കഴിഞ്ഞ സീസൺ ആവർത്തിക്കാൻ ചെർപ്പുളശ്ശേരിയുടെ നീലപ്പട വരുന്നു

- Advertisement -

കഴിഞ്ഞ സെവൻസ് സീസണിൽ ഒരൊറ്റ ടീമിന്റെ അപ്രമാദിത്വമായിരുന്നു. അൽ മദീന ചെർപ്പുള്ളശ്ശേരി എന്ന ചെർപ്പുളശ്ശേരിക്കാരുടെ സ്വന്തം നീലപ്പടയുടേത്. പ്രതാപകാലത്തെ ഓർമിപ്പിച്ച ആ പ്രകടനം ആവർത്തിക്കാൻ നീലപ്പട വീണ്ടും വരികയാണ്. ഈ സീസണിലെ അൽ മദീന ലൈനപ്പ് രണ്ട് ദിവസം മുമ്പാണ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണിൽ എതിർപോസ്റ്റുകൾ കീറിമുറിച്ച ആൽബർട്ട-ഡി മറിയ കൂട്ടുകെട്ട് തന്നെയാണ് ഇത്തവണയും അൽ മദീന ടീമിലെ ശ്രദ്ധേയ കേന്ദ്രങ്ങൾ. കഴിഞ്ഞ സെവൻസ് സീസണിൽ 99 ഗോളുകളുമായി ടോപ്പ് സ്കോറർ ആയിരുന്നു ആൽബർട്ട്. അമ്പതിലധികം ഗോളുകളും അതിലേറെ അസിസ്റ്റുമായി ഡി മറിയയും മദീനയുടെ കിരീട വേട്ടയിൽ വലിയ പങ്കുതന്നെ വഹിച്ചിരുന്നു. ആൽബർട്ടിനേയും ഡിമറിയേയും കൂടാതെ ജാക്സൺ, ബ്ലാമോ എന്നീ രണ്ടു വിദേശ താരങ്ങൾ കൂടെ ടീമിലുണ്ട്.

ഒന്നാം ഗോൾകീപ്പറായി മിർഷാദാണ് എത്തുന്നത്. നിഹാലും അൽമദീനയുടെ ഗ്ലോവ് അണിയാൻ ടീമിലുണ്ട്. നവാസ്, സനൂപ്, മഹ്സൂം, മിർജാസ്, ഷിബു, ബാബു എന്നിവരോടൊപ്പം യുവ പ്രതീക്ഷയായ ഫോർവേഡ് സഫ്വാനും മദീന ടീമിലുണ്ട്. അസിസ്റ്റന്റ് മാനേജർ ആസിഫാണ് ഇത്തവണയും മദീനയുടെ തന്ത്രങ്ങൾ മെനയുന്നത്. ഒപ്പം മാനേജറായി ഹാരിസ് പാച്ചേരിയും ഉണ്ട്.

കഴിഞ്ഞ സീസണിൽ 14 കിരീടങ്ങളാണ് അൽ മദീന ചെർപ്പുള്ളശ്ശേരി നേടിയത്. മൂന്നൂറോളം ഗോളുകൾ അടിച്ച മദീന 50ലധികം ക്ലീൻഷീറ്റുകൾ നേടി സെവൻസിൽ റെക്കോർഡും ഇട്ടിരുന്നു. ഈ സീസണിലും നീലക്കൊടി പറത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് മദീന ആരാധകർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement