1-3 നു പിറകിൽ ശേഷം 6-3ന്റെ വിജയം, അവിശ്വസിനീയം കെ എഫ് സി കാളിക്കാവ്!!

മാവൂർ അഖിലേന്ത്യ സെവൻസിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് എ വൈ സി ഉച്ചാരക്കടവ് പോരാട്ടം നാടകീയതക്കുമപ്പുറം. കളി ഒരു മിനുട്ട് മാത്രം ശേഷിക്കെ എ വൈ സി 3-1 കെ എഫ് സി എന്നായിരുന്നു സ്കോർ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എ വൈ സി ഉച്ചാരക്കടവ് വിജയിക്കുകയാണെന്നു തോന്നിയ അവസാന നിമിഷം.  കെ എഫ് സി കാളിക്കാവ് ഒരു കൊള്ളിയാൻ വേഗത്തിൽ തിരിച്ചു വന്നു. ഒരു മിനുട്ട് രണ്ടു ഗോളുകൾ.

കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിൽ എ വൈ സിയെ കെ എഫ് സി കാളിക്കാവ് തകർത്തു കളഞ്ഞു. പത്തു മിനുട്ടിനിടെ വീണ്ടും മൂന്നു ഗോളുകൾ. 1-3നു പിറകിൽ നിന്ന ടീം 6-3നു വിജയിച്ചു കയറി. ഈ സീസണിൽ സെവൻസ് ലോകം കണ്ട ഏറ്റവും വലിയ തിരിച്ചു വരവ്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ‌ മൂന്നാം ദിവസം ടൗൺ ടീം അരീക്കോടിനു മാത്രം അർഹതപ്പെട്ടതാണ്. കുപ്പൂത്തിലും എടപ്പാളിലും മഴ കാരണം കളി മാറ്റിവെച്ചപ്പോൾ മഞ്ചേരിയിൽ ഗോൾ മഴയായിരുന്നു. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ 5-2 എന്ന സ്കോറിന് ടൗൺ ടീം അരീക്കോട് അൽ ശബാബ് ത്രിപ്പനച്ചിയെ തകർത്തു. ഐ ലീഗ് താരമായ എം പി സക്കീർ ടൗൺ ടീമിനു വേണ്ടി ബൂട്ടുകെട്ടിയപ്പോൾ തന്നെ അൽ ശബാബ് ത്രിപ്പനച്ചി വിറച്ചു. ടൗൺ ടീമിന്റെ ആദ്യ രണ്ടു ഗോളുകൾ നേടി എം പി സക്കീർ തന്റെ മികവറിയിച്ചു. പിന്നെ ടൗൺ ടീം അരീക്കോടിനു വേണ്ടി സണ്ണി ബോയിയുടെ തേരോട്ടം. തുടർച്ചയായ മൂന്നു ഗോളുകൾ. കളി അവസാനിക്കുമ്പോൾ 5-2ന് മത്സരം ടൗൺ ടീം അരീക്കോട് സ്വന്തമാക്കി.

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ അഡബയോർ കിംഗ്സ് ലീ കൂട്ടുകെട്ടിന്റെ വിജയമാണ് കണ്ടത്. അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് പരാജയപ്പെടുത്തി. ഇരട്ട ഗോളുകൾ നേടി അഡബയോറും കിംഗ്സ് ലീയും കളം നിറഞ്ഞാടി. അഡബയോറിന്റെ രണ്ടു ഗോളുകൾ ഒരുക്കിയതും കിംഗ്സ് ലീ ആയിരുന്നു. അഞ്ചു മത്സരങ്ങൾക്കിടെ അൽ മിൻഹാലിന്റെ മൂന്നാം പരാജയമാണിത്.

കോട്ടക്കൽ അഖിലേന്ത്യാ‌ സെവൻസിൽ സ്കൈ ബ്ലൂ എടപ്പാളിനെതിരെ മുസാഫിർ എഫ് സി അൽ മദീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചു. ടുട്ടുവിന്റെ ഇരട്ട ഗോളുകളാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ വിജയിപ്പിച്ചത്. സ്കൈ ബ്ലൂ എടപ്പാളിനു വേണ്ടി മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച താരമായിരുന്നു ടുട്ടു.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal