4-1നു പിറകിൽ നിന്ന ശേഷം ലക്കി സോക്കറിന്റെ തിരിച്ചുവരവ്, മെഡിഗാഡ് ഞെട്ടി

- Advertisement -

ഇന്നത്തെ കളിയായ കളി നടന്നത് വളാഞ്ചേരി അഖിലേന്ത്യാ സെവൻസിലായിരുന്നു. വളാഞ്ചേരി ടൂർണമെന്റിന്റെ രണ്ടാം രാത്രി മെഡിഗാഡ് അരീക്കോടും ലക്കി സോക്കർ ആലുവയും ഏറ്റു മുട്ടിയപ്പോൾ മെഡിഗാഡിന്റെ എളുപ്പത്തിലുള്ള വിജയമാണ് എല്ലാവരും പ്രതീക്ഷിച്ചത്. കളി ഒരു ഘട്ടത്തിൽ 4-1 എന്ന നിലയിൽ മെഡിഗാഡിന്റെ വരുതിയിലാണ് എന്നു തോന്നിച്ചതുമാണ്. പക്ഷെ ഈ സീസണിൽ ഒരു ടീമിനേയും എഴുതി തള്ളരുത് എന്നു ലക്കി സോക്കർ ആലുവ തെളിയിച്ചു. 1-4ൽ നിന്നു അതി ശക്തമായ തിരിച്ചു വരവ് , ഫുൾ ടൈം വിസിൽ മുഴങ്ങുമ്പോൾ 4-4 എന്ന നിലയിൽ ഇരുടീമുകളും ഒപ്പം. സീസണിൽ ഇതുവരെ വെറും രണ്ടു വിജയം മാത്രമുള്ള ടീം സ്വന്തമായി മൂന്നു കിരീടം ഈ‌ സീസണിലുള്ള ടീമിനെതിരെ സീസൺ കണ്ട ഏറ്റവും മികച്ച തിരിച്ചു വരവിൽ ഒന്നു നടത്തിയിരിക്കുന്നു. കളി വിജയികളെ കണ്ടെത്താൻ വേണ്ടി മറ്റൊരു ദിവസത്തിൽ വീണ്ടും നടത്തും.


തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് എഫ് സി കൊണ്ടോട്ടിയെ നിലംപരിശാക്കി. ഒന്നിനെതിരെ നാലു ഗോളുകൾ എഫ് സി കൊണ്ടോട്ടിയുടെ വലയിൽ കയറ്റിയായിരുന്നു മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന്റെ വിജയം. അൽ ശബാബ് ത്രിപ്പനച്ചിയുമായി എടപ്പാളിൽ നടന്ന വിവാദ മത്സരത്തിനു ശേഷം കെ എഫ് സി കാളിക്കാവ് ഒരൊറ്റ മത്സരം പരാജയപ്പെട്ടിട്ടില്ല. തുടർച്ചയായ ഏഴാം വിജയമാണിത്.

തൃക്കരിപ്പൂർ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി എതിരില്ലാത്ത ഒരു ഗോളിന് ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തി. കുട്ടനാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. ഫിഫാ മഞ്ചേരിയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ഗോൾ വഴങ്ങാത്ത തുടർച്ചയായ നാലാം മത്സരവും.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും ജിംഖാന തൃശ്ശൂരും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഡി മറിയയാണ് അൽ മദീനയുടെ ഗോൾ നേടിയത്. കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എഫ് സി പെരിന്തൽമണ്ണയെ പരാജയപ്പെടുത്തി. മുണ്ടൂർ അഖിലേന്ത്യാ സെവൻസ് ഉദ്ഘാടന മത്സരത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച് 2-1 എന്ന സ്കോറിന് സ്കൈ ബ്ലൂ എടപ്പാൾ പരാജയപ്പെടുത്തി.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement