
പറപ്പൂർ അഖിലേന്ത്യാ സെവൻസിലെ ഫൈനൽ ലൈനപ്പായി. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തിയതോടെ ഫൈനലിൽ ജയ തൃശ്ശൂരുമായി ആരു മുട്ടും എന്ന തീരുമാനമായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്കൈ ബ്ലൂ എടപ്പാളിനെ ശാസ്ത പരാജയപ്പെടുത്തിയത്. ശാസ്തയുടെ സീസണിൽ മൂന്നാം ഫൈനലാണിത്. സീസണിൽ ഇതുവരെ ശാസ്ത കിരീടം നേടിയിട്ടില്ല. ജയക്കും ആദ്യ ഫൈനലാണ്. ഇന്ന് രാത്രി 8.30നാണ് ഫൈനൽ മത്സരം നടക്കുക. സെവൻസിന് ഈ സീസണിൽ പുതിയ ഒരു കിരീട ജേതാവിനെ ഇന്ന് കിട്ടും.
പൊന്നാനി അഖിലേന്ത്യാ സെവൻസിൽ എഫ് സി പെരിന്തൽമണ്ണയ്ക്കു വിജയം. ജിംഖാന തൃശ്ശൂരിനെ ടോസിലാണ് എഫ് സി പെരിന്തൽമണ്ണ പരാജയപ്പെടുത്തിയത്. ചാർലേസ് നേടിയ ഗോളിന് മുന്നിലെത്തിയ ജിംഖാനയെ എഫ് സി പെരിന്തൽമണ്ണ നിശ്ചിത സമയത്തേക്ക് സമനിലയിൽ പിടിക്കുകയായിരുന്നു. പെനാൾട്ടിയിലും വിജയികളെ കണ്ടെത്താൻ പറ്റാത്തതു കൊണ്ടാണ് കളി ടോസിൽ എത്തിയത്. ഇന്ന് പൊന്നാനിയിൽ എഫ് സി കൊണ്ടോട്ടി സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.
കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിലും ഇന്നലെ ടോസിലാണ് തീരുമാനമായത്. ഷൂട്ടേഴ്സ് പടന്നയും ഹയർ സബാൻ കോട്ടക്കലുക് ഏറ്റുമുട്ടിയ മത്സരത്തിൽ ടോസിൽ ഷൂട്ടേഴ്സ് പടന്ന വിജയിക്കുകയായിരുന്നു. നിശ്ചിത സമയത്ത് കളി ഗോൾ രഹിത സമനിലയിൽ ആയിരുന്നു. ഇന്ന് കാഞ്ഞങ്ങാട് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് ടൗൺ ടീം അരീക്കോടിനെ നേരിടും.
കാഞ്ഞങ്ങാടും പൊന്നാനിയിലും മാത്രമല്ല മന്ദലാംകുന്നിലും ഇന്നലെ ടോസായിരുന്നു വിജയികളെ കണ്ടെത്തിയത്. മന്ദലാംകുന്നിൽ എഫ് സി കൊണ്ടോട്ടിയെ ആണ് ടോസ് ഭാഗ്യം രക്ഷിച്ചത്. ജിയോണി മൊബൈൽ ഉഷാ എഫ് സിയുമായി നടന്ന മത്സരം നിശ്ചിത സമയത്ത് 2-2 എന്ന നിലയിലാണ് അവസാനിച്ചത്. നാളെ മന്ദലാംകുന്നിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും.
ചാലിശ്ശേരിയിൽ ഫ്രണ്ട്സ് മമ്പാടും എ വൈ സി ഉച്ചാരക്കടവും ഏറ്റുമുട്ടിയപ്പോൾ എ വൈ സി പെനാൾട്ടി ഷൂട്ടൗട്ടിൽ വിജയം കരസ്ഥമാക്കി. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു സ്കോർ. ഇന്ന് ചാലിശ്ശേരിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ശാസ്താ മെഡിക്കൽസ് തൃശ്ശൂരുമായി ഏറ്റുമുട്ടും.
മമ്പാട് അഖിലേന്ത്യാ സെവൻസിൽ ആതിഥേയരായ ഫ്രണ്ട്സ് മമ്പാട് എതിരില്ലാത്ത നാലു ഗോളുകൾക്ക് എഫ് സി മുംബൈയെ പരാജയപ്പെടുത്തി. ഇന്ന് മമ്പാടിൽ മെഡിഗാഡ് അരീക്കോട് അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.