സെവൻസിലെ സൂപ്പർ താരങ്ങളെ അണിനിരത്തി റോയൽ ട്രാവൽസ് വരുന്നു

- Advertisement -

സെവൻസ് ഫുട്ബോൾ ഈ‌ സീസണിൽ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ ഏതുടീമിലാണെന്ന് ചോദിച്ചാൽ അത് റോയൽ ട്രാവൽസ് എഫ് സിയിലാണെന്ന് പറയേണ്ടി വരും. ഒരു കാലത്ത് ബെക്കാമും സിദാനും റൊണാൾഡോയും ഒക്കെ അണിനിരന്ന താരങ്ങളുടെ ക്ലബായി മാറിയിരുന്ന റയൽ മാഡ്രിഡിനെ ഓർമ്മിപ്പിക്കുന്നതാണ് ഇത്തവണത്തെ റോയൽ ട്രാവൽസ് എഫ് സി ലൈനപ്പ്.

സെവൻസ് ഫുട്ബോളിലെ മിന്നും താരങ്ങളെല്ലാം ഒരൊറ്റ ജേഴ്സിയിൽ. സീസണ് ഇന്ന് തുടക്കമാകുമ്പോൾ റോയൽ ട്രാവൽസ് എന്ന ടീമിനെ ആകും പല വമ്പന്മാരും പേടിയോടെ നോക്കുന്നതും. ബ്ലാക്ക് ഏൻഡ് വൈറ്റ് എന്ന ടീമിന്റെ ചരിത്രത്തിന് ഒപ്പം നിൽക്കുന്ന പ്രകടനം നടത്തേണ്ടതുണ്ട് മുഖം മിനുക്കി എത്തുന്ന റോയൽ ട്രാവൽസ് എഫ് സിക്ക്.

കഴിഞ്ഞ സീസണിൽ അമ്പതിലധികം ക്ലീൻഷീറ്റ് സ്വന്തമാക്കി റെക്കോർഡ് ഇട്ട സെവൻസിന്റെ ഒലിവർ ഖാൻ എന്നറിയപ്പെടുന്ന അൻഷിദ് ഖാനാണ് റോയലിന്റെ വലകാക്കുന്നത്. ഡിഫൻസിൽ സെവൻസിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡേഴ്സ് ആയ ഷമീലും വിദേശ താരങ്ങളായ ഓച്ചിയും ബാബലാലയും.

വിങ്ങ് ബാക്കിൽ ഇടതു ഭാഗത്ത് സഫീറും മുബാരിസും അണിനിരക്കുമ്പോൾ വലതു ഭാഗത്ത് മൂസയും താസിഫും. സെന്റർ ഫോർവേഡിലും താരരാജാക്കന്മാർ തന്നെ ആഷിഖ് ഉസ്മാനുൻ ഇർഷാദും. സ്ട്രൈക്കർമാരായി കഴിഞ്ഞ‌ സീസണിൽ തകർത്താടിയ കുട്ടൻ. ഒപ്പം ബ്ലാക്കിനു വേണ്ടി കഴിഞ്ഞ‌ സീസൺ രണ്ടാം പകുതിയിൽ ആളികത്തിയ കിംഗ്സ് ലീയും അഡബയോറും.

ഇത്രയും വലിയ‌ താരനിരയെ അണിനിരത്തി തന്ത്രങ്ങൾ മെനയുന്നതും സെവൻസിലെ ഏറ്റവും മികച്ച തന്ത്രശാലികൾ തന്നെ. സെയ്യിദ്, ബാബു തിരൂർക്കാട്, മനോഹരൻ. ഒപ്പം റോയൽ ട്രാവൽസ് ഉടമ റോയൽ മുസ്ഥഫയും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement