ഇനി അവസാന അങ്കം, കിരീടത്തിനായി സൂപ്പർ സ്റ്റുഡിയോയും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സിയും

- Advertisement -

മാവൂർ അഖിലേന്ത്യാ സെവൻസിന് കൊടിയിറങ്ങാൻ പോകുന്ന ദിവസം കലാശപോരാട്ടത്തിന് ഇറങ്ങുന്നത് രണ്ട് കരുത്തരാണ്. മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും മലപ്പുറത്തിന്റെ മഞ്ഞപ്പട അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും. സീസണിലെ ആദ്യ കിരീടമാണ് സൂപ്പറിന്റെ ലക്ഷ്യമെങ്കിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന് ഇത് കിരീട നേട്ടം രണ്ടായി ഉയർത്താനുള്ള അവസരമാണ്.

 

അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഇത് നാലാം ഫൈനലാണ്. സീസണിൽ ഇതിനു മുന്നേ മൂന്നു തവണ ഫൈനലിലെത്തിയപ്പോഴും നിർഭാഗ്യമായിരുന്നു സൂപ്പറിന്റെ കൂട്ട്. അതിന് അവസാനം കുറിക്കുകയാകും സൂപ്പറിന്റെ‌ ലക്ഷ്യം. മാവൂരിൽ സൂപ്പറിന് ഫൈനലിലേക്കുള്ള വഴി അതി കഠിനമായിരുന്നു. ആദ്യ റൗണ്ടിൽ ലക്കി സോക്കറിനെ പരാജയപ്പെടുത്തിയ സൂപ്പറിന് പിന്നീട് കരുത്തരായ ബ്ലാക്ക് & വൈറ്റ് കോഴിക്കോടും അൽ മദീന ചെർപ്പുളശ്ശേരിയുമായിരുന്നു എതിരാളികൾ. ബ്ലാക്കിനെ 3-2 മലർത്തിയടിച്ച സൂപ്പർ വിവാദം നിറഞ്ഞ മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയേയും മറികടന്നു. നിർണായക സെമി ഫൈനലിൽ ഇരുപാദങ്ങളിലായി കെ ആർ എസ് കോഴിക്കോടിനെ വീഴ്ത്തിയാണ് സൂപ്പർ ആവേശ ഫൈനലിൽ ഇടം പിടിച്ചത്.

മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന് ഇത് സീസണിലെ രണ്ടാം ഫൈനലാണ്. ആദ്യ ഫൈനൽ അങ്ങ് നീലേശ്വരത്തിന്റെ മണ്ണിലായിരുന്നു. അന്ന് കിരീടമുയർത്തിയ അതേ ആവേശത്തോടെയാണ് കാളിക്കാവ് മാവൂരിലും ഇറങ്ങുന്നത്. എ വൈ സി ഉച്ചാരക്കടവിനെ ആവേശ പോരാട്ടത്തിൽ 6-3ന് തകർത്തു കൊണ്ട് തുടങ്ങിയ കെ എഫ് സി കാളിക്കാവ് രണ്ടാം റൗണ്ടിൽ വന്നു പെട്ടത് ഫിഫാ മഞ്ചേരിയുടെ മുന്നിലായിരുന്നു. പക്ഷെ ഒട്ടും പതറാതെ ഫിഫാ മഞ്ചേരിയെ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് വീഴ്ത്തി. സെമിയിൽ ഇരു പാദങ്ങളിലുമായി ടൗൺ ടീം അരീക്കോടിനെ മറികടന്നു ഫൈനലിലെത്തിയ കാളിക്കാവിന്റെ ശക്തി യുവ മാനേജർ സുഹൈലും, ഒരു പറ്റം മികച്ച മലയാളി താരങ്ങളുമാണ്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement