മാവൂരിൽ ഗോൾ മഴക്കൊടുവിൽ ജവഹർ മാവൂരിന് ജയം

ജവഹർ മാവൂർ അഖിലേന്ത്യാ സെവൻസിൽ ആതിഥേയർ ഇറങ്ങിയപ്പോൾ ഗോൾ മഴ തന്നെ പെയ്തു. പത്തു ഗോളുകൾ പിറന്ന മത്സരത്തിൽ 6-4 എന്ന സ്കോറിനായിരുന്നു ഹണ്ടേഴ്സ് കൂത്തുപറമ്പിനെതിരെ ജവഹർ മാവൂരിന്റെ വിജയം. തുടക്കത്തിൽ ഗോൾവേട്ടയോടെ മുന്നേറിയ ജവഹർ മാവൂരിന് മത്സരം എളുപ്പമാകും എന്നു തോന്നിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് ഹണ്ടേഴ്സ് കൂത്തുപറമ്പ് നടത്തിയത്. അവസാന നിമിഷങ്ങളിൽ ഒപ്പമെത്താൻ വേണ്ടി പൊരുതിയ ഹണ്ടേഴ്സിനു മുന്നിൽ പിടിച്ചു നിൽക്കാൻ സ്വന്തം നാടായിട്ടും ജവഹർ മാവൂർ ഒന്നു കഷ്ടപ്പെട്ടു. ജവഹറിന്റെ വിജയം സ്വന്തം നാട്ടുകാർക്ക് ആവേശമായി.

എടക്കര പാലാട് അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനൽ ആദ്യ പാദത്തിൽ മുസാഫിർ എഫ് സി അൽ മദീനയെ അൽ ശബാബ് ത്രിപ്പനച്ചി പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അൽ ശബാബിന്റെ വിജയം. ഹാൻഡ് ബോളിനു കിട്ടിയ പെനാൾട്ടിയിൽ നിന്നായിരുന്നു അൽ ശബാബ് ത്രിപ്പനച്ചി ഗോൾ നേടിയത്. ഇരുടീമുകളും തമ്മിലുള്ള സെമി ഫൈനൽ രണ്ടാം പാദം ഞായറാഴ്ച രാത്രി നടക്കും.

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ നടന്ന അത്യുജ്ജല പോരാട്ടത്തിൽ ബേസ് പെരുമ്പാവൂർ ഉഷാ എഫ് സിയെ വീഴ്ത്തി. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബേസ് പെരുമ്പാവൂരിന്റെ വിജയം. ബേസ് പെരുമ്പാവൂരിന്റെ സീസണിലെ മൂന്നാമത്തെ ജയം മാത്രമാണിത്. ജിയോണി മൊബൈൽ ഉഷാ എഫ് സി അവസരങ്ങൾ പാഴാക്കുന്നതിൽ ഇന്നും മടികാണിച്ചില്ല. ഒരു സെന്റർ ഫോർവേഡിന്റെ കുറവ് ഇനിയും ഉഷാ എഫ് സി നികത്താത്തത് അവരു കളിക്കുന്ന മികച്ച ഫുട്ബോളിന് ഫലം ഇല്ലാതെയാക്കുകയാണ്.

പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ ഒരൊറ്റ ഗോളിന്റെ ആനുകൂല്യത്തിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് ഹയർ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തി. തുടക്കത്തിൽ ഒരു ഗോളിന് ബ്ലാക്ക് & വൈറ്റ് മുന്നിട്ടു നിന്നെങ്കിലും പിന്നീട് മികച്ച പ്രകടനമാണ് ഹയർ സബാൻ കോട്ടക്കൽ നടത്തിയത്. രണ്ടാം പകുതിയിൽ സബാൻ കോട്ടക്കലിന് ലഭിക്കേണ്ട പെനാൾട്ടുയെന്നുറപ്പിച്ച് ഹാൻഡ് ബോൾ ലൈൻ റഫറി പെനാൾട്ടി വിളിക്കാതിരുന്നത് സംഘർഷത്തിനു വഴിവെച്ചു.

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോടിനെ പരാജയപ്പെടുത്തി. അൽ മദീനയോട് കഴിഞ്ഞ ദിവസം പരാജയപ്പെട്ട ടൗൺ ടീം അരീക്കോടിന് ഈ‌ ജയം വീണ്ടും ഊർജ്ജം നൽകും. തുടർച്ചയായ മൂന്നാം പരാജയമാണ് ഫിറ്റ് വെൽ കോഴിക്കോടിന്റേത്.

എടപ്പാളിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എഫ് സി ഗോവയെ പരാജയപ്പെടുത്തി മെഡിഗാഡ് അരീക്കോട് വിജയവഴിയിലേക്ക് തിരിച്ചുവന്നു. അവസാന നാലു മത്സരങ്ങളും പരായപ്പെട്ടിരിക്കുകയായിരുന്നു മെഡിഗാഡ് അരീക്കോട്. എഫ് സി ഗോവയുടെ സീസണിലെ തുടർച്ചയായ അഞ്ചാം പരാജയമാണ് ഇത്. ബേക്കൽ അഖിലേന്ത്യാ സെവൻസിൽ ഷൂട്ടേർസ് പടന്ന എ വൈ സി ഉച്ചാരക്കടവിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ആറു മത്സരങ്ങൾക്കു ശേഷമാണ് എ വൈ സി ഉച്ചാരക്കടവ് പരാജയമറിയുന്നത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal