മമ്പാടിൽ അൽ മദീനയെ അട്ടിമറിച്ച് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്

- Advertisement -

ലിൻഷാ മെഡിക്കൽസ് അവസാനം മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ പരാജയപ്പെടുത്തി. സീസണിലെ ഏഴാമത്തെ ഏറ്റുമുട്ടലിലാണ് ലിൻഷ അൽ മദീനയ്ക്കെതിരെ ഉള്ള തങ്ങളുടെ ആദ്യ വിജയം കണ്ടെത്തിയത്. മുമ്പ് ആറു തവണ ഏറ്റുമുട്ടിയപ്പോഴും മദീനയ്ക്കായിരുന്നു ജയം. ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മദീനയെ ലിൻഷ പരാജയപ്പെടുത്തിയത്. ഫോമിലേക്ക് തിരിച്ചുവരുന്ന ലിൻഷാ മെഡിക്കൽസിന്റെ അവസാന നാലു മത്സരങ്ങളിലെ മൂന്നാം ജയമാണിത്.

ഒരിടവേളയ്ക്കു ശേഷം പുനരാരംഭിച്ച കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിന് കരുത്തുള്ള ജയം. ശക്തരായ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജവഹർ മാവൂർ പരാജയപ്പെടുത്തിയത്. അവസാന നാലു മത്സരങ്ങളിൽ നിന്നായി ജവഹർ മാവൂർ 15 ഗോളുകളാണ് അടിച്ചു കൂട്ടിയത്. മാവൂരിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. നാളെ കൊളത്തൂരിൽ കെ ആർ എസ് കോഴിക്കോട് ലക്കി സോക്കർ ആലുവയെ നേരിടും.

പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ ഇറങ്ങിയ ഫിഫാ മഞ്ചേരി എഫ് സി മുംബൈയെ തകർത്തുവിട്ടു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി വിജയിച്ചത്. ഇന്നലെ എഫ് സി കൊണ്ടോട്ടിക്കെതിരേയും സമാനമായ സ്കോറിനാണ് ഫിഫാ മഞ്ചേരി വിജയിച്ചത്. എഫ് സി മുംബൈയുടെ തുടർച്ചയായ പന്ത്രണ്ടാം പരാജയമാണിത്. നാളെ പാലത്തിങ്ങൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി എഫ് സി ഗോവയെ നേരിടും.

മറ്റു മത്സരങ്ങളിൽ കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കെ ആർ എസ് കോഴിക്കോടിനെ പരാജയപ്പെടുത്തി. പാലക്കാട് നടന്ന അൽ ശബാബ് തൃപ്പനച്ചി ജയ എഫ് സി മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ അൽ ശബാബ് സ്വന്തമാക്കി. നിശ്ചിത സമയത്ത് 3-3 എന്ന നിലയിലായിരുന്നു സ്കോർ.

ചാലിശ്ശേരിയിൽ ജിയോണി മൊബൈൽ ഉഷാ എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ വീഴ്ത്തി. ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിലെ ഹയർ സബാൻ കോട്ടക്കൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് മത്സരത്തിൽ ബ്ലാക്ക് എതിരില്ലാത്ത ഒരു ഗോളിന് ഹയർ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തി. ആലത്തൂരുൽ ജിംഖാന തൃശ്ശൂർ തങ്ങളുടെ തുടർച്ചയായ മൂന്നാം ജയം കണ്ടെത്തി. എ വൈ സി ഉച്ചാരക്കടവിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജിംഖാന ഇന്ന് പരാജയപ്പെടുത്തിയത്.

Advertisement