അൽ മദീനയ്ക്കും സൂപ്പർ സ്റ്റുഡിയോവിനും വിജയം

- Advertisement -

തുടർച്ചയായ മൂന്നു ദിവസങ്ങൾ മൂന്നു വിജയങ്ങൾ. അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സീസൺ തുടങ്ങിയ അതേ തകർപ്പൻ ഫോമിൽ തുടരുകയാണ്. അവസാന ദിവസം ജിംഖാന തൃശ്ശൂരിനെ പൊരുതി തോൽപ്പിച്ചതു പോലെ തന്നെ ഇന്നും വിജയം എളുപ്പമായിരുന്നില്ല സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്. സ്കൈ ബ്ലൂ എടപ്പാളിന്റെ ശ്ക്തമായ പോരാട്ടം തന്നെയാണ് മങ്കടയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെതിരെ കണ്ടത്. ഗോൾരഹിതമായി പിരിഞ്ഞ ആദ്യ പകുതിക്കു ശേഷം തുടരെ തുടരെ രണ്ടു ഗോളുകൾ സ്കൈ ബ്ലൂ എടപ്പാൾ വലയിലേക്ക് തൊടുത്ത് സൂപ്പർ സ്റ്റുഡിയോ മലപ്പുറം 2-0ന് മുന്നിലെത്തി. കളി അവസാനിക്കാൻ പത്തു മിനുട്ടു മാത്രം ശേഷിക്കേ ഒരു ഗോൾ മടക്കി സ്കൈ ബ്ലൂ എടപ്പാൾ കളിയിലേക്ക് തിരിച്ചുവന്നു. സമനില ഗോളിനു വേണ്ടി ഫൈനൽ വിസിൽ വരെ ശക്തമായി സ്കൈ ബ്ലൂ എടപ്പാൾ ശ്രമിച്ചെങ്കിലും എല്ലാം സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഗോൾ കീപ്പർ നാഷിദിൽ തട്ടി അവസാനിക്കുകയായിരുന്നു. സൂപ്പർ സ്റ്റുഡിയോക്കു വേണ്ടി അജ്മലും പാപയും ഓരോ ഗോൾ വീതം നേടി.

picsart_11-26-01-02-55

കർക്കിടാംകുന്നിൽ ഇന്നലെ ലിൻഷാ മെഡിക്കൽസിനെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചെത്തിയ ആവേശത്തിലായിരുന്നു അൽ മദീന ചെർപ്പുളശ്ശേരി. മുസാഫിർ എഫ് സി അൽ മദീനയുടെ ആക്രമണങ്ങൾക്കു മുന്നിൽ എഫ് സി കൊണ്ടോട്ടി തകർന്നു അടിയുന്നതാണ് ഇന്നലെ ഐ സി എസ് ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയം കണ്ടത്. ആൽബർട്ടിലൂടെ ലീഡെടുത്ത മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ ഉടൻ തന്നെ ഗോൾ തിരിച്ചടിച്ച് എഫ് സി കൊണ്ടോട്ടി ആദ്യമൊന്നു ഞെട്ടിച്ചു. 1-1ന് പിരിഞ്ഞ ആദ്യ പകുതിക്കു ശേഷം പിന്നെ കണ്ടത് അൽ മദീന ചെർപ്പുളശ്ശേരിയുടെ വിളയാട്ടമായിരുന്നു. മിന്നുന്ന പ്രകടനം നടത്തി നാലു ഗോൾ നേടിയ ആൽബർട്ടിന്റെയും ഒരു ഗോൾ നേടിയ ഡി മറിയയുടെയും പിൻബലത്തിൽ 5-2 എന്ന സ്കോറിനാണ് മുസാഫിർ എഫ് സി കർക്കിടാംകുന്നിൽ പ്രീ ക്വാർട്ടറിലേക്കുള്ള വഴി വെട്ടിയത്.

picsart_11-26-01-00-58

ചാവക്കാട് എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോടും ജിംഖാന തൃശ്ശൂരും തമ്മിലായിരുന്നു മത്സരം. അവസാന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെതിരെ മികച്ച പ്രകടനം നടത്തിയിട്ടും പരാജയപ്പെട്ട ജിംഖാന തൃശ്ശൂർ വിജയത്തിനായാണ് ചാവക്കാടെത്തിയത്. എളുപ്പത്തിൽ വിജയിക്കാം എന്നു കരുതി തുടങ്ങിയ ജിംഖാന തൃശ്ശൂരിനെ വരിഞ്ഞു കെട്ടുകയായിരുന്നു വിനോദ് തന്ത്രങ്ങൾ മെനഞ്ഞിറക്കിയ ഫിറ്റ് വെൽ കോഴിക്കോട്. ഫിറ്റ് വെൽ കോഴിക്കോട് നേടിയ ഒരു ഗോളിനു മറുപടി നൽകാൻ കഴിയാതെ ടൂർണമെന്റിനു പുറത്തേക്കു പോകാനായിരുന്നു ജിംഖാന തൃശ്ശൂരിന്റെ വിധി. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ഫിറ്റ് വെൽ കോഴിക്കോട് ഗോൾ കീപ്പർ കളിയിലെ താരമായി.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement