ഈ വർഷമെങ്കിലും കണ്ണൂർ കാസർഗോഡ് മേഖലയിൽ പുതിയ സെവൻസ് ടീം വരുമോ!!

കണ്ണൂർ-കാസർഗോഡ് മേഖലയിലെ സെവൻസ് ആരാധകരുടേയും സെവൻസ് ഫുട്ബോളിനു വേണ്ടി ജീവിതം തന്നെ മാറ്റിവെച്ചവരുടേയും ഇപ്പോഴത്തെ പ്രധാന ചോദ്യമിതാണ്. മുപ്പതിലധികം സെവൻസ് ടീമുകൾക്ക് അംഗീകാരമുള്ള അഖിലേന്ത്യാ സെവൻസിൽ കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ നിന്നായി വെറും അഞ്ചു ടീമുകളാണ് ഇപ്പോഴുള്ളത്.

കണ്ണൂർ ജില്ലയിൽ നിന്ന് ടോപ്പ് മോസ്റ്റ് തലശ്ശേരിയും ഹണ്ടേഴ്സ് കൂത്തുപറമ്പും, കാസർഗോഡു നിന്ന് ഹിറ്റാച്ചി തൃക്കരിപ്പൂർ, എഫ് സി തൃക്കരിപ്പൂർ, ഷൂട്ടേഴ്സ് പടന്ന എന്നീ ക്ലബുകളുമാണ് ആകെ ഉത്തരമലബാറിന്റെ ഇന്നത്തെ അഖിലേന്ത്യാ സെവൻസ് ഫുട്ബോളിലെ സാന്നിദ്ധ്യങ്ങൾ. ഫുട്ബോളിന് ഇത്രയും വേരോട്ടമുള്ള രണ്ടു ജില്ലകളിലാണ് ഈ അവസ്ഥ.

കണ്ണൂർ കാസർഗോഡ് മേഖലയിൽ ഒരു ടൂർണമെന്റു വെക്കുന്ന സംഘാടകരാണ് ഇതുകൊണ്ട് കൂടുതലും ബുദ്ധിമുട്ടിലാകുന്നത്. സെവൻസ് ഫുട്ബോൾ അസോസിയേഷൻ നിയമ പ്രകാരം അഖിലേന്ത്യാ ടൂർണമെന്റുകളിൽ നാലു പ്രാദേശിക ടീമുകളെ മാത്രമെ പങ്കെടുപ്പിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ അംഗീകരമുള്ള അഞ്ചു ടീമുകളും കഴിഞ്ഞ് ബാക്കിയുള്ള ടീമുകളെ മലപ്പുറം കോഴിക്കോടു ജില്ലകളിൽ നിന്ന് സ്പോൺസറായോ മറ്റോ ഇറക്കേണ്ട ഗതിയാണ്. ഇത് ടൂർണമെന്റിന്റെ സുഖമമായ നടത്തിപ്പിനെ തന്നെ ബാധിക്കുകയാണ്.

കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഉള്ള അത്ര ഇല്ലായെങ്കിലും പുതുതായി ആറോ ഏഴോ ടീമുകൾക്കെങ്കിലും കണ്ണൂർ-കാസർഗോഡ് ജില്ലകൾക്കായി അനുവദിച്ചു കൊടുക്കണം എന്നാണ് ഫുട്ബോൾ സ്നേഹികൾ ആവശ്യപ്പെടുന്നത്. എന്നാൽ മാത്രമേ ഈ മേഖലയിലുള്ള എല്ലാ ടൂർണമെന്റുകളും ജനപങ്കാളിത്തത്തോടെ വിജയത്തിലെത്തിക്കാനും കഴിയുകയുള്ളൂ.

കണ്ണൂർ കാസർഗോഡ് മേഖലയിലെ പ്രാദേശിക ടീമുകൾ എസ് എഫ് എയുടെ ഭാഗമാകാൻ തയ്യാറായി നിൽക്കുന്ന അവസരത്തിൽ ഈ തവണയെങ്കിലും ഉത്തര മലബാറിന് പുതിയ സെവൻസ് ടീമുകളെ ലഭിക്കും എന്ന പ്രതീക്ഷയിൽ ഇരിക്കുകയാണ് ഫുട്ബോൾ നിരീക്ഷകർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെൽസിയുടെ ആക്രമണം ഇനി ആൽവാരോ മൊറാത്ത നയിക്കും
Next articleറഷ്യയിലും ഇന്ത്യന്‍ മുന്നേറ്റം