​തുവ്വൂരിൽ നഷ്ടപ്പെട്ട ഫൈനൽ കൊണ്ടോട്ടിയിൽ നേടാൻ ചെർപ്പുളശ്ശേരി, തടയാൻ സൂപ്പർ സ്റ്റുഡിയോ

- Advertisement -

തുവ്വൂരിൽ ഇന്നലെ ബ്ലാക്കിനു മുന്നിൽ ഫൈനൽ പ്രതീക്ഷകൾ അടിയറവു വെച്ച മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെതിരെയും അതു ആവർത്തിക്കാൻ വയ്യ. കൊണ്ടോട്ടിയിൽ ആദ്യ പാദത്തിൽ സൂപ്പറിനോട് പരാജയപ്പെട്ടിരുന്ന അൽ മദീനയ്ക്ക് ഇന്ന് ജയിച്ചാൽ മാത്രം പോരാ എക്സ്ട്രാ ടൈമിനേയും ജയിക്കണം. ഗോൾ ശരാശരി സെവൻസിൽ ഇരു പാദ സെമികളിൽ കണക്കാക്കില്ല എന്നിരിക്കെ. സൂപ്പറിനാണെങ്കിൽ ഒരു സമനില മതി ഫൈനലിലെത്താൻ‌.

വളാഞ്ചേരിയിൽ ഇറങ്ങുന്ന ഫിഫാ മഞ്ചേരിക്ക് ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തിയേ മതിയാകൂ. അവസാന രണ്ടു മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ഫിഫയ്ക്ക് മൂന്നാം പരാജയം ചിന്തിക്കാവുന്നതിനുമപ്പുറമാണ്. ടൗൺ ടീം അരീക്കോടാവട്ടെ അടുത്തിടെ മികച്ച പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത് എങ്കിലും ക്വാർട്ടർ പരീക്ഷണങ്ങളിൽ അവർ വിജയിക്കുന്നില്ല. വളാഞ്ചേരിയിൽ എങ്കിലും ക്വാർട്ടർ കടക്കാനാകുമെന്നാണ് ടൗൺ ടീമിന്റെ പ്രതീക്ഷ.
വരന്തരപ്പിള്ളിയിൽ ഇന്ന് ലക്കി സോക്കർ ആലുവയും ഹണ്ടേഴ്സ് കൂത്തുപറമ്പും തമ്മിലാണ് പോരാട്ടം. സീസണിൽ ആദ്യമായാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. അഖിലേന്ത്യാ സെവൻസിൽ ഇതുവരെ വിജയമില്ലാത്ത ഹണ്ടേഴ്സിനു വരന്തരപ്പിള്ളിയിലെങ്കിലും ജയമുണ്ടാകുമോ എന്നതാണ് സെവൻസ് ലോകം ഉറ്റു നോക്കുന്നത്.

Advertisement