കുട്ടന്റെ ഇരട്ട ഗോൾ, ഫൈനൽ നിർഭാഗ്യം കടന്ന് ഫിഫാ മഞ്ചേരിക്ക് കിരീടം

മൂന്നു ഫൈനലുകളിൽ കണ്ടവരുടെ മുന്നിൽ കിരീടം വെച്ച് മടങ്ങേണ്ടി വന്ന ഫിഫാ മഞ്ചേരി കോട്ടക്കലിൽ അതിന് അവസാനം കുറിച്ചു. കരുത്തരായ ബ്ലാക്ക് & വൈറ്റ് കോഴിക്കോട്ടിനെ ആയുർവേദത്തിന്റെ നാട്ടിൽ ഫിഫാ മഞ്ചേരി തകർത്തു. ബ്ലാക്കിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട മത്സരത്തിൽ പെനാൾട്ടിയിലായിരുന്നു ഫിഫാ മഞ്ചേരുയുടെ വിജയം. ഫിഫാ മഞ്ചേരിയുടെ സീസണിലെ രണ്ടാം കിരീടമാണിത്.

 

കോട്ടക്കൽ അൽ അസർ അഖിലേന്ത്യാ സെവൻസിന്റെ ഇരുപത്തി ആറാം മത്സരം കിരീടത്തിൽ മാത്രമേ അവസാനിക്കുമായിരുന്നുള്ളൂ. ഗ്യാലറിയും ടച്ച് ലൈനും നിറഞ്ഞ ജനത്തിനിടയിൽ വൈകിയാണേലും കളി ആരംഭിച്ചു. ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കുട്ടൻ നേടിയ ഗോളിൽ ഫിഫാ മഞ്ചേരിക്ക് ലീഡ്. ടച്ച് ലൈൻ വരെ ഉണ്ടായിരുന്ന കാണികൾ അതോടെ ഗ്രൗണിലെത്തി. ജനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ കളി നിർത്തി വെക്കേണ്ടി വന്നു. ജനങ്ങളെ അടക്കി കളി പുനരാരംഭിച്ചുവെങ്കിലും വീണ്ടും കാണികൾ നിയന്ത്രണം വിട്ടു. ഗ്രൗണ്ട് കയ്യേറിയ ജനങ്ങൾ അക്ഷരാർത്തതിൽ കോട്ടക്കലിൽ ഭീതി വിതക്കുകയായിരുന്നു. സംഘർഷ സമാനമായ അവസ്ഥ മുക്കാൽ മണിക്കൂറോളം നീണ്ടു.

അവസാനം കാണികളെ അടക്കി നിർത്തി ബാക്കിയുള്ള 22 മിനുട്ട് കളിക്കാൻ തീരുമാനിച്ചു. കളി പുനരാരംഭിച്ചപ്പോൾ ഇരുടീമുകളും ഇഞ്ചോടിഞ്ചു തന്നെ നിന്നു. കിംഗ്സ് ലീയുടേയും അഡബയോറിന്റേയും മുന്നേറ്റങ്ങളിലൂടെ ബ്ലാക്ക് സമനിലക്കു ശ്രമിച്ചുവെങ്കിലും സലാം രക്ഷകനായി. കുട്ടനിലൂടെയും ഫ്രാൻസിസിലൂടെയും കളി കൈക്കാലാക്കാനുള്ള രണ്ടാം ഗോളിനുള്ള ഫിഫയുടെ ശ്രമങ്ങളും മറുഭാഗത്തും നടന്നു.

കുട്ടൻ താമസിയാതെ തകർപ്പൻ ഫിനിഷിലൂടെ തന്റെ രണ്ടാം ഗോൾ നേടി. കളി ഫിഫ കൊണ്ടു പോകുമെന്നു ചിന്തിക്കാൻ തുടങ്ങും മുന്നേ അഡബയോറിലൂടെ ഒരു ഗോൾ മടക്കി കളിയിലേക്ക് ബ്ലാക്ക് തിരിച്ചു വന്നു. പിന്നീടങ്ങോട്ട് സമനിലയ്ക്കു വേണ്ടിയുള്ള ബ്ലാക്കിന്റെ മുന്നേറ്റങ്ങളായിരുന്നു. കളി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിയിരിക്കെ ബ്ലാക്കിന്റെ രണ്ടാം ഗോൾ. സ്കോർ 2-2 , രാജകീയമായ തിരിച്ചുവരവ്. നിശ്ചിത സമയം അവസാനിക്കുമ്പോൾ കളി 2-2.

പെനാൾട്ടിയിൽ എത്തിയപ്പോൾ സലാം ഫിഫയെ ചുമലിലേറ്റി. ബ്ലാക്കിന്റെ രണ്ടാം പെനാൾട്ടിയെടുത്ത ഏലിയാസിന്റെ കിക്കു സലാമിനു മുന്നിൽ പരാജയപ്പെട്ടു. ബ്ലാക്കിന്റെ നാലമത്തെ കിക്കും തടുത്ത സലാം ഫിഫയെ രണ്ടാം കിരീടത്തിലേക്ക് നയിച്ചു.


കോട്ടക്കലിൽ ആദ്യ മത്സരത്തിൽ കുട്ടന്റെ ഇരട്ട ഗോളിന്റെ മികവിൽ ടൗൺ ടീം അരീക്കോടിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തായിരുന്നു ഫിഫാ മഞ്ചേരിയുടെ കുതിപ്പ് തുടങ്ങിയത്. ആദ്യ കളിയിൽ നാലാണ് അടിച്ചതെങ്കിൽ അടുത്ത മത്സരത്തിൽ ഫിഫാ മഞ്ചേരി ആറടിച്ചു. എ വൈ സി ഉച്ചാരക്കടവിനെതിരെ കുട്ടനും ജൂനിയർ ഫ്രാൻസിസിനും ഹാട്രിക്. സെമിയിലും ഗോൾ മഴ നിന്നിന്നില്ല. ഇരു പാദങ്ങളിലുമായി ഫിഫാ മഞ്ചേരി ഏഴു ഗോളുകളാണ് ബേസ് പെരുമ്പാവൂരിന്റെ വലയിലേക്ക് കയറ്റിയത്. ഫൈനലിൽ ബ്ലാക്കും കൂടെ വീണപ്പോൾ ഫിഫാ മഞ്ചേരിക്ക് തിരിച്ചു വരവിനുള്ള പിടിവള്ളി ആവാൻ പോകുന്ന കപ്പായി ഇതു മാറും. കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമും ഫിഫാ മഞ്ചേരിയാണ്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous article‘സ്ലിംഗ മലിംഗ’ വീണ്ടും ശ്രീലങ്കയ്ക്കായിറങ്ങുന്നു
Next articleഫൈനലിൽ കണ്ണുംനട്ട് സൂപ്പർ സ്റ്റുഡിയോക്കെതിരെ ഇന്ന് ശാസ്താ മെഡിക്കൽസ്