
ഹയർ സബാൻ കോട്ടക്കൽ ഇന്നലെ കൊടുവള്ളിയിലാണ് തിരിച്ചുവന്ന് വീര്യം കാട്ടിയത് എങ്കിൽ ഇന്ന് അതങ്ങ് ചെമ്മാണിയോടായിരുന്നു. അതും ശക്തരായ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെതിരെ. തുടക്കത്തിൽ ടൈറ്റസിന്റെ ഇരട്ട ഗോളിലൂടെ മുന്നിലെത്തിയ കാളിക്കാവിനെ രണ്ടാം പകുതിയിൽ ഹയർ സബാൻ തിരിച്ചുവന്ന് കീഴടക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം മൂന്നു ഗോളിനു പിറകിൽ നിന്ന ശേഷം തിരിച്ചുവന്ന് ഫിറ്റ് വെൽ കോഴിക്കോടിനെ സബാൻ കീഴടക്കിയിരുന്നു. നിശ്ചിത സമയത്ത് ഇന്ന് 2-2 എന്ന നിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൾട്ടിയിലാണ് ഹയർ സബാൻ കോട്ടക്കൽ സ്വന്തമാക്കിയത്.
മമ്പാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് എ വൈ സി ഉച്ചാരക്കടവിന് ജിയോണി മൊബൈൽ ഉഷാ എഫ് സിയുടെ കയ്യിൽ നിന്ന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഒന്നിനെതിരെ കനാൽ ഗോളുകൾക്കാണ് ഉഷാ എഫ് സി എ വൈ സിയെ പരാജയപ്പെടുത്തിയത്. നാളെ മമ്പാടിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും.
മമ്പാടിൽ പരാജയപ്പെട്ടു എങ്കിലും ചാലിശ്ശേരിയിൽ എ വൈ സി ഉച്ചാരക്കടവ് വിജയിച്ചു. മെഡിഗാഡ് അരീക്കോടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എ വൈ സി പരാജയപ്പെടുത്തിയത്. ചാലിശ്ശേരിയിൽ നാളെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ബേസ് പെരുമ്പാവൂരിനെ നേരിടും.
പറപ്പൂരിലും മെഡിഗാഡ് അരീക്കോടിന് ഇന്ന് പരാജയമായിരുന്നു. ശാസ്താ മെഡിക്കൽസ് തൃശ്ശൂർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പറപ്പൂരിൽ മെഡിഗാഡിനെ തോൽപ്പിച്ചത്. നാളെ പറപ്പൂരിൽ ബ്ലാക്ക് & വൈറ്റ് ബേസ് പെരുമ്പാവൂരിനെ നേരിടും. ഒളവണ്ണയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ പരാജയപ്പെടുത്തി. നാളെ ഒളവണ്ണയിൽ ടൗൺ ടീം അരീക്കോടും ശാസ്താ മെഡിക്കൽസ് തൃശ്ശൂരും തമ്മിലാണ് പോരാട്ടം.
പാലക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ഫിറ്റ് വെൽ കോഴിക്കോട് ലക്കി സോക്കർ ആലുവയെ ടോസിൽ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിനു ശേഷവും സമനിലയിൽ തുടർന്നതു കൊണ്ടാണ് ടോസിനെ ആശ്രയിച്ചത്. നാളെ പാലക്കാടിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും എഫ് സി കൊണ്ടോട്ടിയുൻ തമ്മിലാണ് മത്സരം.