
പോപ്പി എന്ന വിളിപ്പേരുള്ള ഹിഷാം മജീദ്. മലപ്പുറത്ത് പന്തിനെ കുറിച്ചറിയാവുന്നവർക്ക് കുറച്ചു കാലമായി ഈ പേരും അറിയാം. പോപ്പിയെന്ന ഹിഷാമിനെ തേടി ഇപ്പോൾ സെവൻസിലെ രണ്ടു രാജാക്കന്മാരാണ് എത്തിയിരിക്കുന്നത്. അതും തന്റെ പത്തൊമ്പതാം വയസ്സിൽ.
മങ്കടയിൽ നിന്ന് ഇത്ര ചെറുപ്രായത്തിൽ അഖിലേന്ത്യാ സെവൻസിലേക്ക് വിളിവന്ന പോപ്പി സെവൻസിലെ താരോദയമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെവൻസിലെ രാജാക്കന്മാരായ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെയും ജവഹർ മാവൂരിന്റെയും ജേഴ്സിയാണ് ഈ വർഷം ഹിഷാം അണിയുക.
മങ്കടയുടെ ഫുട്ബോൾ മാപ്പിലേക്ക് പോപ്പിയുടെ പേരു കൂടെ ഇതോടെ ചേർക്കപ്പെടും. മലപ്പുറം എം എസ് പിയിൽ പ്ലസ് വൺ വിദ്യാർത്ഥിയാണിപ്പോൾ പോപ്പി. മഞ്ചേരി നോബിൾ സ്ക്കൂളിൽ ഹൈസ്ക്കൂൾ ടീമിലേ പ്രധാന സാന്നിദ്ധ്യമായിരുന്ന ഹിഷാം കളിവളർത്താനുള്ള അടുത്ത പടിയായാണ് എംസ്പിയിലെത്തിയത്. എം എ എസ് പി സ്കൂൾ ടീമിൽ ഇടം നേടിയ പോപ്പി ബെംഗളൂരു എഫ് സിയിൽ ട്രയൽസിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
മലപ്പുറത്തിന്റെ മഞ്ഞപ്പടയിലും മാവൂരിന്റെ ചുവപ്പു പടയിലും പോപ്പി കത്തികയറുന്നത് കാത്തിരിക്കുകയാണ് മങ്കട നിവാസികൾ. മങ്കട കർക്കിടകം സ്വദേശിയായ ഹിഷാം പോപ്പി പള്ളിയാലിൽതൊടി മജീദ് റൈഹാന എന്നീ ദമ്പതികളുടെ മകനാണ്.