മണ്ഡലാംകുന്നിൽ ഇന്നു മുതൽ സെവൻസ് ആരവം

സെവൻസ് സീസണ് ചൂട് പിടിച്ചിരിക്കുന്ന ഏപ്രിലിൽ മറ്റൊരു സെവൻസ് ഫുട്ബോൾ ടൂർണമെന്റിനു കൂടി ഇന്ന് കൊടി ഉയരുകയാണ്. തൃശ്ശൂർ ചാവക്കാടിന് സമീപം മണ്ഡലാംകുന്നിൽ. ഈ സീസണിലെ മുപ്പത്തി ഏഴാം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റാണ് മണ്ഡലാം കുന്നിൽ ഇന്നാരംഭിക്കുന്നത്.

തൃശ്ശൂരിലെ ശക്തികളായ  ശാസ്താ മെഡിക്കൽസ് തൃശ്ശൂരും അഖിലേന്ത്യാ സെവൻസിൽ കേരളത്തിനു പുറത്തു നിന്നുള്ള രണ്ടു ടീമുകളിൽ ഒന്നായ മുംബൈ എഫ് സിയുമാണ് ഇന്ന് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. സീസണിൽ ആദ്യമായാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. ശക്തരായ മെഡിഗാഡ് അരീക്കോടിനെ വീഴ്ത്തിയാണ് ശാസ്ത ഇന്ന് മണ്ഡലാംകുന്നിൽ എത്തുന്നത്. കഴിഞ്ഞ വർഷത്തെ മണ്ഡലാംകുന്നിലെ ചാമ്പ്യന്മാരാണ് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ.

സീസണിലെ ടീമെന്ന് അറിയപ്പെടുന്ന അൽ മദീന ചെർപ്പുള്ളശ്ശേരി, സെവൻസിലെ രാജാക്കന്മാരായ ഫിഫാ മഞ്ചേരി, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ജിംഖാന തൃശ്ശൂർ, മെഡിഗാഡ് അരീക്കോട്, ബ്ലാക്ക് & വൈറ്റ് കോഴിക്കോട്, ആലുക്കാസ് തൃശ്ശൂർ തുടങ്ങി വമ്പൻ ക്ലബുകൾ മുഴുവൻ മണ്ഡലാംകുന്നിൽ കിരീട പോരാട്ടത്തിനായി എത്തും. 


കൈപമംഗലം എം എൽ എ ശീ ടൈസൺ മാസ്റ്ററാണ് സെവൻസ് ആരവങ്ങൾ ഇന്ന് മണ്ഡലാംകുന്നിന് സമർപ്പിക്കുക.സി എച്ച് എം കുഴിങ്ങര ഫുട്ബോൾ ഗ്രൗണ്ടിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്.ഇന്ന് രാത്രി 8മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന പരുപാടികൾക്കു ശേഷമാകും ആദ്യ മത്സരത്തിന് ആദ്യ വിസിൽ മുഴങ്ങുക.

Previous articleകേരള പ്രീമിയർ ലീഗ് ഏപ്രിൽ എട്ടു മുതൽ, പത്തു ടീമുകൾ ഒരു കിരീടം
Next articleബാഴ്സക്ക് സെവിയ്യ കടമ്പ, കിരീടത്തിലേക്കടുക്കാൻ റയൽ