മുഹമ്മദ് റാഫിയുടെ ഇരട്ട ഗോൾ, തൃക്കരിപ്പൂരിന് തകർപ്പൻ ജയം

ഇന്നലെ കൊളത്തൂരിൽ വിജയിച്ച ആത്മവിശ്വാസവുമായി ചെമ്മാണിയോടിൽ എത്തിയ എഫ് സി തൃക്കരിപ്പൂരിനെ അൽ ശബാബ് തൃപ്പനച്ചി അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ എഫ് സി തൃക്കരിപ്പൂർ രണ്ടു ഗോളിനു പിറകിൽ. മുഹമ്മദ് റാഫി എന്ന തൃക്കരിപ്പൂരിന്റെ അഭിമാനം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം റാഫിച്ച പക്ഷെ തൃക്കരിപ്പൂരിനെ സ്വന്തം തോളിലേറ്റി തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ രണ്ടു ഗോളുകൾ റാഫിയുടെ വക അൽ ശബാബിന്റെ പോസ്റ്റിൽ. 3-2 ന് അൽ ശബാബ് തൃപ്പനച്ചി മുന്നിൽ. രണ്ടാം പകുതിയിലും എഫ് സി തൃക്കരിപ്പൂർ നിർത്തിയില്ല. അഞ്ചു ഗോളുകളാണ് നിശ്ചിത സമയത്തേക്ക് എഫ് സി തൃക്കരിപ്പൂർ അടിച്ചു കയറ്റിയത്. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ 5-3ന്റെ വിജയം. ചെമ്മാണിയോട് നാളെ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നേരിടും.

പാലക്കാട് ഉദ്ഘാടന ദിവസം മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന് വിജയം. ഹണ്ടേഴ്സ് കൂത്തുപറമ്പിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കാളിക്കാവ് പരാജയപ്പെടുത്തിയത്. തുടക്കത്തിൽ തന്നെ ലീഡെടുത്ത ഹണ്ടേഴ്സ് ഒരു അട്ടിമറി സാധ്യത ഉണ്ടാക്കിയെങ്കിലും കാളിക്കാവ് ശക്തമായി തിരിച്ചുവരിക ആയിരുന്നു. പാലക്കാടിൽ നാളെ നടക്കുന്ന മത്സരത്തിൽ എഫ് സി തൃക്കരിപ്പൂർ ജിയോണി മൊബൈൽ ഉഷാ എഫ് സിയെ നേരിടും.

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ ഹയർ സബാൻ കോട്ടക്കൽ എ വൈ സി ഉച്ചാരക്കടവിനെ പെനാൾട്ടിയിൽ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. നാളെ കാഞ്ഞങ്ങാട് എഫ് സി കൊണ്ടോട്ടിയും കെ എഫ് സി കാളിക്കാവും തമ്മിലാണ് മത്സരം. ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ ബേസ് പെരുമ്പാവൂർ പെനാൾട്ടി ഷൂട്ടൗട്ടിൽ ജയ എഫ് സി തൃശ്ശൂരിനെ മറികടന്നു. നാളെ ചാലിശ്ശേരിയിൽ അൽ ശബാബ് തൃപ്പനച്ചിയും ടൗൺ ടീം അരീക്കോടും തമ്മിലാണ് മത്സരം.

ആലത്തൂർ അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ വീഴ്ത്തി. നാളെ ആലത്തൂരിൽ എ വൈ സി ഉച്ചാരക്കടവും ജയ എഫ് സി തൃശ്ശൂരും ഏറ്റുമുട്ടും.

Previous articleക്ലബ് ഫുട്ബോൾ; വിജയത്തോടെ എം എസ് പി തുടങ്ങി
Next articleആദ്യം കിംഗ്സ് ലീ മാജിക്, പിന്നെ മെഡിഗാഡിന്റെ മാജിക് തിരിച്ചുവരവ്