പൊന്നാനിയിലെ കിരീടം ചൂടി ജവഹർ മാവൂർ

പൊന്നാനി അഖിലേന്ത്യാ സെവൻസിൽ ഇന്നലെ ഉയർത്തേണ്ടിയിരുന്ന കിരീടം ഒരു ദിവസം വൈകി ജവഹർ മാവൂർ ഉയർത്തി. ഇന്നലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം മാറ്റി വെച്ച് ഫൈനൽ മത്സരം ഇന്ന് നടന്നപ്പോൾ സ്കൈ ബ്ലൂ എടപ്പാളിനെ തച്ചുതകർത്തു കൊണ്ടാാന് ജവഹർ മാവൂർ കിരീടം ഉയർത്തിയത്. സീസണിലെ ജവഹർ മാവൂരിന്റെ ആദ്യ കിരീടമാണിത്.

തുടക്കം മുതൽ സ്കൈ ബ്ലൂ എടപ്പാളിനെ നിലം തൊടാൻ വിടാതെ ആക്രമണങ്ങൾ അഴിച്ചുവിട്ട ജവഹർ മാവൂർ ഇടവേളകളിൽ ഇടവേളകളിൽ ലക്ഷ്യവും കണ്ടു. ഒലീവയും ആസിഫും ആക്രമണങ്ങളുടെ ചുക്കാൻ പിടിച്ചപ്പോൾ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജവഹറിന്റെ ജയം. ജവഹറിനു വേണ്ടി ഒലീവ രണ്ടു ഗോളുകൾ നേടി. ആസിഫും മിർജാസുമാണ് ബാക്കി ഗോളുകൾ നേടിയത്.

ഹയർ സബാൻ കോട്ടക്കലിനെ മറികടന്നായിരുന്നു ജവഹർ ഫൈനലിലേക്ക് കടന്നത്. സെമി ഫൈനലിലും 4-1 എന്ന സമാന സ്കോറിനായിരുന്നു ജവഹറിന്റെ വിജയം. സെമിയും ഫൈനലും ഉൾപ്പെടെ പൊന്നാനിയിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ നാലിലും ജവഹർ മാവൂർ നാലു ഗോളുകൾ നേടിയിട്ടുണ്ട്. അഞ്ചു മത്സരങ്ങളിൽ നിന്നായി 18 ഗോളുകളാണ് ജവഹർ പൊന്നാനിയിൽ അടിച്ചു കൂട്ടിയത്.