മമ്മദിനു മുന്നിൽ ആനക്കാരൻ വീണു, മെഡിഗാഡ് അരീക്കോടിന് മൂന്നാം കിരീടം

- Advertisement -

എടപ്പാളിന്റെ മണ്ണിൽ ആനക്കാരൻ സ്ട്രൈക്കേഴ്സ് മമ്മദിന്റെ മുന്നിൽ വീണപ്പോൾ മെഡിഗാഡ് അരീക്കോടിന്റെ വിജയക്കൊടി പാറി. മെഡിഗാഡ് അരീക്കോട് സീസണിൽ ആദ്യ കപ്പടിച്ചപ്പോൾ ഭാഗ്യമെന്നു പറഞ്ഞവർ, രണ്ടാമതു കപ്പടിച്ചപ്പോൾ അവിശ്വസിനീയം എന്നു പറഞ്ഞവർ, അവരൊക്കെ എവിടെ. ഇതാ അജിത്തേട്ടൻ പരിശീലിപ്പിക്കുന്ന മെഡിഗാഡ് അരീക്കോട് എന്ന അരീക്കോടിന്റെ സുൽത്താന്മാർ മൂന്നാം കിരീടവും നേടിയിരിക്കുന്നു. കിരീട നേട്ടങ്ങളുടെ എണ്ണത്തിൽ വെറും അൽ മദീന ചെർപ്പുളശ്ശേരി മാത്രം മുന്നിൽ. ഫൈനലിൽ ആനക്കാരൻ സ്ട്രൈക്കേഴ്സിനു വേണ്ടി ഇറങ്ങിയ കരുത്തരായ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ വീഴ്ത്തിയാണ് മെഡിഗാഡ് കപ്പിൽ മുത്തമിട്ടത്.

എടപ്പാളിന്റെ മണ്ണിലെ ഫുട്ബോൾ ഉത്സവത്തിന്റെ മുപ്പത്തി നാലാം രാത്രി ആവേശത്തിന്റേതായിരുന്നു. കിരീടത്തിൽ മാത്രം കണ്ണുംനട്ടിറങ്ങിയ ഇരുടീമുകളും മുന്നിലെത്താനുള്ള ശ്രമങ്ങൾ നോക്കിയപ്പോൾ കളി ആവേശത്തിലായി. അജിതിന്റെ വിശ്വസ്ഥനായ മമ്മദിലൂടെ മെഡിഗാഡ് അരീക്കോട് കളിയിൽ ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കും വരെ ആ മുൻതൂക്കം മെഡിഗാഡ് അരീക്കോട് നിലനിർത്തി.

രണ്ടാം പകുതിയിൽ തിരിച്ചു വരവ് നടത്താമെന്ന് ലയണൽ തോമസും കൂട്ടരും കരുതിയെങ്കിലും മെഡിഗാഡിന്റെ ഡിഫൻസിനെ മറികടക്കാൻ ശാസ്താ മെഡിക്കൽസിന് ആയില്ല. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മമ്മദ് നേടിയ ഏക ഗോളിന്റെ ബലത്തിൽ മെഡിഗാഡ് അരീക്കോട് കപ്പെടുത്തു.

എഫ് സി ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് മെഡിഗാഡ് അരീക്കോട് കിരീടത്തിലേക്കുള്ള യാത്ര എടപ്പാളിൽ തുടങ്ങിയത്. ബ്രൂസിന്റേയും ആസിഫിന്റേയും ഗോളുകളുടെ മികവിൽ എഫ് സി തൃക്കരിപ്പൂരിനെയാണ് രണ്ടാം റൗണ്ടിൽ മെഡിഗാഡ് മറികടന്നത്. ക്വാർട്ടറിൽ സ്കൈ ബ്ലൂ എടപ്പാളും മെഡിഗാഡിനു മുന്നിൽ വീണു. മെഡിഗാഡ് അരീക്കോടിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത് സെമി ഫൈനലിന്റെ ഇരു പാദങ്ങളിലുമായിരുന്നു. ഇരു പാദങ്ങളിലും സീസണിലെ ഏറ്റവും മികച്ച ഫോമിലുള്ള അൽ മദീന ചെർപ്പുളശ്ശേരിയെ മെഡിഗാഡ് പരാജയപ്പെടുത്തി. കിരീട നേട്ടത്തിലേക്കുള്ള മെഡിഗാഡ് കുതിപ്പിന്റെ പ്രധാന ശക്തി മുന്നേറ്റ നിരയിലെ ബ്രൂസും മമ്മദും ആയിരുന്നു. സീസണിൽ ഇതിനു മുമ്പ് മങ്കടയിലും കണിമംഗലത്തുമായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ കിരീട നേട്ടങ്ങൾ.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement