റാഫിയുടേതടക്കം പത്തു ഗോൾ പിറന്നിട്ടും വരന്തരപ്പിള്ളിയിൽ സമനില തെറ്റിയില്ല

- Advertisement -

വരന്തരപിള്ളിയിൽ നടന്നതാണ് കളി. ബേസ് പെരുമ്പാവൂരും മെഡിഗാഡും കളത്തിലിറങ്ങിയപ്പോൾ ആരും കരുതിയില്ല അത് ഒരു പത്തു ഗോൾ ത്രില്ലറാകുമെന്ന്. സാക്ഷാൽ മുഹമ്മദ് റാഫിയെ തന്നെ ഇറക്കി പോരിനു ഒരുങ്ങിയ മെഡിഗാഡിനു മുന്നിൽ ബേസ് പെരുമ്പാവൂർ ചെറുതായി പോകുമെന്ന് ബേസിന്റെ ഈ സീസണിലെ പ്രകടനങ്ങൾ കണ്ട അധികപേരും കരുതി. പക്ഷെ അട്ടിമറികളും വമ്പന്മാരെ ഞെട്ടിക്കലും ബേസിന് പുതിയ കഥയല്ല.

കളി തുടങ്ങിയപ്പോൾ മുതൽ ഇടവേളകളില്ലാതെ വല കുലുങ്ങി തുടങ്ങി. കെൽവിനും മാർട്ടിനും റാഫിയും ബേസിന്റെ പ്രതിരോധ നിരക്ക് നിരന്തരം ഭീഷണിയായി. മറുഭാഗത്ത് ബേസും കുറച്ചില്ലം റാഫിയുടെ ബൂട്ടിൽ നിന്നു പിറന്ന ഗോൾ അടക്കം 2-2 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിന്ന കളി പെട്ടെന്ന് ബേസിന്റെ കയ്യിൽ നിന്നു വഴുതി 4-2 എന്നായി. കളി മെഡിഗാഡ് കൊണ്ടു പോയി എന്നു കരുതിയ നിമിഷത്തിൽ വരന്തരപ്പിള്ളിയുടെ ഗ്യാലറിയെ സാക്ഷ്യമാക്കി ബേസിന്റെ തിരിച്ചുവരവ്. നിശ്ചിത സമയം അവസാനിക്കുമ്പോൾ 4-4. കളി എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ മെഡിഗാഡിന്റെ വക വീണ്ടും ഗോൾ. 5-4. പക്ഷെ ബേസ് പതറിയില്ല വീണ്ടും കളിയിലേക്കവർ തിരിച്ചുവന്നു. അവസാന വിസിൽ മുഴങ്ങുമ്പോൾ 5-5. കളി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ കമ്മിറ്റി തീരുമാനിച്ചു. റാഫിയെ കൂടാതെ മാർട്ടിനും കെൽവിനും മെഡിഗാഡിനു വേണ്ടി വലകുലുക്കി.

തുവ്വൂർ അഖിലേന്ത്യാ സെവൻസ് സെമി ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരിയും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും സമനിലയിൽ പിരിഞ്ഞു. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. ഫിഫാ മഞ്ചേരിയുടെ ഗോൾ പിറന്നത് എറികിന്റെ ഫ്രീകിക്കിൽ നിന്നായിരുന്നു. എറിക് രണ്ടു ദിവസം മുമ്പ് ജവഹറിനെതിരെ ഹാട്രിക്ക് നേടിയപ്പോഴും രണ്ടു ഫ്രീകിക്ക് ഗോളുകൾ നേടിയിരുന്നു. കാളിക്കാവിനു വേണ്ടി ഗോൾ മടക്കിയത് ടൈറ്റസ് ആണ്.

വളാഞ്ചേരിയിൽ കഴിഞ്ഞ കളി സമനിലയിൽ പിരിഞ്ഞതിനു പകരം വീണ്ടും കെ ആർ എസ് കോഴിക്കോടും അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഇറങ്ങിയപ്പോൾ ജയം സൂപ്പറിന്റെ കൂടെ നിന്നു. ജയിക്കണമെന്നുറപ്പിച്ച് ഇറങ്ങിയ സൂപ്പർ കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ മൂസയിലൂടെ മുന്നിലെത്തി. 2-1 എന്ന സ്കോറിനായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയം.

Advertisement