സോക്കർ സിറ്റി കിരീടം മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന്

- Advertisement -

മാവൂർ അഖിലേന്ത്യാ സെവൻസിന്റെ കൊടി ഇറങ്ങിയപ്പോൾ ഏറ്റവും നിരാശ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആരാധകർക്കാകും. സീസണിൽ നാലാം തവണയും ഫൈനലിൽ കിരീടം കൈവിട്ടിരിക്കുകയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം. ഈ സീസണിൽ ശക്തമായ പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവാണ് സഡൻ ഡെത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തകർത്ത് സോക്കർ സിറ്റി വാട്സാപ്പ് ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന കിരീടം ഉയർത്തിയത്. സുഹൈലിന്റെ ടീമിന്റെ സീസണിലെ രണ്ടാം കിരീടമാണിത്. വെറും രണ്ടു ടീമുകൾ മാത്രമേ ഈ സീസണിൽ കെ എഫ് സി കാളിക്കാവിനെക്കാൾ കിരീടത്തിൽ മുത്തമിട്ടിട്ടുള്ളൂ.

സീസണിലെ അപ്രതീക്ഷിത നിരാശകൾ മായ്ച്ചു കളയുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇരുടീമുകളും മാവൂർ അവസാന അങ്കത്തിന് ഇറങ്ങിയത്. നിറഞ്ഞ ഗ്രൗണ്ടിൽ ആരംഭിച്ച മത്സരത്തിൽ തുടക്കത്തിൽ തന്നെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ലീഡെടുത്തു. പക്ഷെ ശക്തമായി തിരിച്ചുവന്ന മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് നൗഫലിന്റെ ഉഗ്രൻ ഫ്രീകിക്കിലൂടെ ഒപ്പമെത്തി. പിന്നെ ആയിരുന്നു വിവാദ ഗോൾ, സൂപ്പറിന്റെ ആക്രമണ നിര തൊടുത്ത ഷോട്ട് ഇരുപോസ്റ്റുകളിലും തട്ടി മടങ്ങിയപ്പോൾ ലൈൻ റഫറി ഗോളെന്നു വിധിച്ചു. കാണികളും കെ എഫ് സി കാളിക്കാവും ഗോളെല്ലെന്നു വാദിച്ചതോടെ കളി നിർത്തിവെക്കേണ്ടി വന്നു. തെറ്റു മനസ്സിലാക്കി റെഫറി ഗോൾ പിൻവലിച്ചതിനു ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ഗോൾ അല്ലാത്ത ഗോൾ വേണ്ട എന്നു തീരുമാനിച്ചു കളിക്കാൻ തയ്യാറായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം മാതൃകയായി.

കളി പുനരാരംഭിച്ച് ഇരു ടീമുകളും വിജയഗോളിനായി ശ്രമിച്ചെങ്കിലും ഗോൾ പിറന്നില്ല. നിശ്ചിത സമയത്ത് കളി 1-1 എന്ന സ്കോറിന് സമനിലയിൽ അവസാനിച്ചു. തുടർന്ന് കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ കെ എഫ് സി കാളിക്കാവിന്റെ സൂപ്പർ താരം ടൈറ്റസ് എടുത്ത ആദ്യ കിക്ക് നാഷിദ് തടുത്തു. പക്ഷെ ആ‌ മുൻതൂക്കം മുതലാക്കാൻ സൂപ്പറിനായില്ല. തങ്ങളുടെ മൂന്നാം കിക്ക് സൂപ്പറിന് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 4-4 എന്ന നിലയിലായതോടെ കളി സഡൻ ഡെത്തിൽ എത്തി. സഡൻ ഡെത്തിലെ ആദ്യ കിക്ക് സൂപ്പറിന് പിഴച്ചു. അവസരം മുതലാക്കി കെ എഫ് സി കാളിക്കാവിന്റെ കിക്ക് ലക്ഷ്യത്തിൽ. കിരീടം കാളിക്കാവിലേക്ക്.

മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന്റെ സീസണിലെ രണ്ടാം ഫൈനലായിരുന്നു ഇത്. ആദ്യ ഫൈനലിൽ നീലേശ്വരത്ത് കാളിക്കാവ് കിരീടം ഉയർത്തിയിരുന്നു. അന്ന് കിരീടമുയർത്തിയ അതേ ആവേശത്തോടെയാണ് കാളിക്കാവ് മാവൂരിലും ഇറങ്ങിയത്. എ വൈ സി ഉച്ചാരക്കടവിനെ ആവേശ പോരാട്ടത്തിൽ 6-3ന് തകർത്തു കൊണ്ട് തുടങ്ങിയ കെ എഫ് സി കാളിക്കാവ് രണ്ടാം റൗണ്ടിൽ വന്നു പെട്ടത് ഫിഫാ മഞ്ചേരിയുടെ മുന്നിലായിരുന്നു. പക്ഷെ ഒട്ടും പതറാതെ ഫിഫാ മഞ്ചേരിയെ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് വീഴ്ത്തി. സെമിയിൽ ഇരു പാദങ്ങളിലുമായി ടൗൺ ടീം അരീക്കോടിനെ മറികടന്നു ഫൈനലിലെത്തിയ കാളിക്കാവിന്റെ ശക്തി മാനേജർ സുഹൈലും, യുവ താരങ്ങളായ നൗഫൽ ദീപക് എന്നിവരടങ്ങിയ മലയാളി പടയുമാണ്‌.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement