മുഹമ്മദ് റാഫിക്ക് പരിക്ക്, എഫ് സി തൃക്കരിപ്പൂരിനു തോൽവി

എടപ്പാളിന് ആവേശമായി എഫ് സി തൃക്കരിപ്പൂരിനു വേണ്ടി മുഹമ്മദ് റാഫി ഇറങ്ങി പക്ഷെ പതിവുപോലെ എഫ് സി തൃക്കരിപ്പൂരിനെ വിജയത്തിലെത്തിക്കാൻ ഈ കേരള ബ്ലാസ്റ്റേഴ്സ് താരത്തിനായില്ല. പരിക്കു കാരണം കുറച്ചു ദിവസമായി സെവൻസ് മൈതാനങ്ങളിൽ നിന്നു വിട്ടു നിന്ന റാഫി ഇന്നാണ് ഇടവേളയ്ക്കു ശേഷം ബൂട്ടു കെട്ടിയത്. പക്ഷെ‌ രണ്ടാം പകുതിയിൽ വീണ്ടും പഴയ പരിക്ക് വില്ലനായതു കൊണ്ട്  മുഹമ്മദ് റാഫിക്ക് കളം വിടേണ്ടി വന്നു.

എഫ് സി തൃക്കരിപ്പൂർ മെഡിഗാഡ് പോരാട്ടത്തിൽ റാഫി പരിക്കേറ്റു കളം വിടുന്നതു വരെ എഫ് സി തൃക്കരിപ്പൂരും മെഡിഗാഡ് അരീക്കോടും ഒപ്പത്തിനൊപ്പമായിരുന്നു.പക്ഷെ റാഫി കളം വിട്ടശേഷം മമ്മദും ബ്രൂസും അടങ്ങുന്ന മെഡിഗാഡ് നിര ഉണർന്നു. മമ്മദിന്റെ പാസിൽ നിന്നു ബ്രൂസിന്റെ സ്ട്രൈക്കിൽ മെഡിഗാഡിന്റെ ആദ്യ ഗോൾ. അടുത്ത നിമിഷം തന്നെ മമ്മദിന്റെ ക്രോസിനു തലവെച്ച് ആസിഫിന്റെ‌ രണ്ടാം ഗോൾ. കളി 2-0 എന്ന സ്കോറിന് മെഡിഗാഡ് വിജയിച്ചു.

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ജയ എഫ് സി തൃശ്ശൂരിനെ പരാജയപ്പെടുത്തിയത്. അഡബയോറും ആഷിഖ് ഉസ്മാനുമാണ് ബ്ലാക്കിന്റെ ഗോളുകൾ നേടിയത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ സിദ്രാ വെഡ്ഡിംഗ്സ് സ്കൈ ബ്ലൂ എടപ്പാൾ പെനാൾട്ടി ഷൂട്ടൗട്ടിൽ ജിംഖാന തൃശ്ശൂരിനെ കീഴടക്കി. നിശ്ചിത സമയത്ത് 1-1ന് അവസാനിച്ച മത്സരം പെനാൾട്ടിയിൽ സ്കൈ ബ്ലൂ നേടുകയായിരുന്നു. രണ്ടു മത്സരങ്ങളുണ്ടായിരുന്ന സ്കൈ ബ്ലൂ എടപ്പാളിന് പക്ഷെ മഞ്ചേരിയിലെ പെനാൾട്ടി ഭാഗ്യം മാവൂരിൽ തുണയായില്ല. അവിടെ കെ ആർ എസ് കോഴിക്കോടിനോട് പെനാൾട്ടിയിൽ സ്കൈ ബ്ലൂ എടപ്പാൾ പരാജയപ്പെട്ടു. 2-2ന് കളി നിശ്ചിത സമയത്ത് സമനിലയിൽ പിരിയുകയായിരുന്നു.

എടത്തനാട്ടുകരയിലും മത്സരം പെനാൾട്ടിയിൽ എത്തി. ജിയോണി മൊബൈൽ ഉഷാ എഫ് സിയും എ വൈ സി ഉച്ചാരക്കടവും തമ്മിൽ നടന്ന പോരാട്ടത്തിൽ പെനാൾട്ടിയിൽ വിജയം ഒപ്പം നിന്നത് എ വൈ സി ഉച്ചാരക്കടവിന്റെ കൂടെയായിരുന്നു.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleഅഡ്വാൻ്റേജ് ഫെഡറർ
Next articleവണ്ടൂരിലെ കണക്കു തീർക്കാൻ കെ ആർ എസിനെതിരെ ഫിഫാ മഞ്ചേരി