മാവൂരിൽ ഇന്ന് ഹയർ സബാൻ കോട്ടക്കലും എ വൈ സി ഉച്ചാരക്കടവും

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ശക്തമായ പോരാട്ടമാണ്. മികച്ച ഫോമിലുള്ള ഹയർ സബാൻ കോട്ടക്കലും എ വൈ സി ഉച്ചാരക്കടവുമാണ് നേർക്കുനേർ. ഇരുടീമുകളും ജനുവരിയിൽ ഗംഭീര ഫോമിലാണ്. എ വൈ സി ഉച്ചാരക്കടവ് അവസാന അഞ്ച് മത്സ്രങ്ങളു ജയിച്ച് എത്തുമ്പോൾ സബാൻ കോട്ടക്കൽ അഞ്ചു ജയങ്ങൾക്കു ശേഷം ഒരു പരാജയം നേരിട്ട ക്ഷീണത്തിലാണ്. ഹയർ സബാൻ കോട്ടക്കൽ സീസണിൽ പെനാൾട്ടി നിർഭാഗ്യത്തെ മാത്രമേ ഇനി മറികടക്കേണ്ടതുള്ളൂ. സബാൻ കോട്ടക്കലിന്റെ അവസാന നാലു പരാജയങ്ങളും പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു.

പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ടൗൺ ടീം അരീക്കോടിനെ നേരിടും. പരിക്കേറ്റ ഡി മറിയ ഇല്ലാതെയാകും ഇന്നും അൽ മദീന ചെർപ്പുളശ്ശേരി ഇറങ്ങുക. അവസാന രണ്ടു മത്സരങ്ങളും വിജയിച്ച ആവേശത്തിലാകും ടൗൺ ടീം അരീക്കോട് ഇറങ്ങുക.

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി ലിൻഷാ മെഡിക്കൽസിനെ നേരിടും. അവസാന നാലു മത്സരങ്ങൾ പരാജയപ്പെട്ടാണ് അൽ മിൻഹാൽ വരുന്നത്. അവസാന അഞ്ചു മത്സരങ്ങളിൽ മൂന്നു പരാജയങ്ങളോടെയാണ് ലിൻഷ വരുന്നത്. മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് മിന്നും ഫോമിലുള്ള ഹയർ സബാൻ കോട്ടക്കൽ എ വൈ സി ഉച്ചാരക്കടവിനെ നേരിടും. ഇന്നും ജയിച്ചാൽ തുടർച്ചയായ ആറാം ജയമാകും സബാൻ കോട്ടക്കലിന്.

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസ് രണ്ടാം രാത്രിയിലേക്ക് കടക്കുമ്പോൾ അങ്കത്തിനെത്തുന്നത് ഫിഫാ മഞ്ചേരിയും എഫ് സി തിരുവനന്തപുരവുമാണ്. സീസണിലെ അല്ല ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഫിഫാ മഞ്ചേരിക്ക് വലിയ വിജയം തന്നെ വേണ്ടി വരും ആരാധകരെ സന്തോഷിപ്പിക്കണമെങ്കിൽ. പരിക്കിൽ നിന്നു മുക്തമായി സലാമും ജൂനിയർ ഫ്രാൻസിസും എത്തിയത് ഫിഫാ മഞ്ചേരിക്ക് ആശ്വാസമാകും.

എടപ്പാളിൽ ഇന്ന് ജിയോണി മൊബൈൽ ഉഷാ എഫ് സിയും അഭിലാഷ് എഫ് സി കുപ്പൂത്തുമാണ് നേർക്കുനേർ എത്തുന്നത്. ഇരുടീമുകളും സീസണിൽ മോശം പ്രകടനങ്ങളിൽ തങ്ങി നിൽക്കുകയാണ്. ബേക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്നു മോഗ്രാൽ ബ്രദേഴ്സ് ജവഹർ മാവൂർ പോരാട്ടമാണ്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal