ജയത്തോടെ കെഎഫ്‌സി കാളികാവും മെഡിഗാഡും

- Advertisement -

നീലേശ്വരം അഖിലേന്ത്യ സെവൻസിൽ ആതിഥേയരായ ഷൂട്ടേർഴ്‌സ് പടന്നയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മെട്ടമ്മൽ ബ്രദേഴ്‌സ് കെഎഫ്‌സി കാളികാവ് പരാജയപ്പെടുത്തി. 1-1 എന്ന സ്കോറിന് സമനിലയിൽ അവസാനിക്കും എന്ന് തോന്നിച്ച മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ആയിരുന്നു കാളികാവിന്റെ വിജയം. കെഎഫ്‌സി കാളികാവിന്റെ നീലേശ്വരത്തെ മൂന്നാമത്തെ വിജയമാണിത്. നീലേശ്വരത്ത് ഇന്ന് എഫ്‌സി എടത്തുമ്മൽ അഥവാ എഫ്‌സി തൃക്കരിപ്പൂർ ജവഹർ മാവൂരിനെ നേരിടും. സീസണിൽ ഒരു മത്സരം മാത്രം പരാജയപ്പെട്ട എഫ്‌സി തൃക്കരിപ്പൂർ മികച്ച ഫോമിൽ ആണ്.
വണ്ടൂർ അഖിലേന്ത്യാ സെവെൻസിൽ ലിൻഷാ മെഡിക്കൽസ് വിജയവഴി തുടരുന്നതാണ് കണ്ടത്. തുടർച്ചയായ രണ്ടാം ദിവസവും ഉഷ എഫ്‌സി എതിരാളികളായി വന്നപ്പോൾ ലിൻഷ രണ്ടാമതും ഉഷ എഫ്‌സിയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം. കഴിഞ്ഞ ദിവസം മണ്ണാർക്കാടും ലിൻഷയുടെ കൈയിൽനിന്നും ഉഷ എഫ്‌സി പരാജയം ഏറ്റുവാങ്ങിയിരുന്നു. വണ്ടൂരിൽ ഇന്ന് അൽ ശബാബ് കെആർഎസ് കോഴിക്കോടിനെ നേരിടും.


കണിമംഗലം സെവെൻസിൽ മെഡിഗാഡ് അരീക്കോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബേസ് പെരുമ്പാവൂരിനെ തോൽപ്പിച്ചു. ബേസ് പെരുമ്പാവൂർ തോൽവികൾ ആവർത്തിച്ച് കൊണ്ട് ഈ സീസണിൽ മോശം ഫോം തുടരുകയാണ്. മെഡിഗാഡിന് വേണ്ടി മമ്മദും പ്രവീണും വല കുലുക്കി. കണിമംഗലത്ത് ഇന്ന് കെഎഫ്‌സി കാളികാവും സൂപ്പർ സ്റ്റുഡിയോയും തമ്മിലുള്ള ശക്തമായ മത്സരമാണ്.
പട്ടാമ്പിയിൽ ശാസ്താ മെഡിക്കൽസിനെ അൽ ശബാബ് തൃപ്പനച്ചി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. എടക്കര പാലാടിൽ എതിരില്ലാത്ത ഒരു ഗോളിന് ജവഹർ മാവൂരിനെ തോൽപ്പിച് അൽ മിൻഹാൽ വാളാഞ്ചേരി വിജയ വഴിയിലേക്ക് തിരിച്ചു വന്നു. പട്ടാമ്പിയിൽ ഇന്ന് ജിംഖാന അഭിലാഷ് കുപ്പൂത്ത് പോരാട്ടവും, എടക്കരയിൽ മെഡിഗാഡ് ഉഷ എഫ്‌സി പോരാട്ടവും നടക്കും.

Advertisement