ലക്കില്ലാതെ ലക്കി സോക്കർ ആലുവ, കൊയപ്പയിൽ ആദ്യ വിജയം എഫ് സി പെരിന്തൽമണ്ണയ്ക്ക്

പേര് ലക്കി സോക്കർ ആലുവ എന്നാണെങ്കിലും കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ ഇറങ്ങിയ ടീം അൺലക്കി സോക്കർ ആലുവ ആയിരുന്നു. നിർഭാഗ്യങ്ങളിൽ തലയിടിച്ച് കൊടുവള്ളി മൈതാനത്ത് ലക്കി സോക്കർ ആലുവ വീണപ്പോൾ ഒരു ഗോളിന്റെ വിജയം എഫ് സി പെരിന്തൽമണ്ണയ്ക്ക്. ഗോൾ നേടിയതാകട്ടെ ഒരിടവേളയ്ക്കു ശേഷം സെവൻസ് ലോകത്ത് തിരിച്ചെത്തിയ ഉസോ. അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി ഉസോ താരമായി. ജയിച്ചത് എഫ് സി പെരിന്തൽമണ്ണ ആയിരുന്നു എങ്കിലും കളി കണ്ടവർ ഏറ്റെടുത്തത് ലക്കി സോക്കറിനെ ആയിരുന്നു. ബാറിലും എഫ് സി പെരിന്തൽമണ്ണയുടെ ഗോൾ കീപ്പിംഗ് മികവുകൊണ്ടും ഗോളെന്നുറച്ച് പത്തോളം സുവർണ്ണാവസരങ്ങളാണ് ആലുവയ്ക്ക് കൊയപ്പ ആദ്യ ദിനം തന്നെ നഷ്ടമായത്.

പരപ്പൂര് അഖിലേന്ത്യാ സെവൻസ് ഉദ്ഘാടന ദിവസം പോരാട്ടം മെഡിക്കൽസ് ടീമുകൾ തമ്മിലായിരുന്നു. ശാസ്താ മെഡിക്കൽസ് തൃശ്ശൂരും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും ഏറ്റുമുട്ടിയപ്പോൾ ജയവുമായി ശാസ്താ മെഡിക്കൽസ് തൃശ്ശൂർ മുന്നേറി. ഇരുടീമുകളും അവസാനം എടപ്പാളിൽ ഏറ്റുമുട്ടിയപ്പോഴും ജയം ശാസ്തയ്ക്കായിരുന്നു.

ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ ആദ്യ രാത്രിയത്തെ പോരാട്ടം ജിയോണി മൊബൈൽ ഉഷാ എഫ് സിയും കെ ആർ എസ് കോഴിക്കോടും തമ്മിലായിരുന്നു. പെനാൾട്ടിവരെ നീണ്ട മത്സരത്തിൽ കെ ആർ എസ് കോഴിക്കോട് ജിയോണി ഉഷയെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു സ്കോർ.

ആലത്തൂർ അഖിലേന്ത്യാ സെവൻസിൽ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ പരാജയപ്പെടുത്തി എഫ് സി തിരുവനന്തപുരം തങ്ങളുടെ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ടോസിലായിരുന്നു തിരുവനന്തപുരത്തിന്റെ ജയം. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോഴും വിജയികളെ കണ്ടെത്താനായില്ല തുടർന്നാണ് ടോസ് ചെയ്തത്.

Previous articleതളിപ്പറമ്പിൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം, മദീന ടോപ്പ് മോസ്റ്റിനു മുന്നിൽ മുട്ടു കുത്തി
Next articleകൊയപ്പയിൽ ഇന്ന് സൂപ്പറും ലിൻഷയും നേർക്കുനേർ, ലിൻഷയ്ക്ക് ജയിച്ചേ തീരൂ