അൽ ശബാബിന് ഹയർ സബാന്റെ മറുപടി, സൂപ്പറിന് അഞ്ചാം ജയം

- Advertisement -

അൽ ശബാബ് ത്രിപ്പനച്ചിയോട് കണക്കു തീർക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഹയർ സബാൻ കോട്ടക്കലിന്റെ ഗംഭീര പ്രകടനമാണ് ഇന്നലെ കുന്നമംഗലം അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ കണ്ടത്. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ 5-3 എന്ന സ്കോറിനാണ് ഹയർ സബാൻ കോട്ടക്കൽ വിജയിച്ചത്. ലൈബീരിയൻ താരം കെൽവിന്റെ ഹാട്രിക്കിൽ മൂന്നു ഗോളുകൾക്കു മുന്നിലെത്തിയ ഹയർ സബാൻ കോട്ടക്കൽ അനായാസ വിജയത്തിലേക്ക് പോകുമെന്നു തോന്നിച്ച മത്സരത്തിൽ ഹയർ സബാനെ വിറപ്പിച്ച തിരിച്ചുവരവാണ് അൽ ശബാബ് ത്രിപ്പനച്ചി നടത്തിയത്. രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ച് 3-3 എന്ന സ്കോറിലേക്ക് അൽ ശബാബ് ത്രിപ്പനച്ചി എത്തി. പക്ഷെ‌ മാനേജർമാരിൽ ഒരാളായ ശമീറിന്റെ‌ നാട്ടിൽ വിജയത്തിൽ കുറഞ്ഞൊന്നിലും തൃപ്തിപ്പെടാൻ ഹയർ സബാൻ കോട്ടക്കൽ തയ്യാറായില്ല. രണ്ടു ഗോളുകൾ കൂടെ അൽ ശബാബ് വലയിൽ നിറച്ച് മങ്കടയിലെ 4-1ന്റെ തോൽവിക്ക് 5-3ന്റെ മറുപടി കൊടുത്തു ഹയർ സബാൻ കോട്ടക്കൽ.

picsart_11-18-03-31-32

മങ്കടയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ രണ്ടാം ദിവസവും കീഴ്പ്പെടുത്താൻ കാര്യമായി ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇന്നലെ 4-1 ആയിരുന്നു സ്കോർ എങ്കിൽ ഇന്നു 3-0. അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ആറു ദിവസങ്ങൾ അഞ്ചു മത്സരങ്ങൾ 13 ഗോളുകൾ അഞ്ചു വിജയം അതാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ഇതുവരെയുള്ള സീസൺ വിലയിരുത്തിയാൽ കിട്ടുന്നത്. ഇതിലും മികച്ച തുടക്കം ലഭിക്കുക സാധ്യമല്ല. പരാജയപ്പെട്ടു മടങ്ങുന്ന ഹണ്ടേഴ്സ് കൂത്തുപറമ്പിന് തുടർച്ചയായ മൂന്നു പരാജയങ്ങളായി ഇതോടെ.

ചാവക്കാട് ഇന്നലെ മെഡിഗാഡ് അരീക്കോടും ശാസ്താ മെഡിക്കൽസുമായിരുന്നു പോരിനിറങ്ങിയത്. നിരവധി അവസരങ്ങൾ തുലച്ചുകളഞ്ഞ മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ശാസ്താ മെഡിക്കൽസ് ആയിരുന്നു. മികച്ച ഫോമിൽ ചാവക്കാടേക്കു വന്ന അജിത്തിന്റെ ടീമായ മെഡിഗാഡ് അരീക്കോട് ഗോൾ വഴങ്ങി അല്പസമയത്തിനകം തന്നെ സമനില ഗോൾ കണ്ടെത്തി. പക്ഷെ കർക്കിടാംകുന്നിൽ സ്കൈ ബ്ലൂവിനോടേറ്റ പോലെ ഒരിക്കൽ കൂടെ പരാജയം നേരിടാൻ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ഒരുക്കമായിരുന്നില്ല. മെഡിഗാഡ് അരീക്കോട് കീപ്പർ മോനുവിനെ മറികടന്ന് വീണ്ടും വലകുലക്കി മങ്കടയിൽ നിന്ന് മെഡിഗാഡ് അരീക്കോടിന്റെ യാത്ര ശാസ്താ മെഡിക്കൽസ് അവസാനിപ്പിച്ചു. വിൽ സോക്കറാണ് ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ രണ്ടു ഗോളുകളും നേടിയത്.

picsart_11-29-02-22-18

കർക്കിടാംകുന്നിൽ അഭിലാഷ് എഫ് സി കുപ്പൂത്ത് തങ്ങളുടെ സീസണിലെ ആദ്യ വിജയം കുറിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെയാണ് അഭിലാഷ് എഫ് സി പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കത്തിൽ നന്നായി കളിച്ചിരുന്ന സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനു വില്ലനായ ബാറിൽ തട്ടി മടങ്ങിയ ഷോട്ടുകളായിരുന്നു. ഗോളുകൾക്കു ശേഷം ആധിപത്യമുറപ്പിച്ച അഭിലാഷ് എഫ് സി കുപ്പൂത്തിന് പിന്നെ കളിയിൽ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement