​ഫിഫാ മഞ്ചേരിയെ തകർത്തു കൊണ്ട് മെഡിഗാഡ് അരീക്കോടിന്റെ മമ്മദും ബ്രൂസും

- Advertisement -

ഫിഫയ്ക്ക് എറിക്കുണ്ടാകും ഫ്രാൻസിസുമാരുണ്ടാകും കുട്ടനുണ്ടാകും പക്ഷെ അജിത്തിന്റെ മെഡിഗാഡ് അരീക്കോടിന് മമ്മദും ബ്രൂസും മതി. ഏതു പ്രതിരോധത്തേയും അനായാസം കീറിമുറിക്കാൻ അറിയുന്ന ആക്രമണ കൂട്ടുകെട്ട്. കൊണ്ടോട്ടി സെമി ഫൈനലിന്റെ ആദ്യ പാദത്തിനിറങ്ങിയ ഫിഫ മഞ്ചേരി ശരിക്കതറിഞ്ഞു. എറിക്കിന്റെ ഫ്രീകിക്കുകൾ ഫിഫാ മഞ്ചേരിയുടെ പ്രതീക്ഷയായപ്പോൾ എണ്ണം പറഞ്ഞ മൂന്നു സേവുകളുമായി മെഡിഗാഡിന്റെ ഗോൾ കീപ്പർ മാനു എത്തി.

ബ്രൂസിന്റെ സീറോ ആങ്കിളിൽ നിന്നുള്ള ഗോളാണ് ആദ്യം കൊണ്ടോട്ടിയുടെ മണ്ണിൽ പിറന്നത്. കാണികൾ ആവേശം കൊണ്ട് ഗ്രൗണ്ട് നിറച്ചു. കളി പുനരാരംഭിച്ചു അധികം സമയം എടുക്കും മുമ്പ് മമ്മദിന്റെ വക അടുത്ത ഗോൾ. ബ്രൂസിന്റെ മനോഹരമായ പാസിനെ വലയുടെ ഭാഗത്തേക്ക് തിരിച്ചുവിടേണ്ട കാര്യമേ മമ്മദിനുണ്ടായിരുന്നുള്ളൂ. ഫിഫാ മഞ്ചേരിക്ക് എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയം. സെമി ഫൈനൽ രണ്ടാം പാദത്തിൽ ഇനിയൊരു സമനില മതി മെഡിഗാഡിന് ഫൈനലിലെത്താൻ.
വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി എഫ് സി മുംബൈയെ തകർത്തു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അൽ മിൻഹാൽ വളാഞ്ചേരിയുടെ വിജയം. നാസറിന്റെ ഹാട്രിക്കാണ് വളാഞ്ചേരിക്ക് ഇത്ര വലിയ വിജയം നൽകിയത്. രണ്ടു മത്സരമുണ്ടായിരുന്ന എഫ് സി മുംബൈക്ക് വരന്തരപ്പിള്ളിയിലും പരാജയം തന്നെയായിരുന്നു വിധി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജിയോണി മൊബൈൽ ഉഷാ എഫ് സി മുംബൈയെ തകർത്തത്.

Advertisement