വിജയം ആവർത്തിച്ച് റോയൽ ട്രാവൽസ് കൊയപ്പ ഫൈനലിൽ

സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ തീരുമാനം ആയി. ഫൈനലിൽ മെഡിഗാഡ് അരീക്കോടും റോയൽ ട്രാവൽസ് കോഴിക്കോടും ആകും ഏറ്റുമുട്ടുക. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ എ വൈ സി ഉച്ചാരക്കടവിനെ തോൽപ്പിച്ച് കൊണ്ടാണ് റോയൽ ട്രാവൽസ് ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോയൽ ട്രാവൽസിന്റെ ഇന്നത്തെ വിജയം.

ആദ്യ പാദ സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും റോയൽ ട്രാവൽസ് വിജയിച്ചിരുന്നു. ഇത് റോയൽ ട്രാവൽസിന്റെ സീസണിലെ അഞ്ചാം ഫൈനൽ ആകും. ഇതിനു മുമ്പ് കളിച്ച നാലു ഫൈനലിലും റോയൽ തന്നെയാണ് കപ്പ് ഉയർത്തിയതും. മെഡിഗാഡ് അരീക്കോട് നേരത്തെ ബെയ്സ് പെരുമ്പാവൂരിനെ തകർത്തു കൊണ്ടായിരുന്നു ഫൈനലിലേക്ക് എത്തിയത്. മെഡിഗാഡ് അരീക്കോടിന്റെ ഈ സീസണിലെ രണ്ടാം ഫൈനലാണിത്. നാളെ ആണ് ഫൈനൽ നടക്കുക.

Exit mobile version