കോട്ടക്കലിൽ കണ്ട ‘ഫുട്ബോൾ’ എന്ന മലബാറിന്റെ നിലക്കാത്ത നട്ടപ്പിരാന്ത്

ലോകത്തെവിടെയെങ്കിലും കാണികൾ അധികമായതു കൊണ്ട് ഗ്രൗണ്ടിൽ സ്ഥലമില്ല കളി നിർത്തി വെക്കുന്നു എന്നു പറയേണ്ടി വന്നിട്ടുണ്ടോ. ഫുട്ബോളിന്റെ ഈറ്റില്ലങ്ങൾ എന്നവകാശപ്പെടുന്ന ലോകത്തിന്റെ‌ പല മുക്കിലും അങ്ങനെയൊരു കാര്യം കേട്ടിട്ടില്ല. ഇന്നലെ എന്നാൽ അങ്ങനെയൊന്ന് കോട്ടക്കൽ എന്ന മലബാറിലെ ചെറിയ ഒരു നാട്ടിൽ നടന്നു.

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ഏറ്റു മുട്ടുന്നത് സെവൻസ് ലോകത്തു കുറച്ച് വർഷങ്ങളായി രാജാക്കന്മാരായി വാഴുന്ന ഫിഫാ മഞ്ചേരിയും കോഴിക്കോടൻ ഫുട്ബോളിന്റെ‌ പ്രതീകമായി നിലകൊള്ളുന്ന ബ്ലാക്ക് & വൈറ്റ് കോഴിക്കോടും. ആവേശകരമായ മത്സരം കാണാൻ വൻജനം എത്തുമെന്ന് കമ്മിറ്റിയും നാട്ടാരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്രയും ജനമാകും എന്നു ആരും കരുതിയില്ല. ടീമുകൾ തയ്യാറായി ഗ്രൗണ്ടിൽ ഇറങ്ങാൻ നോക്കുമ്പോൾ ഗ്രൗണ്ടിൽ ഇടമില്ല. കാണികൾ അധികമായതിനാൽ ഒരു കളിക്ക് കിക്കോഫ് നടത്താൻ സ്ഥലമില്ലാതെ വരുന്ന അപൂർവ്വ കാഴ്ച്ച.

ഗ്യാലറിയും ടച്ച് ലൈനും ഒക്കെ കഴിഞ്ഞ് ജനങ്ങൾ കളി മൈതാനിയിൽ തന്നെയായി ഇരുത്തം. പണിപ്പെട്ട് ഫുട്ബോൾ പ്രേമികളെ മനസ്സിലാക്കി അല്പം വൈകിയായാലും കളി തുടങ്ങി. പക്ഷെ രണ്ടു തവണയായി ഒരു മണികൂറിൽ കൂടുതൽ സമയം കളി വീണ്ടും, ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ട്, നിർത്തി വെക്കേണ്ടി വന്നു. കളിക്കിടെ റെഫറിയിംഗിൽ സംശയം വന്ന ഒരു കൂട്ടം കാണികൾ റെഫറിയെ കൈകാര്യം ചെയ്യാൻ കൂടെ ഇറങ്ങിയപ്പോൾ ഫുട്ബോളിന്റെ ഭ്രാന്ത് തലയും വിട്ടു പോയിരുന്നു.

അവസാനം കളിയാരംഭിച്ചു പെനാൾട്ടിയും അടിച്ച് കിരീടവുമായി ഫിഫാ മഞ്ചേരി ആ തിരക്കിനിടയിൽ നിന്ന് രക്ഷപ്പെട്ടു. കളിയിൽ കിരീടത്തേക്കാൾ വലിയ വിജയം കണ്ടത് ഫുട്ബോളായിരുന്നു എന്ന് ഫുട്ബോൾ പ്രേമികൾ വിലയിരുത്തുന്നു. ആദ്യം കളി പ്രേമം കൊണ്ട് അതിരുകൾ നോക്കാതെ ഇടിച്ചു കയറിയ കാണികളുടെ വിജയം, ഇത്രയും തവണ കളി നിർത്തി വെച്ചിട്ടും ത്രോ എറിയാൻ കാണികളുടെ കാലിന്റെ ഇടയിൽ നിക്കേണ്ട ഗതി വന്നിട്ടും പൊരുതി പൊരുതി മികച്ച ഫുട്ബോൾ മത്സരം അവസാന വിസിൽ വരെ‌ കാഴ്ചവെച്ച ഇരു ടീമിലേയും കളിക്കാരുടെ വിജയം, പിന്നെ ഏറ്റവും എടുത്തു പറയേണ്ടത് കാണികളുടെ മോശം പെരുമാറ്റം ഉണ്ടായിട്ടും അവരുടെ കയ്യേറ്റമുണ്ടായിട്ടും മടിയില്ലാതെ തലയുയർത്തിക്കൊണ്ട് തന്നെ കളിയുടെ അവസാനം വരെ‌ വിസിൽ ഊതിയ റെഫറിയുടെ വിജയം.

ഇത് കോട്ടക്കലിൽ മാത്രം കണ്ട അപൂർവ്വ കാഴ്ചയാണ് എന്നും കരുതണ്ട, വണ്ടൂരിലും മണ്ണാർക്കാടിലും കർക്കിടാംകുന്നിലും തുടങ്ങി മലബാറിന്റെ‌ മൈതാനങ്ങളിൽ ഇതൊരു സ്ഥിരം കാഴ്ചയാവുകയാണ്. കുന്ദമംഗലം സെവൻസ് ഫൈനലിൽ സമാന സംഭവം ഉണ്ടായത് ഫിഫാ മഞ്ചേരിയും അൽ മദീന ചെർപ്പുളശ്ശേരിയും കളിക്കുമ്പോയായിരുന്നു. അന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയ മത്സരം കാണികൾ ഗ്രൗണ്ട് കയ്യേറിയതു കാരണം പെനാൾട്ടി അടിക്കാൻ കഴിയാതെ നിർത്തുകയായിരുന്നു. ടോസിന്റെ സഹായത്തിലൂടെയായിരുന്നു അവിടെ അവസാനം വിജയികളെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം കൊയപ്പ അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ കാണാൻ കാണികൾ നിറഞ്ഞ് അവസാനം തൊട്ടടുത്ത ബിൽഡിംഗിനു മുകളിൽ വരെ ജനസാഗരമായ കാഴ്ചയും ഫുട്ബോൾ ലോകം കണ്ടതാണ്.

ഫുട്ബോളിൽ കേരളം മുന്നോട്ടു പോകാത്തത് , കേരളത്തിൽ ഫുട്ബോളിന് വേരില്ലാഞ്ഞിട്ടല്ല മറിച്ച് വളർത്തേണ്ടവർക്ക് വെള്ളം ഒഴിക്കേണ്ടത് എവിടെയാണെന്നാറിയാഞ്ഞിട്ടാണ് എന്ന സത്യം എവിടെയോ നിന്ന് ചിരിക്കുന്നുണ്ടാകും.

Previous articleമദീനയെ തകർത്ത് മെഡിഗാഡ് അരീക്കോട്, സൂപ്പറിനെ അട്ടിമറിച്ച് സോക്കർ ഷൊർണൂർ
Next articleട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമിയ്ക്കും, ആഷസിനും വിജയം