ഫിഫാ മഞ്ചേരിക്കും കെ എഫ് സി കാളിക്കാവിനും വമ്പൻ ജയം

ഇന്നലെ നടന്ന മത്സരത്തിൽ കർക്കിടാംകുന്നിൽ വമ്പൻ വിജയവുമായി ഫിഫാ മഞ്ചേരി ക്വാർട്ടറിലേക്ക് കടന്നു. അഭിലാഷ് എഫ് സി കുപ്പോത്തിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി തകർത്തത്. ഫ്രാൻസിസിലൂടെയാണ് ഫിഫാ മഞ്ചേരി അഭിലാഷ് എഫ് സി കുപ്പൂത്ത് വലയിലേക്ക് ആദ്യ നിറയൊഴിച്ചത്. തുടർന്ന് ഇരട്ട ഗോളുകളോടെ കുട്ടൻ ഫിഫാ മഞ്ചേരിയെ മൂന്നു ഗോളുകൾക്ക് മുന്നിലെത്തിച്ചു. കളിയിലുടനീളം മികച്ച അവസരങ്ങൾ ഒരുക്കുകയും മുന്നേറ്റങ്ങൾ നടത്തുകയും ചെയ്ത ജൂനിയർ ഫ്രാൻസിസാണ് ഫിഫയുടെ നാലാം ഗോൾ നേടിയത്. ഫിഫയ്ക്ക് ഇത് തുടർച്ചയായ മൂന്നാം വിജയമാണ്.

picsart_11-30-12-29-19

മങ്കടയിൽ എഫ് സി പെരിന്തൽമണ്ണയുടെ രാത്രിയായിരുന്നു ഇന്നലെ. എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എഫ് സി പെരിന്തൽമണ്ണ കീഴടക്കിയത്. എഫ് സി പെരിന്തൽമണ്ണയുടെ സീസണിലെ ആദ്യ വിജയമാണിത്. ഫിറ്റ് വെൽ കോഴിക്കോടിന്റെ ആദ്യ പരാജയവും. ആദ്യ ഗോൾ നേടി മുന്നേറിയ എഫ് സി പെരിന്തൽമണ്ണയെ ഗോൾ തിരിച്ചടിച്ച് ഫിറ്റ് വെൽ കോഴിക്കോട് 1-1ന്റെ സമനില പിടിച്ച് കളി ഒപ്പത്തിനൊപ്പം പോകുമെന്നു തോന്നിപ്പിച്ചു എങ്കിലും എഫ് സി പെരിന്തൽമണ്ണയുടെ ഏകപക്ഷീയമായ പ്രകടനമാണ് പിന്നെ മങ്കടയിൽ കണ്ടത്.

ചാവക്കാട് ഇന്നും മികച്ച മത്സരമാണ് കണ്ടത് എ വൈ സി ഉച്ചാരക്കടവും അൽ ശബാബ് ത്രിപ്പനച്ചിയും പ്രീ ക്വാർട്ടർ ലക്ഷ്യമാക്കി ഇറങ്ങിയ മത്സരത്തിൽ പെനാൾട്ടിയിലാണ് അൽ ശബാബ് ത്രിപ്പനച്ചി ജയിച്ചു കയറിയത്. രണ്ടു ഗോളിനു കളിയുടെ തുടക്കത്തിലെ മുന്നേറ്റങ്ങളിൽ തന്നെ മുന്നിലെത്തിയ എ വൈ സി ഉച്ചാരക്കടവിനെ പിറകിൽ നിന്നു വന്നാണ് അൽ ശബാബ് ത്രിപ്പനച്ചി കീഴടക്കിയത്. 2-2ന് നിശ്ചിത സമയം കഴിഞ്ഞപ്പോൾ പെനാൾട്ടിയിൽ 5-3ന് അൽ ശബാബ് ത്രിപ്പനച്ചി വിജയിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം സബാൻ കോട്ടക്കലിനോടേറ്റ പരാജയത്തിലിരിക്കുകയായിരുന്ന അൽ ശബാബ് ത്രിപ്പനച്ചിക്ക് ആശ്വാസമാകും.

picsart_11-30-12-30-00

കുന്നമംഗലത്ത് ഇന്നലെ ഗോൾ മഴയായിരുന്നു. സുഹൈൽ പരിശീലിപ്പിക്കുന്ന കെ എഫ് സി കാളിക്കാവ് സീസണിലെ അത്യുഗ്രൻ ഫോം കുന്നമംഗലത്തും തുടരുകയായിരുന്നു. ഒന്നിനെതിരെ‌ നാലു ഗോളുകൾക്കാണ് എഫ് സി കൊണ്ടോട്ടിയെ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് തൂത്തെറിഞ്ഞത്. ഏഴു മിനുട്ടുകൾക്കുള്ളിൽ ഹാട്രിക് നേടിയ ടൈറ്റസിന്റെ പ്രകടനമായിരുന്നു കുന്നമംഗലത്ത് കെ എഫ് സി കാളിക്കാവിന് വിജയം എളുപ്പമാക്കിയത്. ടൈറ്റസിന്റെ സീസണിലെ രണ്ടാം ഹാട്രിക്കാണിത്. കെ എഫ് സി കാളിക്കാവിന്റെ ആറു കളികളിലെ അഞ്ചാം വിജയവും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal