്നു പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഹയർ സബാൻ കോട്ടക്കൽ എല്ലാ നിർഭാഗ്യങ്ങളേയും മറികടന്നു തുടർച്ചയായ നാലാം വിജയം കൊയ്തിരിക്കുകയാണ്. സ്വന്തം തട്ടകമായ കോട്ടക്കലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഹയർ സബാൻ കോട്ടക്കൽ ജവഹർ മാവൂരിനെ പരാജയപ്പെടുത്തിയത്. വിദേശ താരം കെൽവിൻ നിറഞ്ഞു കളിച്ച മത്സരത്തിൽ കെൽവിൻ തന്നെയായിരുന്നു മാൻ ഓഫ് ദി മാച്ചും. ഇന്ന് കോട്ടക്കലിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം കെ ആർ എസ് കോഴിക്കോടിനെ നേരിടും.

മാവൂർ അഖിലേന്ത്യാ സെവൻസിന്റെ ആദ്യ ദിവസം അൽ ശബാബ് ത്രിപ്പനച്ചിയുടേതായിരുന്നു. ഷൂട്ടേർസ് പടന്നയോട് ബേക്കലിൽ പരാജയപ്പെട്ടെത്തിയ അൽ ശബാബ് ത്രിപ്പനച്ചിക്ക് മാവൂരിൽ കാലിടറിയില്ല. കെ കെ സാറിന്റെ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് അൽ ശബാബ് ത്രിപ്പനച്ചി പരാജയപ്പെടുത്തിയത്. ആദ്യ ദിവസം തന്നെ കാണികൾ ജവഹർ മാവൂർ ടൂർണമെന്റിനെ ഏറ്റെടുക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഗ്യാലറി നിറഞ്ഞ മത്സരത്തിൽ ഗോൾ മഴ പെയ്തത് ഫുട്ബോൾ ആരാധകരുടെ മനസ്സും നിറച്ചു. ഇന്ന് മാവൂരിൽ നടക്കുന്ന മത്സരത്തിൽ ടൗൺ ടീം അരീക്കോട് എഫ് സി കൊണ്ടോട്ടിയെ നേരിടും.

വണ്ടൂർ അഖിലേന്ത്യാ സെവൻസ് സെമി ഫൈനലിൽ കെ ആർ എസ് കോഴിക്കോട് ശക്തരായ എഫ് സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി അടുത്ത ചുവടു വെച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കെ ആർ എസ് കോഴിക്കോടിന്റെ വിജയം. കെ ആർ എസ് അവസാന മത്സരങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. രണ്ടാം സെമി ഫൈനലിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഹയർ സബാൻ കോട്ടക്കലിനെ നേരിടും.

പട്ടാമ്പിയിൽ എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോടിനെതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം പൊരുതി കയറി ബ്ലാക്ക് & വൈറ്റ് കോഴിക്കോട് വിജയിച്ചു. ആഷിഖ് ഉസ്മാനും അഡബയോറുമാണ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനു വേണ്ടി ഗോൾ നേടിയത്. ഇന്ന് പട്ടാമ്പിയിൽ എഫ് സി തൃക്കരിപ്പൂർ ലിൻഷാ മെഡിക്കൽസിനെ നേരിടും. ബേക്കലിൽ നടന്ന മത്സരത്തിൽ ഫാസ്ക് കുനിയയെ പെനാൾട്ടി ഷൂട്ടൗട്ടിൽ മറികടന്ന് എ വൈ സി ഉച്ചാരക്കടവ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ അരയാൽ ബ്രദേഴ്സ് മോഗ്രാൽ ബ്രദേഴ്സിനെ നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal