അൽ മദീനയെ നാലു ഗോളിൽ മുക്കി ലക്കി സോക്കർ ആലുവ

ലക്കി സോക്കർ ആലുവയ്ക്ക് എതിരാളികളുടെ വലുപ്പം കൂടും തോറും വീറും കൂടും. പറപ്പൂര് അഖിലേന്ത്യാ സെവൻസിലും ഇന്നതാണ് സംഭവിച്ചത്. കരുത്തരിൽ കരുത്തരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ ലക്കി സോക്കർ ആലുവ വെള്ളം കുടിപ്പിച്ചു. വലയിലേക്ക് അറുപതു മിനുട്ടിൽ അടിച്ചു കയറ്റിയത് നാലു ഗോളുകൾ. ഒന്നിനെതിരെ നാലു ഗോളുകളുടെ ഗംഭീര വിജയം. സീസണിൽ ആദ്യമായാണ് ഒരു ടീം മദീനയ്ക്കെതിരെ നാലു ഗോളുകൾ അടിക്കുന്നത്. നാളെ പറപ്പൂരിൽ മത്സരമില്ല.

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ എഫ് സി തൃക്കരിപ്പൂർ ലിൻഷാ മെഡിക്കൽസിനെ പെനാൾട്ടിയിൽ വീഴ്ത്തി. മുഹമ്മദ് റാഫിയെ അണിനിരത്തി ഇറങ്ങിയ എഫ് സി തൃക്കരിപ്പൂരിന് ഒട്ടും എളുപ്പമല്ലായിരുന്നു ഇന്നത്തെ പോരാട്ടം. നിശ്ചിത സമയത്ത് 2-2 എന്ന നിലയിൽ പിരിഞ്ഞ മത്സരം 6-5ന് പെനാൾട്ടിയിൽ എഫ് സി തൃക്കരിപ്പൂർ വിജയിക്കുകയായിരുന്നു. പൊന്നാനിയിൽ രണ്ടു ദിവസം മുമ്പ് ലിൻഷയുടെ കയ്യിൽ നിന്നേറ്റ കനത്ത പരാജയത്തിനുള്ള തിരിച്ചടിയുമായി ഇത്. നാളെ കൊളത്തൂരിൽ എഫ് സി തിരുവനന്തപുരം ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും.

ആലത്തൂർ അഖിലേന്ത്യാ സെവൻസിലും ഇന്ന് മത്സരം പെനാൾട്ടിയിൽ എത്തി. ഹയർ സബാൻ കോട്ടക്കലും ശാസ്താ മെഡിക്കൽസ് തൃശ്ശൂരും ഏറ്റുമുട്ടിയപ്പോൾ നിശ്ചിത സമയത്ത് കളി ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ നിൽക്കുകയായിരുന്നു. പെനാൾട്ടിയിൽ രണ്ടു കിക്കുകൾ ലക്ഷ്യത്തിലെത്തിക്കാതെ ഹയർ സബാൻ കോട്ടക്കൽ പരാജയവുമായി മടങ്ങി. നാളെ ആലത്തൂരിൽ കെ ആർ എസ് കോഴിക്കോട് സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ നേരിടും.

Previous articleസമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍ പുറത്ത്
Next articleകൊടുവള്ളിയിൽ വാണും തളിപ്പറമ്പിൽ വീണും സൂപ്പർ സ്റ്റുഡിയോ മലപ്പുറം