
കർക്കിടാംകുന്നിൽ നാലാം ദിവസം തീപൊരി പോരാട്ടം. ശക്തരായ ഹെയർ സബാൻ കോട്ടക്കലും പുത്തനുണർവിൽ വന്ന ടോപ്പ് മോസ്റ്റ് തലശ്ശേരിയും നേർക്കുനേർ വന്നപ്പോൾ ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്നു തന്നെയായി. ഗോൾ വർഷം കണ്ട ആവേശം ഉയരങ്ങളിലെത്തിയ മത്സരത്തിൽ 4-3 എന്ന സ്കോറിന് ടോപ്പ് മോസ്റ്റ് തലശ്ശേരി സബാൻ കോട്ടക്കലിനെ മുട്ടു കുത്തിച്ചു.
ചുഡു, ലാലു, നവാർ ,ഷെമീർ എന്നീ നാലംഗ പരിശീലക സംഘത്തിന്റെ കീഴിൽ ഇറങ്ങിയ ഹെയറിന്റെ സബാൻ കോട്ടക്കൽ ആയിരുന്നു കളിയുടെ ആദ്യ പകുതിയിൽ ആധിപത്യം നേടിയത്. സബാൻ കോട്ടക്കൽ തന്നെ കർക്കിടാംകുന്നിൽ ആദ്യ ഗോളും നേടി. വിരസമായ കളിയിലൂടെ തുടങ്ങിയ ടോപ്പ് മോസ്റ്റ് തലശ്ശേരി ഗോൾ വഴങ്ങിയതിനു ശേഷം ഉണരുകയായിരുന്നു. പഴയ ചർച്ചിൽ ബ്രദേഴ്സ്, പൂനെ എഫ് സി എന്നീ ക്ലബുകളുടെ താരമായ ബിനീഷ് ബാലനും, മറ്റൊരു ഐ ലീഗ് താരമായ മൻപ്രീതും തുടങ്ങി ശക്തമായ ആക്രമണ നിരയുള്ള ടോപ്പ് മോസ്റ്റ് തുടരെ തുടരെ ഗോളുകൾ സെബാൻ വലയിലേക്ക് തൊടുത്തു. ആദ്യ പകുതിക്ക് മുന്നേ സമനില കണ്ടെത്തിയ ടോപ്പ് മോസ്റ്റ് രണ്ടാം പകുതിയുടെ ആദ്യ അഞ്ചു മിനുട്ടിൽ തന്നെ രണ്ടു ഗോളുകളും കൂടിനേടി ലീഡ് 3-1 ആക്കി ഉയർത്തി.
താമസിയാതെ ഒരു ഗോൾ കൂടി നേടി 4-1 എന്ന സ്കോറോടെ വിജയമുറപ്പിച്ചു എന്നു കരുതിയ ടോപ്പ് മോസ്റ്റിനെ ഞെട്ടിച്ച പ്രകടനമായിരുന്നു സബാൻ താരങ്ങൾ പിന്നെ പുറത്തെടുത്തത്. അവസാന നിമിഷം വരെ മുഴുവൻ വിയർപ്പും കളഞ്ഞു കളിച്ച സെബാൻ കോട്ടക്കൽ 3-4 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. ഫിനിഷിങ്ങിലെ പോരായ്മ സബാൻ ശ്രദ്ധിച്ചിരുന്നു എങ്കിൽ ഫൈനൽ സ്കോർ മറ്റൊന്നായേനെ. ഈ ജയത്തോടെ ടോപ്പ് മോസ്റ്റ് തലശ്ശേരി പ്രീ ക്വാർട്ടറിലേക്ക് കടന്നു. കർക്കിടാംകുന്നിൽ നവംബർ 18ാം തീയതി നടക്കുന്ന പ്രീ ക്വാർട്ടറിൽ ടോപ്പ് മോസ്റ്റ് തലശ്ശേരി അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.
കർക്കിടാംകുന്നിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലിൻശാ മെഡിക്കൽസ് മണ്ണാർക്കാട് ന്യൂകാസിൽ ലക്കി സോക്കർ ആലുവയെ നേരിടും. രാത്രി 8.30ന് ആണ് മത്സരം.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://facebook.com/keralafootbal