സബാനെ തകർത്ത് അൽ ശബാബ് ക്വാർട്ടറിൽ

- Advertisement -

മങ്കട അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഹയർ സബാൻ കോട്ടക്കലിനെ തകർത്ത് അൽ ശബാബ് ത്രിപ്പനച്ചി ക്വാർട്ടറിൽ കടന്നു. ആദ്യ റൗണ്ടിൽ ജയ തൃശ്ശൂരിനെ തോൽപ്പിച്ചായിരുന്നു സബാൻ കോട്ടക്കൽ പ്രീക്വാർട്ടറിൽ എത്തിയത്.
അൽ ശബാബ് ത്രിപ്പനച്ചിയുടെ പൂർണ്ണ മേധാവിത്വം കണ്ട കളിയിൽ താരമായത് മുന്നേറ്റ നിര താരമായ ജോൺ ആയിരുന്നു. ആദ്യ പകുതിയിൽ രണ്ടു ഗോളുകളാണ് സബാൻ കോട്ടൽകലിന്റെ വലയിലേക്ക് ഈ ലൈബീരിയൻ താരത്തിന്റെ ബൂട്ടു തൊടുത്തുവിട്ടത്. 2-0 എന്ന സ്കോറിന് അവസാനിച്ച ആദ്യ പകുതിക്കു ശേഷവും സബാൻ കോട്ടക്കലിന് കളിയിലേക്ക് തിരിച്ചുവരാനായില്ല. അവസാന മൂന്നു ദിവസങ്ങളിലും അങ്കത്തിനിറങ്ങേണ്ടി വന്ന‌ സബാൻ കോട്ടക്കലിന്റെ താരങ്ങൾക്ക് പൂർണ്ണ ഉൻമേഷത്തോടെ ഇറങ്ങിയ ത്രിപ്പനച്ചിയെ പിടിച്ചു കെട്ടാനായില്ല.

picsart_11-18-03-41-00

രണ്ടാം പകുതിയിൽ മൂന്നാം ഗോളോടെ ജോൺ തന്റെ ഹാട്രിക് തികച്ചു. 3-0 എന്ന സ്കോറിനു പിറകിൽ പോയ സബാൻ തിരിച്ചു വരുമെന്നു തോന്നിച്ച് ഒരു ഗോൾ മടക്കിയെങ്കിലും ഒരു ഗോളിനപ്പുറം വലയിലേക്ക് പന്തെത്തിക്കാൻ ഹയർ സബാൻ കോട്ടക്കലിന്റെ താരങ്ങൾക്കായില്ല. റയീസ് നേടിയ നാലാം ഗോളോടെ അൽ ശബാബ് ത്രിപ്പനച്ചി 4-1 എന്ന വിജയമുറപ്പിക്കുകയായിരുന്നു. ഹാട്രിക് നേടിയ ജോണിനെ കൂടാതെ വിദേശ താരമായ മൈക്കിളും അൽ ശബാബിനു വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അൽ ശബാബിന്റെ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയത് ഈ‌ താരമായിരുന്നു.

picsart_11-18-03-39-45

ഇന്ന് നടക്കുന്ന മത്സരത്തിൽ കെ കെ സാർ തന്ത്രങ്ങൾ മെനയുന്ന സോക്കർ സ്പോർട്ടിംഗ്  ഷൊർണ്ണൂർ എ വൈ സി ഉച്ചാരക്കടവിനെ നേരിടും. സ്വന്തം നാട്ടിൽ  സീസണിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട എ വൈ സി ഉച്ചാരക്കടവ് പരാജയത്തിൽ നിന്നു കരകയറുമോ അതോ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂർ ജയത്തോടെ തുടങ്ങുമോ എന്ന് ഇന്ന് രാത്രി അറിയാം. കളി 8.30ന് ആരംഭിക്കും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement