ആവേശ പോരാട്ടത്തിൽ ജവഹർ മാവൂരിന് ടോസിൽ ജയം

- Advertisement -

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ നടന്ന ആവേശ പോരാട്ടത്തിൽ വിജയികളെ കണ്ടെത്താൻ ടോസ് വരേണ്ടി വന്നു. ജിംഖാന തൃശ്ശൂരും ജവഹർ മാവൂരും ഏറ്റുമുട്ടിയ മത്സരത്തിൽ തുടക്കം ജവഹറിന്റേതായിരുന്നു. തുടക്കത്തിൽ തന്നെ രണ്ടു ഗോളിനു മുന്നിലെത്തിയ ജവഹർ മത്സരം കയ്യിലാക്കി എന്നു തോന്നിയ സമയത്താണ് ജിംഖാന ഉണരുന്നത്. പിന്നീട് വൻ തിരിച്ചുവരവ് നടത്തിയ ജിംഖാന രണ്ടു ഗോളും മടക്കി നിശ്ചിത സമയത്തേക്ക് 2-2 എന്ന നിലയിലാക്കി, എക്സ്ട്രാ ടൈമിലും ഒപ്പത്തിനൊപ്പം നിന്ന ടീമുകൾ പെനാൾട്ടിയിൽ എത്തിയപ്പോഴും സമം. അവസാനം ടോസായി രക്ഷ. ഒരിക്കലും തുണക്കാത്ത ഭാഗ്യം ജവഹറിനെ കൊണ്ടോട്ടിയിൽ തുണച്ചു.

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവിനെ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ വിജയം. ജയത്തോടെ അൽ ശബാബ് ത്രിപ്പനച്ചിയോടേറ്റ വമ്പൻ പരാജയത്തിൽ നിന്നുള്ള കരകയറലായി ശാസ്തയ്ക്ക്. വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഫിറ്റ് വെൽ കോഴിക്കോടിനെ കീഴടക്കി.

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഒരു ഗോളിനു പിറകിൽ നിന്ന ശേഷം തിരിച്ചു വന്ന സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഗംഭീര ജയം. ജയ എഫ് സി തൃശ്ശൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൂപ്പർ സ്റ്റുഡിയോ പരാജയപ്പെടുത്തിയത്. തൃക്കരിപ്പൂർ അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് വിജയിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രദേഴ്സ് വളവക്കാടിനെയാണ് മെഡിഗാഡ് അരീക്കോട് പരാജയപ്പെടുത്തിയത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement